കൊച്ചി: കൊടുങ്കാറ്റും പേമാരിയും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഒരുപാട് കണ്ട കാർഷിക ജില്ലയായ ഇടുക്കിയുടെ മണ്ണിൽ നിന്നാണ് പി ടി തോമസിൻറെ (കരള രാഷ്ട്രീയത്തിലേക്കുളള വരവ്. അതുകൊണ്ടുതന്നെ  കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏതു കൊടുങ്കാറ്റിലും പേമാരിയിലും   പിന്തിരിഞ്ഞോടാതെ പിടിച്ചു നിന്നിടത്താണ്  പി.ടി.തോമസ് എന്ന നേതാവിൻറെ വളർച്ച. സ്വന്തം നിലപാടിൽ ഉറച്ചു നിന്നു എന്നതിൻറെ പേരിൽ നിരവധി വേട്ടയാടലുകളും രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളും അനവധി തവണ പി.ടി തോമസിനുണ്ടായി.

സിറ്റിങ് എം പിയായിരിക്കെ ഗാഡ്ഗിൽ – കസ്തൂരി രംഗൻ വിഷയത്തിലടക്കം പാർട്ടിയും സഭയും എന്തിന് സ്വന്തം നാടും നാട്ടുകാരും പോലും  തളളിപ്പറഞ്ഞിട്ടും നിലപാടിൽ നിന്ന് പിന്നാക്കം പോകാതിരുന്ന പിടി തോമസ് ഇതുവഴി കോൺഗ്രസിനുളളിൽ തന്നെ സ്വന്തം നിലപാടുതറ കെട്ടിപ്പടുക്കുകയായിരുന്നു. കടുത്ത എ ഗ്രൂപ്പുകാരനായി ഇരുന്നപ്പോഴും ഗ്രൂപ്പ് നിശ്ചയിക്കുന്ന വളയത്തിലൂടെ ചാടിപ്പരിചയിച്ചയാളല്ല പി.ടി തോമസ്.  അതുകൊണ്ടാണ് പാർട്ടിക്കുളളിലും പുറത്തും സ്വന്തം വ്യക്തിത്വം കെട്ടിപ്പടുത്ത് പിടി തോമസ് പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ടീയത്തിൽ നിറഞ്ഞു നിൽക്കുന്നത്.

ഇടുക്കി പാറത്തോട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച പിടി തോമസ് കാർഷിക പ്രശ്‌നങ്ങൾ ഉയർത്തിയാണ് പൊതുരംഗത്ത് ശ്രദ്ധയാകർഷിച്ചത്.   പാറത്തോട് സ്‌കൂളിൽ വിദ്യാർഥിയായിരക്കുമ്പോൾ തന്നെ സംസ്ഥാനത്തെ മികച്ച പ്രസാംഗികനെന്ന ഖ്യാതി പി.ടി നേടി. എന്നാൽ പിടി തോമസിൻറെ നേതൃപാടവത്തെ  തേച്ചുമിനുക്കിയെടുത്തത് തിരുവനന്തപുരം മാർ ഇവാനിയോസിലേയും  തൊടുപുഴ ന്യൂമാൻ കോളജിലേയും എറണാകുളം മഹരാജാസിലേയും  പഠന കാലഘട്ടമാണ്. മാർ ഇവാനിയോസ് കോളജിൽ കെ എസ് യു യൂണിറ്റ് പ്രസിഡൻറായി തുടങ്ങിയ രാഷ്ടീയ ജീവിതം  എൻ എസ് യു ഐയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗത്വം  വരെയെത്തി.  എറണാകുളം ലോ കോളജിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ്  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാകുന്നത്.

1989-ൽ ഇടുക്കി ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാർലമെൻററി രംഗത്തേക്ക് വരുന്നത്. തൊടുപുഴയിൽ നിന്ന് രണ്ടുതവണ നിയമസഭാംഗമായി. 2009-ൽ ഇടുക്കിയിൽ നിന്ന് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഗാഡ്ഗിൽ -കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് നിലപാടെടുത്ത പിടിതോമസിനെ 2014-ൽ കത്തോലിക്കാ സഭയും കർഷക സംഘടനകളും തളളിപ്പറഞ്ഞു.
അക്കാലത്ത് മികച്ച പാർലമെന്റേറിൻ എന്ന നിലയിൽ പി ടി തോമസ് ശ്രദ്ധൈയനായിരുന്നു. എന്നിട്ടും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ ഏറെ വിവാദങ്ങളിലേക്ക് പി ടി നയിക്കപ്പെട്ടു.

ജന്മനാട്ടിൽ പി.ടിക്കെതിരെ പ്രക്ഷോഭമുയർന്നു. ഇടുക്കി എം പിയുടെ പ്രതീകാത്മകശവഘോഷയാത്ര നടത്തിയ സംഭവം വലിയ കോളിളക്കം തന്നെയുണ്ടാക്കി. ഹൈറേഞ്ചിലെ ജനരോഷവും സഭയും സമ്മദ്ദവും ചേർന്നതോടെ സിറ്റിങ് എംപിയായിരുന്നിട്ടും പിടി തോമസിനെ കോൺഗ്രസും കൈവിട്ടു. എല്ലാവരും തളളിപ്പറഞ്ഞിട്ടും സ്വന്തം  നിലപാടിൽ വെളളം ചേർക്കാതിരുന്ന പിടിതോമസ് പറഞ്ഞതൊക്കെയും ശരിയായിരുന്നെന്ന് കാലം പ്രളയത്തിൻറെ രൂപത്തിൽ പിന്നീട് തെളിയിച്ചു.  

2016ൽ സോളാറിൻറെ പേരിൽ  ബെന്നി ബഹനാനെ ഹൈക്കമാൻറ് തെറിപ്പിച്ചപ്പോൾ എറണാകുളം തൃക്കാക്കരയിൽ നിന്ന്  നിയമസഭയിലേക്കെത്താനുളള നിയോഗം പി ടിയെ തേടിയെത്തി. എൽഡിഎഫ് തരംഗം കണ്ട ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര പി.ടിയെ കൈവിട്ടില്ല. ആദ്യ പിണറായി സർക്കാരിനെ നിയമസഭയിൽ പലതവണ വെളളം കുടിപ്പിച്ച പി ടി തോമസിൻറെ  നേതൃപാടവം തന്നെയാണ് ഒടുവിൽ ഹൈക്കമാൻറും അംഗീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയ്ക്കുശേഷം തലമുറമാറ്റം വേണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നപ്പോഴും മാറ്റത്തിൻറെ മുഖമായിട്ടാണ് ഈ എഴുപതുകാരൻ കെപിസിസി വർക്കിം?ഗ് പ്രസിഡന്റ് എന്ന പുതിയ ചുമതലയിലേക്ക് എത്തിയത്. പാർട്ടിയേയും മുന്നണിയേയും പുതുതലമുറയ്‌ക്കൊപ്പം മുന്നിൽ നിന്ന് നയിക്കാനുളള നിയോഗവുമായി സജീവമായി മുന്നോട്ട് പോകുന്നതിനിടെയാണ് പിടിയുടെ അപ്രതീക്ഷിത വിയോ?ഗം.

അണികളുടേയും സഹപ്രവർത്തകരുടേയും അത്താണിയായിരുന്നു പിടി. ഏതു സാധാരണക്കാരനും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. അണികളുടെ ഏത് പ്രശ്‌നത്തിനും പിടി പാറ പോലെ കൂടെ നിന്നു. പാർട്ടിക്ക് പുറത്തും വലിയൊരു സൗഹൃദവലയം പിടിക്കുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സാ സഹായം നൽകിയ വിഷയത്തിലടക്കം പാർട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായൊരു നിലപാടാണ് പിടി സ്വീകരിച്ചത്.

പാർട്ടിയിലെ യുവനേതാക്കൾക്ക് ഒരേസമയം സ്‌നേഹസമ്പന്നനും കടുപ്പക്കാരനുമായ ജേഷ്ഠസഹോദരനായിരുന്നു പിടി. മുതിർന്ന നേതാക്കൾക്ക് ശരിക്കൊപ്പം നില കൊള്ളുന്ന ഒറ്റയാനും. കരുത്തുറ്റൊരു നേതാവിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലും ശൂന്യതയും അതിനാൽ തന്നെ കെ.സുധാകരൻ മുതൽ ഷാഫി പറമ്പിൽ കോൺ?ഗ്രസിലെ എല്ലാ വിഭാ?ഗം നേതാക്കളുടെ പ്രതികരണത്തിലും പ്രകടമാണ്.  

 
 

LEAVE A REPLY

Please enter your comment!
Please enter your name here