കോഴിക്കോട്: കെ റെയിൽ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ചെറുവണ്ണൂരിൽ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കല്ലിടാനാകാതെ കെ റെയിൽ സംഘം മടങ്ങി. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കൽ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയിൽ അധികൃതർ വിശദീകരിക്കുന്നത്.

കേരള റെയിൽ ഡവലപ്‌മെൻറ് കോർപറേഷൻ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കായുളള അതിർത്തി നിർണയിക്കുന്ന കല്ലിടലാണ് വിവിധയിടങ്ങളിൽ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായുളള അതിരടയാള കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് കോഴിക്കോട് ചെറുവണ്ണൂരിലും സംഘർഷത്തിലെത്തിച്ചത്. പ്രതിഷേധത്താക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും കല്ലിടൽ പൂർത്തിയാക്കാനായില്ല.

കോഴിക്കോട് കോർപറേഷനിലെ 46 ാം ഡിവിഷൻറെ ഭാഗമായ ഈ പ്രദേശത്തെ വീടുകൾക്ക് മുന്നിലുൾപ്പെടെ നേരത്തെ കല്ലിട്ട് പോയത് വലിയ പ്രതിഷേധത്തിനിടയാക്കിയരുന്നു. ചർച്ച നടത്താതെയും സംശയങ്ങൾ ദുരീകരിക്കാതെയുമാണ് പൊലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥരെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

സിൽവർ ലൈൻ കടന്ന് പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടികൾ പൂർത്തിയാക്കാൻ സ്‌പെഷ്യൽ തഹസിൽദാർമാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടൽ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റർ നീളത്തിൽ അറുന്നൂറോളം കല്ലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കല്ലിടൽ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പദ്ധതി പ്രദേശങ്ങളിൽ ആക്ഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here