ശബരിമല : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള  ഘോഷയാത്ര ശനിയാഴ്‌ച ഉച്ചക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും. വൈകിട്ട്‌ പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര‌യ്‌ക്ക് 5 മണിയോടെ ശരംകുത്തിയില്‍ ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ശബരിമല ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജിച്ചു നല്‍കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ്  ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന  സംഘമാണ് തങ്ക അങ്കിയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുക. പതിനെട്ടാംപടിക്ക്‌ മുകളിൽദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും.

സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍  ചാര്‍ത്തും തുടർന്ന്‌  6.30ന് ദീപാരാധന നടക്കും. ഞായർ പകൽ 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. രാത്രി 9.50 ന് ഹരിവരാസനം പാടി 10ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീര്‍ത്ഥാടനത്തിന്‌ സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട്‌ 5ന്‌ ക്ഷേത്രനട തുറക്കും. ജനുവരി 14നാണ്‌ മകരവിളക്ക്‌.

25ന്‌ തീർഥാടകരെ നിയന്ത്രിക്കും

തങ്ക അങ്കി  ഘോഷയാത്ര സന്നിധാനത്തെത്തുന്ന 25ന് വൈകീട്ട് അയ്യപ്പൻമാരെ കയറ്റിവിടുന്നതിന് നിയന്ത്രണമുണ്ടാകും. പകൽ 1.30നാണ് തങ്ക അങ്കി പമ്പയിലെത്തുക. മൂന്നിന് പമ്പയിൽ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. 6.30ന്‌  തങ്ക അങ്കി സന്നിധാനത്തെത്തും.  തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാൻ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് എക്‌സിക്യുട്ടിവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ  അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here