തിരുവനന്തപുരം: കോൺഗ്രസ് എം പി ശശി തരൂർ കെ റെയിലിന് അനുകൂലമായി നിലപാടെടുത്തത് ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ എം പി. കെ റെയിൽ പ്രായോഗികമല്ലെന്ന് കോൺഗ്രസ് നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതാണ്. വിദഗ്ദ സമിതി റിപ്പോർട്ട് അദ്ദേഹത്തിന് അയച്ചതുമാണ്. അതിനാൽ തരൂർ കെ റെയിൽ വിഷയത്തിൽ പാർട്ടിക്കൊപ്പം നിൽക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

പത്ത് വർഷം കാലാവധിയുള്ള പദ്ധതി പൂർത്തിയാകുമ്പോൾ സിപിഎം ജീവിച്ചിരിക്കുമോയെന്ന് മുരളീധരൻ പരിഹസിച്ചു. സ്വന്തം പോലീസിനെ ഗുണ്ടകളിൽ നിന്നും രക്ഷിക്കാൻ സാധിക്കാത്ത പിണറായിയാണ് സമരക്കാരെ കയ്യേറ്റം ചെയ്യുമെന്ന് വീമ്പിളക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച കെ കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെടുമ്പാശേരി വിമാനത്താവളത്തിന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാരാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

അതേസമയം കെ റെയിൽ വിഷയത്തിൽ കോൺഗ്രസ് നിലപാടിനു വിരുദ്ധമായി പ്രതികരിച്ച തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. പാർട്ടി എം പിമാർ പാർട്ടിയ്ക്ക് വഴിപ്പെടണമെന്നും ശശി തരൂരിനോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. പാർട്ടിയ്ക്ക് വിധേയപ്പെടാത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ വ്യക്തമാക്കി.

സിൽവർ ലൈൻ നടപ്പിലാക്കി ചരിത്ര പുരുഷനാകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു,  നവോഥാന നായകനാകാൻ ശ്രമിച്ച് ഓടിയൊളിച്ചതു പോലെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള ശ്രമവും ഒരു ദുരന്തമായി പര്യവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണവെയാണ് കോൺഗ്രസ് നേതാവിൻറെ വിമർശനങ്ങൾ.

ുഡിഎഫ് കാലത്ത് വിഴിഞ്ഞം കൊണ്ടുവന്നപ്പോൾ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പദ്ധതിയാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും അധികാരത്തിൽ വന്നപ്പോൾ അദാനിയുമായി സമരസപ്പെടുകയും ചെയ്ത വ്യക്തിയാണ് പിണറായി. അങ്ങനെയുള്ളയാൾ വികസന വിരുദ്ധതയുടെ തൊപ്പി ഞങ്ങളുടെ തലയിൽ ചാർത്താൻ ശ്രമിക്കേണ്ട. വികസന വിരുദ്ധതയുടെ തൊപ്പി കേരളത്തിൽ ഏറ്റവുമധികം യോജിക്കുന്നത് പിണറായിക്കും സിപിഎമ്മിനുമാണെന്നും വിഡി സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here