കൊച്ചി ; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണ സംഘം നിയമോപദേശം തേടും. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാറിന്റെ മൊഴി ഇതിന്റെ ഭാഗമായി രേഖപ്പെടുത്തുമെന്നറിയുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വേളയിൽ സാക്ഷികൾ കൂട്ടമായി കൂറുമാറുന്ന സാഹചര്യത്തിലുണ്ടായ വെളിപ്പെടുത്തൽ അന്വേഷണ സംഘം ഗൗരവമായാണ് എടുക്കുന്നത്. കേസിൽ വിചാരണ കോടതിക്കെതിരെ പ്രൊസിക്യൂഷൻ ഹൈക്കോടതി സമീപിച്ചിരുന്നു. പുനർവിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂർണമായും അംഗീകരിക്കാത്തതിന് എതിരെയാണ് പ്രൊസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രൊസിക്യൂഷൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ദിലീപിനെ നായകനാക്കി ‘പിക് പോക്കറ്റ്’ എന്ന സിനിമ മുമ്പ് പ്രഖ്യാപിച്ചിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറാണ് മലയാളത്തിലെ വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് താൻ പൾസുനിയെ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നത്.

ജാമ്യത്തിലിറങ്ങി നാൽപത് ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വി.ഐ.പി എത്തിച്ചിരുന്നുവെന്നും. ഇത് ദിലീപും സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതായും ബാലചന്ദ്രകുമാർ.

2016 ഡിസംബറിൽ ദിലീപിന്റെ വിട്ടിൽ എത്തിയപ്പോൾ പൾസർ സുനിയോടും ദിലീപിന്റെ സഹോദരൻ അനുപിനോടുമൊപ്പം താൻ കാറിൽ സഞ്ചരിച്ചുവെന്നും ഈ ഘട്ടത്തിൽ ഇത്രയധികം പൈസ ബസിൽ കൊണ്ടു പോകുന്നത് സുരക്ഷിതമാണോ എന്ന് അനൂപ് പൾസർ സുനിയോട് ചോദിച്ചുവെന്നും ബാലചന്ദ്രകുമാർ അഭിമുഖത്തിൽ പറയുന്നു. നിരന്തരം ദിലീപ് പൾസർ സുനിയുമായുള്ള തന്റെ ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും കേസിൽ ജാമ്യം കിട്ടിയപ്പോൾ തന്നെ വിളിച്ചിരുന്നതായും ഇതിന് രേഖകളുണ്ടെന്നും ബാലചന്ദ്രകുമാർ. ദിലീപുമായുള്ള പൾസർ സുനിയുടെ ബന്ധത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ദിലീപിന്റെ ബന്ധുക്കൾ തന്നെ നിർബന്ധിച്ചുവെന്നും ബാലചന്ദ്രകുമാർ  വെളിപ്പെടുത്തി. പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം പുറത്തു പറഞ്ഞാൽ തന്റെ ജാമ്യത്തെ അതൊരുപക്ഷേ ബാധിച്ചേക്കാമെന്ന് ദിലീപ് പറഞ്ഞതായും ബാലചന്ദ്രകുമാർ.
 
2017 ഫെബ്രുവരി 17ന് കൊച്ചിയിൽ നടിയെ തട്ടികൊണ്ടുപോകുകയും ലൈംഗികമായി ഉപദ്രവിച്ചുവെന്നതുമാണ് കേസ്. സംഭവം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 23ന് മലയാള സിനിമാ മേഖലയിൽ പലരുമായും അടുത്ത ബന്ധമുള്ള, പൾസർ സുനി എന്ന പേരിൽ അറിയപ്പെടുന്ന ഡ്രൈവർ അറസ്റ്റിലായി. 2017 ജൂലായിലാണ് കേസിൽ ദിലീപ് അറസ്റ്റിലാകുന്നത്. ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പൾസർ സുനി നടിയെ തട്ടിക്കൊണ്ടു പോകുകയും ആക്രമിക്കുകയും ചെയ്തത് എന്നതാണ് പ്രൊസിക്യൂഷന്റെ വാദം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈമാറാൻ ദിലീപ് പൾസർ സുനിയോട് ആവശ്യപ്പെട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

2017 നവംബർ പതിനഞ്ചിന് ദിലീപിന്റെ വീട്ടിൽ താനെത്തിയപ്പോൾ ദിലീപും, കുടുംബാംഗങ്ങളും, ഒരു വി.ഐ.പിയും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വീട്ടിൽ വെച്ച് കണ്ടുവെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ‘പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോ’ എന്ന് എല്ലാവരോടുമെന്ന പോലെ ദീലീപ് ചോദിച്ചതായും ബാലചന്ദ്രകുമാർ പറയുന്നു.

നടി ആക്രമിക്കപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം 2017 ഫെബ്രുവരി 20നാണ് അഭിഭാഷകനായ ഇ.സി പൗലോസ് അങ്കമാലി മജിസ്‌ട്രേറ്റിന് മുമ്പിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് സമർപ്പിക്കുന്നത്. പൾസർ സുനി സൂക്ഷിക്കാൻ തന്നതാണ് എന്നായിരുന്നു ഇ.സി പൗലോസ് പറഞ്ഞിരുന്നത്. തുടർന്ന് ഈ വീഡിയോ കോടതിയുടെ കൈവശമായിരുന്നു. 2017 ഡിസംബർ 15ന് മാത്രമാണ് ദിലീപിനും ദിലീപിന്റെ അഭിഭാഷകർക്കും മജിസ്‌ട്രേറ്റ് ചേംബറിൽ ദൃശ്യങ്ങൾ കാണാനുള്ള അനുമതി ലഭിച്ചത്. അന്ന് വീഡിയോയിലെ ശബ്ദം എൻഹാൻസ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫോറൻസിക് അനാലിസിസും ഉണ്ട്. പക്ഷേ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പ്രകാരം 2017 നവംബർ 15ന് തന്നെ ദിലീപ് ദൃശ്യങ്ങൾ കണ്ടുവെന്നാണ് പറയുന്നത്. അതിൽ ശബ്ദം വ്യക്തമായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ഒരുമാസത്തിന് ശേഷം 2018 ജനുവരി 15ന് ഹെഡ്‌ഫോൺ ഉപയോഗിച്ച് കടുത്ത നിയന്ത്രണത്തിലാണ് താൻ ദൃശ്യങ്ങൾ കണ്ടതെന്നും ഈ ദൃശ്യങ്ങൾ തനിക്കെതിരെ പൊലീസ് കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന് വ്യക്തമാക്കുന്നുണ്ടെന്നും കാണിച്ച് മറ്റൊരു പരാതി നൽകി. വീഡിയോയിലെ ചില സംഭാഷണങ്ങളാണ് ദിലീപ് തെളിവായി വെച്ചത്. വീഡിയോയും പകർപ്പ് നൽകണമെന്നും ദിലീപ് പരാതിയിൽ ആവശ്യപ്പെട്ടു.

പ്രൊസിക്യൂഷൻ 2018 ജനുവരി 22 ന് ദിലീപിന്റെ പരാതിക്കെതിരായി മറ്റൊരു പരാതി സമർപ്പിച്ചു. ഇതിൽ തികച്ചും അവ്യക്തമായ സംഭാഷണ ശകലങ്ങൾ ദിലീപിന്റെ പരാതിയിൽ വ്യക്തമായി പറയുന്നത് പ്രതിയുടെ കൈവശം ദൃശ്യങ്ങൾ നേരത്തേ എത്തി എന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വീഡിയോയെക്കുറിച്ചും ഓഡിയോയെക്കുറിച്ചുമുള്ള ദിലീപിന്റെ വിശദമായ വിമർശനങ്ങൾ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള സ്റ്റുഡിയോയിൽ വെച്ച് ദിലീപ് നേരത്തെ തന്നെ ഈ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ഉടമസ്ഥതതയിലുള്ള ലക്ഷ്യ ഓഫീസിൽ ഈ ദൃശ്യങ്ങൾ പൾസർ സുനി എത്തിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു വാദം.

ദിലീപിന്റെ അഭിഭാഷകർ സാക്ഷികളിലൊരാളായ സാഗറിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മറ്റൊരു ആരോപണം. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനുപൂം തമ്മിൽ സാഗറിനെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് താൻ കേട്ടതായാണ് ബാലചന്ദ്രകുമാർ പറയുന്നത്. 2017 ഫെബ്രുവരി 22 ന് അറസ്റ്റിലാകുന്നതിന് ഒരു ദിവസം മുൻപ് പൾസർ സുനി ലക്ഷ്യ സ്റ്റോർസിൽ എത്തിയെന്നാണ് സാഗർ പറഞ്ഞത്. മജിസ്‌ട്രേറ്റിന് മുമ്പിലും സാഗർ ഇത് പറഞ്ഞിരുന്നു. എന്നാൽ ലക്ഷ്യയിലെ സി.സി.ടി.വി ദൃശ്യങ്ങൾ കാണാനില്ലായിരുന്നു. വിചാരണ വേളയിൽ സാഗർ ഈ മൊഴി മാറ്റിപ്പറയുകയും ചെയ്തു. സാഗറിന്റെ സുഹൃത്ത് സുനീറിനും ഇക്കാര്യം അറിയാമായിരുന്നു. സുനീർ മജിസ്‌ട്രേറ്റിന് നൽകിയ സ്റ്റേറ്റ്‌മെന്റിൽ ഉറച്ച് നിൽക്കുകയും സ്‌പെഷ്യൽ സി.ബി.ഐ കോടതിയിൽ പോയി പൾസർ സുനിയുടെ കാര്യം പറയുകയും ചെയ്തു. മൊഴി മാറ്റാൻ സാഗറിന് ദിലീപിന്റെ വക്കീലിന്റെ സമ്മർദ്ദമുണ്ടായിരുന്നുവെന്നും സുനീർ പറഞ്ഞു. സുനീർ പറഞ്ഞ കാര്യങ്ങളാണ് ബാലചന്ദ്രകുമാറും ആവർത്തിക്കുന്നത്. ദിലീപിന്റേതാണെന്ന് അവകാശപ്പെട്ടുള്ള ചില വോയ്സ് റെക്കോർഡുകൾ റിപ്പോർട്ടർ ടി.വി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here