ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല്‌പേർ മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. രണ്ട് ലോറികൾക്കിടയിൽ മലയാളികൾ സഞ്ചരിച്ച കാറും മറ്റൊരു കാറും പെടുകയായിരുന്നു. നാല് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റു നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചി, കോഴിക്കോട്, സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ആദർശ്, കൊച്ചി തമ്മനം സ്വദേശിനി കെ ശിൽപ എന്നിവരാണ് മരിച്ചതെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. ഇവർ എല്ലാവരും. ഇവർ ഐടി ജീവനക്കാരാണ്.

മലയാളികൾ സഞ്ചരിച്ച വാഗണർ കാറിന് പിന്നിൽ ഒരു ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇവരുടെ വാഹനം മുന്നിലുണ്ടായിരുന്ന ക്വാളിസുമായും കൂട്ടിയിടിച്ചു. ഇതോടെ ഈ വാഹനം തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. രണ്ട് ലോറികളുടെ ഇടയിൽപ്പെട്ട് കാറുകൾ തകർന്നു എന്നാണ് റിപ്പോർട്ട്.

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽപ്പെട്ട് നാല് പേരുടെയും ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here