തിരുവനന്തപുരം: കൊവിഡ്, ഒമിക്രോൺ കേസുകൾ അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ വീണ്ടും അവലോകന യോഗം ചേരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുന്നത്. യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനത്തിലടക്കം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥ തലത്തിൽ ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനമായി കൊവിഡ് അവലോകന യോഗം ചേർന്നത്. സ്കൂളുകൾ അടയ്ക്കണമെന്നും വാരാന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും യോഗത്തിൽ നിർദേശങ്ങൾ ഉയർന്നെങ്കിലും തീരുമാനമായിരുന്നില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ പോലുള്ള സ്വകാര്യ ച‌ടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 50 പേരായി ചുരുക്കാൻ മാത്രമാണ് തീരുമാനമായത്. പ്രതിദിന രോഗബാധ ആറായിരത്തിൽ താഴെയും സ്ഥിരീകരണ നിരക്ക് 12.7 ശതമാനവുമായിരുന്നു യോഗം ചേർന്ന സമയത്തുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പന്ത്രണ്ടായിരത്തിലധികം പേരിലാണ് രോഗം കണ്ടെത്തിയത്. സ്ഥിരീകരണ നിരക്ക് 17 പിന്നിടുകയും ചെയ്തു.


കേരളത്തിലാദ്യമായി പത്തനംതിട്ടയിലെ ഒരു സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒമിക്രോൺ ക്ളസ്റ്റർ രൂപപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് വീണ്ടും അവലോകന യോഗം ചേരാൻ തീരുമാനമായത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോകുന്നതും നാളെ തന്നെ യോഗം ചേരാനുള്ല മറ്റൊരു കാരണമാണ്.

കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റിയാകും യോഗത്തിൽ പ്രധാനമായും ചർച്ചചെയ്യുക. സ്കൂളുകളിൽ നിയന്ത്രണം കൊണ്ടുവരിക, ഓഫീസുകളിലെ ഹാജർ നില കുറയ്ക്കുക, പൊതുവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുക, വാരാന്ത്യ നിയന്ത്രണം നടപ്പിലാക്കുക തുടങ്ങിയ നിർദേശങ്ങൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പടെ മുന്നോട്ടു വച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇതിനോട് യോജിച്ചിരുന്നില്ല. സമ്പൂർണ ലോക്‌ഡൗൺ ഉടനുണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here