തിരുവനന്തപുരം : ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ  വിമർശനം്.
മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. സാധാരണക്കാരൻ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നുവെന്ന് ചില പ്രതിനിധികൾ വിമർശിച്ചു. ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു. ഇത് എങ്ങനെ എന്ന് മനസിലാകുന്നില്ലെന്ന് പൊതുചർച്ചയിൽ വർക്കലയിൽ നിന്നുള്ള പ്രതിനിധി വിമർശനം ഉയർത്തി. ഭരണം നടത്താൻ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവർ നോക്കിയാൽ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസിലാക്കണമെന്നാണ് പ്രതിനിധികൾ തുറന്നടിച്ചത്.  വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകാൻ വേണ്ട ഇടപെടൽ നടത്തണം. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പോലീസിനെ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അതുപോലുമില്ല. ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും, കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നത് പ്രതിരോധിക്കണമെന്നും ചില പ്രതിനിധികൾ ആവശ്യപ്പെട്ടു.

അതേസമയം, ജില്ലയിൽ ബിജെപിയുടെ ഭീഷണി അവഗണിക്കാൻ കഴിയുന്നതല്ലെന്ന് സിപിഎമ്മിന്റെ ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ച നേട്ടം ബിജെപി ജില്ലയിൽ ഉണ്ടാക്കിയില്ല. പക്ഷേ ചില മേഖലകളിൽ അവർ വളരുന്നു എന്ന് സിപിഎം റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട കുടുംബങ്ങൾ ബിജെപിയിലേക്കു പോകുന്നുണ്ടോയെന്ന് പരിശോധിക്കുകയും ബിജെപിയുടെ സ്വാധീനം തടയാനുള്ള പരിപാടികൾ ആവിഷ്‌കരിക്കുകയും വേണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ബിജെപിയുടെ വോട്ട് കൂടി. എൽഡിഎഫിന്റെ പരമ്പരാഗത കേന്ദ്രങ്ങളിലേക്ക് ബിജെപി കടന്നു കയറി. ജാതി സംഘടനകളെ ഉപയോഗിച്ച് പാർട്ടിയുടെ അടിസ്ഥാന ജന വിഭാഗങ്ങളിലേക്ക് ബിജെപി കയറുന്നതു തടയാൻ കഴിയണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ വോട്ട് ശതമാനം ഇത്തവണ ബിജെപിക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടി.

മുന്നണിയിലെ രണ്ടാം കക്ഷിക്കെതിരെയും രൂക്ഷമായ പരിഹാസം റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഒറ്റയ്ക്കു നിന്നാൽ ജില്ലയിലെ ഒരു പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ എന്നു റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ ഒരിടത്തു പോലും സിപിഐയ്ക്കു കാര്യമായ ശക്തിയില്ല. പക്ഷേ സിപിഎമ്മിനെ തന്നെ പലയിടത്തും തോൽപിക്കാൻ കഴിയുമെന്ന മട്ടിലാണ് അവർ പ്രവർത്തിക്കുന്നത്. പാർട്ടിയിലെ അസംതൃപ്തരെ സിപിഐയിലേക്ക് കൂട്ടാൻ അവർ ശ്രമിക്കുന്നുണ്ട്. സിപിഐയിൽ നിന്നു സിപിഎമ്മിലേയ്ക്ക് വരുന്ന രീതിയുമുണ്ട്. ജില്ലാ നേതൃത്വത്തിന്റെയും കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തനത്തെക്കുറിച്ച് കാര്യമായ വിമർശനങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നാണ് വിവരം. പൊതുവിൽ പാർട്ടി ഘടകങ്ങളുടെയും നേതാക്കളുടെയും പ്രവർത്തനത്തെക്കുറിച്ച് മതിപ്പ് പ്രകടിപ്പിക്കുന്നു.

എന്നാൽ മുൻ എം പിയായ എ.സമ്പത്ത് സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന പരാമർശമുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയിലെ പാർട്ടി അംഗസംഖ്യയിൽ നാലായിരത്തോളം പേരുടെ വർദ്ധനയുണ്ടായെന്ന് സി.പി.എം പറയുന്നത്. 37,000ത്തിൽ പരം അംഗങ്ങളായിരുന്നത് 41,000 പേരായി ഉയർന്നു. അതേസമയം, ജില്ലാകമ്മിറ്റിയുടെ അംഗസംഖ്യ പരമാവധി 47 പേരിൽ കൂടില്ലെന്നാണ് സൂചന. നിലവിൽ 47 അംഗങ്ങളാണ് ജില്ലാകമ്മിറ്റിയിൽ. ജില്ലാ സെക്രട്ടേറിയറ്റിൽ 11 പേരാണ്. ഇത് 12 ആയി ഉയർത്തിയേക്കും. നാല്പത് വയസ്സിൽ താഴെയുള്ള രണ്ട് പേരെയെങ്കിലും ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം പാലിക്കുമ്പോൾ  മേയർ ആര്യ രാജേന്ദ്രന്റേതടക്കമുള്ള പേരുകൾ ഉയരുന്നുണ്ട്. ചാല ഏരിയാ കമ്മിറ്റിയിൽ ഇത്തവണയാണ് മേയറെ ഉൾപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here