തിരുവനന്തപുരം: കെ റെയിൽ ഡി പി ആറിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. കെ റെയിലിനെതിരായ വിമർശനങ്ങൾ സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു. കെ റയിലിനെതിരായ തങ്ങളുടെ ആശങ്കകളെല്ലാം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ഡി പി ആർ ഇതുവരെ മറച്ച് വച്ചത് ദൂരൂഹമാണെന്ന് മെട്രോമാൻ ഇ ശ്രീധരനും കുറ്റപ്പെടുത്തി.

ഡി പി ആർ രഹസ്യരേഖയാണെന്നും പുറത്ത്  വിടാനാകില്ലെന്നും ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നവരാണ് ഇപ്പോൾ ഡി പി ആറിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് പറയുന്നത്. ഇന്നലെ പുറത്ത് വിട്ട ഡിപിആർ അന്തിമരേഖയല്ലെന്നും, കേന്ദ്രസർക്കാരിൻറെ ബന്ധപ്പെട്ട ഏജൻസികളുടെ ആവശ്യപ്രകാരം വേണ്ട മാറ്റങ്ങൾ വരുത്തുമെന്നുമാണ് കെ റയിൽ അധികൃതർ അറിയിക്കുന്നത്. പ്രതിപക്ഷവും കെ റെയിൽ വിരുദ്ധ സമര സമിതിയും പരിസ്ഥിതി പ്രവർത്തകരും പങ്കുവക്കുന്ന ആശങ്കകൾ ശരിയെന്ന് തെളിയുമ്പോഴാണ് തുറന്ന ചർച്ചയും തിരുത്തും ഉണ്ടാകുമെന്ന സൂചന മന്ത്രി എം വി ഗോവിന്ദൻ നൽകുന്നത്.

തങ്ങൾ മാസങ്ങളായി ഉന്നയിക്കുന്ന എല്ലാ ആശങ്കകളും ഇന്നലെ ഡി പി ആർ പുറത്ത് വന്നതോടെ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഡി പി ആർ രഹസ്യരേഖയല്ലെന്നും പല വൻകിടപദ്ധതികളുടെയും ഡി പി ആറുകൾ നേരത്തെ പുറത്ത് വന്നിട്ടുണ്ടെന്നും ആധികരികമായി പറഞ്ഞത് മെട്രോമാൻ ഇ ശ്രീധരനായിരുന്നു, ഇത്  ഇത്രയും നാൾ മറച്ച് വച്ചത് ദുരൂഹമാണെന്ന് അദ്ദേഹം  പറഞ്ഞു. ഡി പി ആർ വിശദമായി പഠിച്ച് എല്ലാ വിവരങ്ങളും ഉടൻ ജനങ്ങളെ അറിയിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. കെ റെയിലിനെ കുറിച്ചുള്ള ഇനിയുള്ള ചർച്ച ഡി പി ആർ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here