കൊച്ചി: ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന സിറോ മലബാർ സഭ  സിനഡിന്റെ നിർദ്ദേശം തള്ളി എറണാകുളം-അങ്കമാലി അതിരൂപത ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ആൻറണി കരിയിൽ അറിയിച്ചു.

ഏകീകൃത കുർബാന നടപ്പിലാക്കാൻ രൂപതയിൽ സർക്കുലർ ഇറക്കണമെന്ന് സിനഡിൻറെ നിർദ്ദേശം ബിഷപ്പ് തള്ളി. സർക്കുലർ ഇറക്കില്ല എന്നത് സംബന്ധിച്ച  ബിഷപ്പിൻറെ വാർത്ത കുറിപ്പ് പി ആർ ഒ ഫാദർ മാത്യു കിലിക്കൻ വായിച്ചു. പുരോഹിതരുടെ നിരാഹാരം അവസാനിപ്പിക്കാൻ മറ്റുവഴികൾ ഒന്നുമില്ലെന്ന് ബിഷപ് പറയുന്നു. നിലവിലെ സ്ഥിതി പൗരസ്ത്യ തിരുസംഘത്തെ അറിയിച്ചിട്ടുണ്ട്. നിർദ്ദേശപ്രകാരം സർക്കുലർ ഇറക്കിയാൽ ഗുരുതര ആരാധനാ പ്രതിസന്ധി രൂപതയിൽ ഉണ്ടാകും എന്ന വിവരം പൗരസ്ത്യ സംഘത്തെ അറിയിച്ചതായി ബിഷപ്പ് പറയുന്നു. ഒൻപതു ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായും പി ആർ ഓ ഫാദർ മാത്യു കിലിക്കൻ പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന തീരുമാനം ലംഘിക്കാൻ വ്യക്തികൾക്കോ രൂപതകൾക്കോ അധികാരമില്ലെന്നാണ് സിനഡ് വ്യക്തമാക്കിയിട്ടുള്ളത്. അനാവശ്യ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് അനുരഞ്ജനത്തിന് തയ്യാറാകണം. സഭയിലെ മെത്രാൻമാർ എവിടെ കുർബാന അർപ്പിച്ചാലും അത് സിനഡ് നിർദ്ദേശപ്രകാരമുള്ളതാകണം. വ്യാജപ്രചാരണത്തിൽ വഴിതെറ്റി അഭിപ്രായ ഭിന്നതകൾ തെരുവ് കലാപമാക്കരുത്. സമുദായത്തിന്റെ അംഗസംഖ്യ ക്രമാതീതമായി കുറയുന്നത് ആശങ്കാജനകമാണെന്നും സിനഡ് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here