തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുസ്തകത്തില്‍ ശിവശങ്കര്‍ പറഞ്ഞിരിക്കുന്നത് വ്യക്തിപരമായി നേരിടേണ്ടിവന്ന കാര്യങ്ങളെക്കുറിച്ചാണെന്നും അതില്‍ അപാകതയുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിമര്‍ശനത്തിന് ഇരയായതിലെ പകയാണ്. പുസ്തകമെഴുതാന്‍ അനുമതി ഉണ്ടോയെന്നത് വെറും സാങ്കേതികമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ പ്രതികരണമാണ് ശ്രദ്ധിച്ചത്. ആ അഭിപ്രായമാണ് ശരിയെന്നാണ് തന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളെ കുറിച്ചും മറ്റൊന്ന് അന്വേഷണ ഏജന്‍സികളെ കുറിച്ചുമാണ്.  സ്വാഭാവികമായും വിമര്‍ശനത്തിന് ഇരയായവര്‍ക്കുള്ള പ്രത്യേകതരം പക ഉയര്‍ന്നുവരും എന്ന് നാം കാണണം. 

അതേസമയം തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് പുസ്തകത്തില്‍ പറയുന്ന ശിവശങ്കര്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലുകളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും കൂടിയാലോചിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ടോയെന്ന് ഭാവിയില്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 

സര്‍വീസിലിരിക്കുമ്പോള്‍ പുസ്തകമെഴുതിയതിന് മറ്റ് പലര്‍ക്കുമെതിരേയും നടപടി സ്വീകരിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. നിങ്ങളില്‍ നിന്നുണ്ടായ അനുഭവമാണ് ശിവശങ്കര്‍ പുസ്‌കത്തില്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശിവശങ്കര്‍ പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളില്‍ നിന്ന് നേരിടേണ്ടി വന്നതിനെക്കുറിച്ചാണ്, അത് പറഞ്ഞുകൊള്ളട്ടേ. 

വ്യാജ ബിരുദമാണെന്ന് അറിഞ്ഞിട്ടാണ് ശിവശങ്കര്‍ തനിക്ക് നിയമനം നല്‍കിയതെന്ന് സ്വപ്‌ന വെളുപ്പെടുത്തിയത് അവര്‍ തമ്മിലുള്ള കാര്യമാണ്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ കൃത്യമായി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതില്‍ ഒരു വീഴ്ചയും ഉണ്ടാകില്ല. ആരുടേയും പക്ഷം പിടിക്കുന്ന നിലയുണ്ടാകില്ല.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ശിവശങ്കറിന്റെ പുസ്തകത്തെ കുറിച്ചാണ്. പുസ്തകമെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ മാധ്യമങ്ങളെക്കുറിച്ച് തനിക്ക് തോന്നിയ കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിനെക്കുറിച്ച് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കേണ്ടതല്ലേയെന്ന ചോദ്യത്തോട് പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here