ഞങ്ങളുടെ വിഷമങ്ങൾ മാത്രം അല്ല, ചെറിയ ചെറിയ വിജയങ്ങളും പങ്ക് വെക്കപ്പെടേണ്ടേ? 

റാണി എന്ന അമ്മ മാതൃത്വം പങ്കു വച്ചപ്പോൾ ജീവിതത്തിൽ പലതും നഷ്ടപ്പെട്ടപ്പോൾ ചിലതു തിരിച്ചു പിടിച്ച് സമൂഹത്തിനു മാതൃകയായ കഥ ഫേസ് ബൂക്കിലൂടെ പങ്കു വയ്ക്കുകയാണ് റാണിയുടെ അടുത്ത സുഹൃത്തുക്കൾ.

റാണിയുടെ ഒരു തപസ്സ്


എൻറെ അനിയത്തി റാണി കഴിഞ്ഞ ഏഴുവർഷമായി ഒരു നീണ്ട തപസ്സിലായിരുന്നു. അവളുടെ ജീവിതം ആകെ തകർന്ന സമയത്തും അവൾ തപസ്സ് തുടർന്നു…
അതെന്താണെന്നല്ലേ…
അവളുടെ ഒരു സീനിയർ സഹപ്രവർത്തകൻ ഏഴു വർഷം മുമ്പ് പതിനഞ്ച് വയസ്സുള്ള ഒരു കുഞ്ഞിനെ അവൾക്ക് പരിചയപ്പെടുത്തി. നല്ലോണം പഠിക്കുന്ന ഒരു തമിഴത്തി കുട്ടി. അച്ഛനും അമ്മയും ഇല്ല. വല്യമ്മയാണ് നോക്കുന്നത്. പത്താംക്ലാസ് നൂറു ശതമാനം മാർക്കോടെ വിജയിച്ചു. തുടർന്ന് പഠിപ്പിക്കാൻ വല്യമ്മയെകൊണ്ട് പറ്റില്ല. അതുകൊണ്ട് പഠിത്തം നിറുത്തുകയാണ്.


കുഞ്ഞിനെ പഠിപ്പിക്കുന്ന ചുമതല റാണി ഏറ്റെടുത്തു. ആ മിടുക്കി അങ്ങനെ പ്ളസ് ടു വിന് ചേർന്നു. എല്ലാ ചെലവും വഹിക്കുക മാത്രമല്ല, അവളോട് ഫോണിൽ സംസാരിക്കുക, അവധിക്ക് റാണീടെ അടുത്തേക്ക് വരാൻ ക്ഷണിക്കുക, പററുമ്പോൾ ആ കുഞ്ഞിനെ ചെന്നു കാണുക ഇങ്ങനെയെല്ലാം റാണി ചെയ്തു കൊണ്ടിരുന്നു.


ജീവിതം നിറച്ച് പ്രശ്നങൾ വരികയും റാണി പൂർണമായും ഒറ്റപ്പെടുകയും ചെയ്ത കാലം ….തവണകളായി പണമടച്ച് സ്വന്തമാക്കിയ ഫ്ളാറ്റിൽ നിന്ന് റാണി ഒരു ദിവസം പുറത്തായി. അവളുടെ ബാങ്കിലെ പണം ജീവിതപങ്കാളി കൈവശപ്പെടുത്തി.മകനും അച്ഛന്റെ ഒപ്പമായി. അവളുടെ ജോലിയും നഷ്ടപ്പെട്ടു.
റാണിയും കേസു പറഞ്ഞു. കുടുംബക്കോടതി, മജിസ്‌ട്രേറ്റ് കോടതി, ഹൈക്കോടതി… എല്ലാത്തരം ആട്ടും തുപ്പും സഹിച്ചു.
തമിഴത്തി പെൺകുട്ടിയെ പഠിപ്പിക്കുന്നതിൽ മാത്രം റാണി ഒരമാന്തവും വരുത്തിയില്ല. ആ കുട്ടി റാണീടെ കുട്ടിയാണെന്ന അപവാദം വരെ മകനെ അകറ്റി നിറുത്താൻ അവൻറെ അച്ഛൻ ഉപയോഗിച്ചു നോക്കി.


ആ പെൺകുട്ടി ഒന്നാന്തരമായി പഠിച്ചു. റാണി കടം വാങ്ങിയും കുട്ടിയുടെ ചെലവുകൾ വഹിക്കുകയായിരുന്നു. അങ്ങനെ തമിഴത്തി കുട്ടി മറൈൻ എൻജിനീയറിങ് ബിരുദമെടുത്തു.
ഇന്ന് അവൾ ക്രൂ ആയി ജോലിയേറ്റ എണ്ണക്കപ്പൽ പുറപ്പെടുകയാണ്… ആ കുട്ടി നന്നായിരിക്കട്ടെ എന്നും…
പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചിട്ടല്ല ജീവിതമുണ്ടാക്കിക്കൊടുക്കേണ്ടത്. പഠിത്തവും സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയും ഉണ്ടാക്കിക്കൊടുത്താണ്…അല്ലേ?


ഇതിനിടയിൽ മകൻ എല്ലാ കളികളും തിരിച്ചറിഞ്ഞ് റാണി എന്ന അമ്മയുടെ മടിത്തട്ടിൽ തന്നെ അഭയപ്പെട്ടു. അവൾ മുംബൈയിലേക്ക് താമസം മാറ്റുകയും നല്ലൊരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ആറടി നാലിഞ്ച് ഉയരമുള്ള മകൻ ഇപ്പോൾ സ്വന്തം അമ്മയെ ‘എൻറെ കൊച്ചു കുഞ്ഞേ’ എന്ന് വിളിച്ചു ആ അമ്മയുടെ മേൽനോട്ടത്തിൽ മാനേജ്‌മെന്റ് ഗ്രാജുവേഷന് പഠിക്കുന്നു..


തമിഴത്തി കുട്ടിക്കായി റാണി ഒരു തപസ്സിലായിരുന്നു. അതിൽ അവൾ ജയിച്ചു. ആ കുട്ടി അവളെ ജയിപ്പിച്ചു.
റാണീടെ മകനും നല്ല പൗരനായിത്തീർന്ന് അവളെ സന്തോഷിപ്പിക്കട്ടെ…
ആ പെൺകുട്ടിയോട് ഒത്തിരി സ്നേഹം… റാണിയോടും അവളുടെ വാക്കു പാലിക്കാനുള്ള കഴിവിനോടും ആദരം…

LEAVE A REPLY

Please enter your comment!
Please enter your name here