മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിലവിലെ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഗ്രന്ഥരചനക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയോ എന്നതിനെക്കുറിച്ച് ഉരുണ്ടുകളിച്ച മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ ഒരൊറ്റ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ സംരക്ഷിക്കുകയാണ്. സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് കയ്യൊഴിയാനാകില്ല. ശിവശങ്കര്‍ വായ തുറന്നാല്‍ വീഴാവുന്നതേയുള്ളു ഈ സര്‍ക്കാര്‍. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ്.

കേരള സര്‍വീസിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കറിന് മാത്രം ലഭിക്കുന്നത്. രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വര്‍ണക്കടത്തു കേസിലും വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന വ്യക്തിയാണ് ഇദ്ദേഹം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇ.ഡി അന്വേഷണങ്ങള്‍ നേരിടുന്ന ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വല്ലാത്ത വ്യഗ്രത കാട്ടി.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കറിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഡോളര്‍കടത്തു കേസും രാജ്യദ്രോഹക്കുറ്റ കേസുമെല്ലാം വര്‍ഷങ്ങളായി ഇഴയുകയാണ്. ഇതിന് പിന്നില്‍ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here