രാജേഷ് തില്ലങ്കേരി


കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറിയിരിക്കുന്നു. സി പി എം പ്രവർത്തകനായ ഹരിദാസ്  എന്ന മത്സ്യതൊഴിലാളിയാണ് കഴിഞ്ഞ ദിവസം കൊലത്തിക്ക് ഇരയായത്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞ ഇടമാണ് തലശ്ശേരി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊലക്കത്തിയിൽ ഒരു പാവപ്പെട്ട തൊഴിലാളിയുടെ ജീവൻ പൊലിഞ്ഞെന്ന വാർത്ത എല്ലാ മലയാളികളെയും ആശങ്കയിലാക്കിയിരിക്കയാണ്.  രാഷ്ട്രീയ നേതൃത്വത്തിന് ഹരീന്ദ്രൻ രക്തസാക്ഷിയാണ്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടമായത് അവരുടെ നാഥനെയാണ്. ഒരു പരിഷ്‌കൃത സമൂഹത്തിന് എങ്ങിനെയാണ് ആശയത്തിന്റെ പേരിൽ ഒരു മനുഷ്യനെ അതിക്രൂരമായി കൊലപ്പെടുത്താൻ പറ്റുന്നത്. എത്ര ആലോചിച്ചിട്ടും മനസിലാക്കാൻ വിഷമുണ്ടാക്കുന്നു.

അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ കൊലപാതങ്ങളുടെ പേരിൽ ഏറെ ദുഷ്‌പേരുണ്ടാക്കിയ ജില്ലയാണ് കണ്ണൂർ. തലശേരിയിലും പാനൂരിലും പരിസരപ്രദേശങ്ങളിലുമായി നടന്ന കൊലപാതക പരമ്പരകൾ ആരും മറന്നിട്ടുണ്ടാവില്ല. സ്‌കോർ ബോർഡ് പ്രദർപ്പിച്ച് തിരിച്ചും മറിച്ചും കൊലപാതകങ്ങൾ സാധാരണക്കാരന്റെ സൈ്വര്യ ജീവിതത്തെപോലും ബാധിച്ച ആകാലത്തിൽ നിന്നും രാഷ്ട്രീയം കുറേ മാറി. കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ലെന്ന രീതിക്ക് മാറ്റം വന്നുവെങ്കിലും ഇന്നും മൃഗീയമായ കൊലപാതകങ്ങൾ നടക്കുമ്പോൾ ആളുകൾ പെട്ടെന്ന് ഭീതിയിലാവും. രക്തസാക്ഷികളെയും ബലി ദാനികളെയും ഉണ്ടാക്കുന്നതാവില്ല രാഷ്ട്രീയമെന്ന് എല്ലാവരും ഒരുമിച്ച് തീരുമാനമെടുത്തതാണ്. എന്നിട്ടും കൊലപാതകങ്ങൾ ആവർത്തിക്കുകയാണ്. തങ്ങൾക്ക് പങ്കില്ലെന്നും, അതല്ല നിങ്ങൾ തന്നെയാണ് കൊല നടത്തിയതെന്നുമുള്ള ആരോപണവും പ്രത്യാരോപണവും വന്നു കഴിഞ്ഞു.

കണ്ണൂരിൽ ഒരു പാവപ്പെട്ട ഒരു മത്സ്യതൊഴിലാളിയാ ഹരിദാസ് എന്നയാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. കൊല്ലപ്പെട്ട ഹരിദാസിനെ നാട്ടുകാരും വീട്ടുകാരും കണ്ണീരിൽ കുതിർന്ന യാത്രയപ്പ് നൽകി. എന്നാൽ ഈ കണ്ണീരിന് ആരാണ് ഉത്തരം പറയുക ? ആരോപണവുംപ്രത്യാരോപണവും തുടരും. രക്തസാക്ഷി ഫണ്ടും പിരിക്കും, രക്തസാക്ഷിക്ക് സ്മാരകവും പണിയും. എന്നാൽ കൊലപാതകങ്ങൾ എന്നന്നേക്കുമായി ഇല്ലാതാക്കാൻ നാം എന്നാണ് തയ്യാറാവുക!

രണ്ട് ദിവസം മുൻപാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ദീപു എന്നയാൾ കൊലചെയ്യപ്പെട്ടതും. ഒരു പാവപ്പെട്ട തൊഴിലാളിയായിരുന്നു ദീപു. ദീപുവിന്റെ കൊലയിൽ പ്രതിസ്ഥാനത്ത് സി പി എമ്മാണ്. ട്വന്റി -20 യുടെ പ്രവർത്തകനായിരുന്ന  ദീപുവും രാഷ്ട്രീയ കോമരങ്ങളാലാണ്  കൊല്ലപ്പെട്ടത് എന്നതും ഇവിടെ ഓർക്കണം.  കുന്നത്തുനാട് എം എൽ എയുടെ വിളക്കണക്കൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമായത്.  സി പി എമ്മുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റാണ് ദീപുവിന് ജീവൻ നഷ്ടമായത്. മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ദീപുവിന് കൃത്യസമയത്ത് ചികിൽസ ലഭിച്ചിരുന്നുവെങ്കിൽ ഒരാൾ രക്ഷപ്പട്ടേനേ…  കിഴക്കമ്പലത്ത് ട്വന്റി 20 യുമായി സ്ഥലം എം എൽ എ ശ്രീനിജൻ കടുത്ത വിയോജിപ്പിലാണ്. 

കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെ ഭരണം ട്വന്റി 20 യുടെ കൈകളിലാണ്. സി പി എം ആണ് ഇവിടങ്ങളിലെല്ലാം ട്വന്റി 20 യുടെ എതിരാളികൾ. പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പേരിൽ വിവിധ വിഷയങ്ങൾ കിഴക്കമ്പലത്ത് അരങ്ങേറി. കിറ്റെക്‌സ് എം ഡിയും ട്വന്റി 20 യുടെ ചീഫ് കോ ഓഡിനേറ്ററുമായ  സാബു എം ജേക്കബ്ബ്  സ്ഥലം എം എൽ എയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണ മുന്നയിച്ചിട്ടുണ്ട്. എം എൽ എയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് ട്വന്റി 20 യുടെ ആവശ്യം. ഭരണ കക്ഷിയുടെ എം എൽ എയെന്ന നിലയിൽ ശ്രീനിജൻ ആരോപണത്തെ അതിജീവിക്കുമായിരിക്കും. എന്നാൽ കൊല്ലപ്പെട്ട ദീപുവിന്റെ ബന്ധുക്കളും കുടുംബവും ആ നഷ്ടം എങ്ങിനെയാണ് അതിജീവിക്കുക.

കോൺഗ്രസുമായി ആദ്യകാലത്ത് ട്വന്റി 20 നടത്തിയ പോരാട്ടങ്ങളാണ് കിഴക്കമ്പലത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി മറിച്ചത്. കാലം മാറിയപ്പോൾ രാഷ്ട്രീയ എതിരാളി മാറി. കൊലപാതകം വരെ കിഴക്കമ്പലത്തെ ജനത കാണേണ്ടിയും വന്നു.


ആ ദുർദിനത്തിന്റെ ഓർമ്മകൾക്ക് അഞ്ചു വർഷത്തെ പഴക്കം; നടിക്ക് നീതി ഇപ്പോഴും അകലെ



നടി അക്രമിക്കപ്പെട്ടിട്ട് വർഷം അഞ്ച് കഴിഞ്ഞിട്ടും കോടതി കയറിയിറങ്ങുകയാണ് സംഭവത്തിലെ ഇര. ഇര എന്നത് ശരിയായ പ്രയോഗമല്ലെന്നാണ് അക്രമത്തിനിരയായ നടിയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസിൻറെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷ അംഗീകരിച്ച് കോടതി തുടരന്വേഷണത്തെ ചോദ്യം ചെയ്യാൻ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരുന്നത്.

വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് തുടരന്വേഷണമെന്നും അതിനാൽ തുടരന്വേഷണമെന്ന സർക്കാർ ആവശ്യം തള്ളി വിചാരണ വേഗത്തിലാക്കണമെന്നാണ് ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഈ ഹർജിയിൽ തന്നെ മൂന്നാം എതിർകക്ഷിയാക്കണമെന്ന നടിയുടെ അപേക്ഷയാണ് ഇപ്പോൾ കോടതി അംഗീകരിച്ചിരിക്കുന്നത്.


പ്രതിയായ ദിലീപ് എങ്ങനെയാണ് കേസിൻറെ തുടരന്വേഷണത്തിൽ നിയമപരമായി ഇടപെടുന്നതെന്നും അത് സാധ്യമല്ലെന്നും തൻറെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നും അത് തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമാകുമെന്നും നടി അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിൻറെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സൂരാജിനേയും ക്രൈബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്.

കോടതിയിൽ സമർപ്പിച്ച മൊബൈലുകളുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണിത്. ദിലീപിനേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ദിലീപിൻറെ അഭിഭാഷകനായ അഡ്വ. ബി. രാമൻപിള്ളയ്ക്കും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളകേസിൽ മൊഴിനൽകാനാവില്ലെന്നാണ് അഡ്വ ബി രാമൻ പിള്ളയുടെ പ്രതികരണം. എന്തായാലും നിയമ പോരാട്ടം തുടരുകയാണ് എന്നർത്ഥം.


നയപ്രഖ്യാപനം വഴിപാടായി, ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്റെ ഗോ ബാക്ക് വിളി, മൗനരാഗം പാടി ഭരണ പക്ഷം



മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് ഇത്തവണ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കരസ്ഥമാക്കുമെന്ന് ഏതാണ്ട് ഉറപ്പായി.  ഇത്രയേറെ തന്മയത്വത്തോടെ നാടകം കളിക്കാൻ ആരിഫ് മുഹമ്മദ് ഖാന് പറ്റുമെന്ന് വിധിയെഴുതിയത് പ്രതിപക്ഷനേതാവ് വി ഡി സതീശനാണ്.

ബജറ്റ് സമ്മേളനം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാതെ സർക്കാറിനെ മുൾമുനയിലാക്കിയ ഗവർണറുടെ നടപടിയാണ് ഗവർണറുടെ അഭിനയം ഗംഭീരമായതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.   ഭരണഘടനാ പരമായ ബാധ്യതയാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടത് എന്നിരിക്കെ പ്രസംഗം അംഗീകരിക്കാതെ ഉപാദികൾ വച്ചതോടെയാണ് സർക്കാർ  പ്രതിസന്ധിയിലായത്.
പ്രതിസന്ധിക്ക് അയവുവരികയും, ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുകയും ചെയ്തു. പ്രതിപക്ഷം ഗവർണ്ണർക്കെതിരെ ഗോ ബാക്ക് വിളികളും നാടകം കളിക്കുന്ന ഗവർണറെയും മുഖ്യമന്ത്രിയെയും ഒരു പോലെ എതിർത്തുകൊണ്ടുള്ള മുദ്രാവാക്യം മുഴക്കിയാണ് പ്രതികരിച്ചത്.

നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ വായിക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നിരിക്കെ എന്തിനാണ് ഗവർണർ അവസാന മണിക്കൂറിൽ നാടകവുമായി രംഗത്തെത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
 

രാജ്ഭവനിൽ എത്തിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്  ഗവർണർ സാധാരണ നിലയിൽ അംഗീകാരം നൽകുകയെന്നതാണ് കീഴ് വഴക്കം . എന്നാൽ സർക്കാരിന്റെ ചില നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവർണർ രംഗത്തു വന്നതോടെ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കി. ബി ജെ പി നേതാവായ ഹരി എസ് കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച നടപടിയിൽ സർക്കാർ പ്രതിഷേധിച്ചിരുന്നു. രാജ് ഭവനിലെ നിയമനങ്ങളിൽ രാഷ്ട്രീയപരിഗണന നൽകുന്നത് ശരിയെല്ലെന്നായിരുന്നു  സർക്കാരിന്റെ ആരോപണം. പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതി ലാൽ രാജ്ഭവനിലേക്ക് കത്തെഴുതി. ഈ കത്ത്  തന്നെ അപമാനിക്കാനാണെന്നായിരുന്നു ഗവർണറുടെ പരാതി. കത്തെഴുതിയത് കെ ആർ ജ്യോതിലാണെങ്കിലും അത് സർക്കാരിനുവേണ്ടി എഴുതിയതാണെന്ന് അറിയാവുന്ന ഗവർണർ ആ ഉദ്യോഗസ്ഥനെ നീക്കാൻ ഉപാദിവച്ചു. കെ ആർ ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്നും നീക്കിയതിനു ശേഷം ഗവർണറുടെ ആവശ്യങ്ങൾ അംഗീകരിച്ചതായി രേഖാമൂലം രാജ്ഭവനിലേക്ക്  കത്തയച്ചു. ഇതോടെയാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയത്. ഗവർണർ  അയഞ്ഞതോടെയാണ് ഭരണഘടനാ പ്രതിസന്ധിക്ക് അയവുവന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെയും പലവിഷയങ്ങളിലും സർക്കാരിനോട് ഏറ്റു മുട്ടിയിരുന്നു. അപ്പോഴെല്ലാം ശക്തമായ നിലപാടെടുക്കുന്നു എന്ന പ്രതീതി ഉണ്ടാക്കും. പിന്നീട് സർക്കാരുമായി സംസാരിച്ച് പെട്ടെന്ന് തീരുമാനം പിൻവലിക്കും, ഇതാണ് ഗവർണറുടെ നാടകമായി പ്രതിപക്ഷം ആരോപിക്കുന്നത്.

സർവ്വകലാ ശാലകളിലെ വി സി നിയമനത്തിലും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകാനുള്ള ശുപാർശ അട്ടിമറിച്ചതിലും  ഗവർണർ സർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. കണ്ണൂർ സർവ്വകലാശാല  വി സി നിയമനത്തിൽ ഗവർണർക്ക് കത്തെഴുതിയതിൽ മന്ത്രി ആർ ബിന്ദുവിന്റെ കടുത്ത നിലപാട് പ്രഖ്യാപിച്ചു. എന്നിട്ടും നിയമനത്തെ എതിർത്തില്ല.
ചാൻസിലറുടെ നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സർവ്വകലാശാലകളുടെ ചാൻസിലർ പദവി ഒഴിയുന്നതിനുപോലും ഗവർണർ ഒരുവേള നിലപാടെടുത്തു. ആത്മാഭിമാനം പണയം വച്ച് ചാൻസിലർ പദവിയിൽ തുടരാനില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. എന്നാൽ മുഖ്യമന്ത്രി അയ്യോ അച്ഛാ പോവല്ലേ എന്നു പറഞ്ഞുവെന്ന് പറഞ്ഞപ്പോൾ ഗവർണർ ചാൻസിലർ പദവിയിൽ തുടരുകയാണ്.

 ബി ജെ പി യുടെ രാഷ്ട്രീയ നിലപാടുകളാണ് തന്റേതെന്ന്  വ്യക്തമാക്കിക്കൊണ്ടുള്ള പരസ്യ പ്രസ്താവനയിൽ ഗവർണർക്കെതിരെ സംസ്ഥാനത്ത്  വികാരം നിലനിൽക്കുകയാണ്.

കഴിഞ്ഞ ദിവസം കാവി നിറം തനിക്ക് ഏറെ സന്തോഷം നൽകുന്നുവെന്നും, ഹിജാബ് വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യാപിച്ചതും വിവാദമായിരുന്നു.
രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ഒപ്പം ഭരണഘടനാപരമായ ബാധ്യതയിൽ നിന്നും ഗവർണർക്ക് മാറി നിൽക്കാനാവില്ലെന്ന് അദ്ദേഹത്തിനും വ്യക്തമാണ്. എന്നിട്ടും സർക്കാരിനു മുന്നിൽ ഉപാദികൾ വച്ച് പ്രതിസന്ധി സൃഷ്ടിച്ചത് എന്തായാലും ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ഇതാണ് സർക്കാരിനെ പ്രകീർത്തിച്ചും, കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയും ഗവർണർ പ്രസംഗിച്ചപ്പോഴും ഭരണ പക്ഷ ബഞ്ചിൽ ശബ്ദമൊന്നും ഉയരാതിരുന്നത്. മൗനവും ഒരു സമരമാർഗമാണല്ലോ….

ഗവർണർ നിയമനം രാഷ്ട്രീയമായ പരിഗണനയിൽ ആണെങ്കിലും പരസ്യമായ രാഷ്ട്രീയ നിലപാടുകൾ ഗവർണർമാർ എടുക്കാറില്ലെന്നിരിക്കെ, വളരെ വ്യത്യസ്തമായ നിലപാടാണ് തുടക്കം തൊട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എടുത്തുപോന്നത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ ആണ് ഗവർണറെ ചൊടിപ്പിച്ചിരിക്കുന്ന മറ്റൊരു വിഷയം.



അഴിമതി, ആരോപണം; മണി നാവിൽ  വികടസരസ്വതി വിളയാട്ടം 

 ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിലെ ക്രമക്കേട് കെ എസ് ഇ ബി ചെയർമാൻ തന്നെയാണ് പുറത്തു പറഞ്ഞത്. മുൻ വൈദ്യുതി മന്ത്രിയായ മണിയാശാനെ ചൊടിപ്പിക്കാൻ ഇതു മതിയല്ലോ. തനിക്കിഷ്ടമല്ലാത്തതൊന്നും പറയുകയോ, ചെയ്യുകയോ പാടില്ലെന്ന് നിയമമുണ്ടാക്കിയ നേതാവാണ് എം എം മണി. തന്റെ എതിരാളിയെ തെറിവിളിച്ച് തോൽപ്പിക്കുകയെന്നതാണ് ആശാന്റെ ശൈലി. എന്തും പറയും, എവിടെ വച്ചും പറയും അത് ആരായാലും പറയും ഇതാണ് തന്റെ രീതിയെന്ന് മണിയാശാൻ നേരത്തെ പ്രഖ്യാപിച്ചതാണ്.

സർക്കാർ ഭൂമി കയ്യേറിയ ഭൂമാഫിയയ്ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിൽ ദേവികുളം സബ് കലക്ടർമാരെ ഭീഷണിപ്പെടുത്തിയോടിച്ചതും, രവീന്ദ്രൻ പട്ടയം റദ്ദാക്കാനായി ആരും മൂന്നാറിലെ പാർട്ടി ഓഫീസിലേക്ക് വരേണ്ടതില്ലെന്നുമൊക്കെ എം എം മണി പ്രഖ്യാപിച്ചിരുന്നതൊന്നും ആരും മറന്നിരുന്നില്ല. ഇപ്പോഴിതാ കെ എസ് ഇ ബി ചെയർമാനെയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയെയും മുൻ വൈദ്യുതി മന്ത്രി കൂടിയായ എം എം മണി ഭീഷണിയുമായി എത്തിയിരിക്കയാണ്.

കെ എസ് ഇ ബിയുടെ സ്ഥലം  ടൂറിസം പദ്ധതിക്ക് കൊടുക്കാനായി തീരുമാനമെടുത്തവൈദ്യുതി മന്ത്രിയായിരുന്ന എം എം മണിയാണെന്നാണ് ആരോപണം. സ്വന്തം മരുമകൻ പ്രസിഡന്റായുള്ള സഹകരണ സ്ഥാപനത്തിന് സ്ഥലം അനുവദിച്ചത് സ്വജന പക്ഷപാദമാണെന്നാണ് ആരോപണം.
വിഷയത്തിൽ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ച് രംഗത്തെത്തിയതോടെ വലിയ രാഷ്ട്രീയ പ്രശ്നമായി ഭൂമി വിഷയം മാറിയിരിക്കയാണ്. ഇതോടെ എം എം മണിയുടെ നാവിൽ  വികട സരസ്വതി വിളയാടുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ വഴിയില്ല.

വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചര വർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണെന്നാണ് നിയമ സഭയ്ക്കുള്ളിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരിക്കുന്നത്. ഇനി നിയമ സഭയ്ക്ക് പുറത്തുള്ള പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഇനി വരാനുണ്ട്.     മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങൾ വിശദീകരിക്കണം. ഈ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അഴിമതി കൊണ്ട് ഉണ്ടാകുന്ന നഷ്ടം വൈദ്യുതി ചാർജ് കൂട്ടി ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നു വെന്നാണ് വിഷയത്തിൽ വി ഡി സതീശന്റെ അഭിപ്രായം.

വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാൻ ബി അശോക് ഉന്നയിച്ച ആരോപണങ്ങളൊന്നും  നിഷേധിച്ചിട്ടില്ല.  പുതിയ മന്ത്രി കൃഷ്ണൻകുട്ടിയെ എം എം മണി ഭീഷണിപ്പെടുത്തുകയാണെന്നും പാർട്ടി ഓഫീസ് പോലെയാണ് കെഎസ്ഇബി പ്രവർത്തിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.

മൂന്നാറിൽ സഹകരണ സംഘത്തിന് കൈമാറിയ കെഎസ്ഇബി ഭൂമിയിൽ നിയമ വിരുദ്ധ നിർമ്മാണം നടത്തിയെന്ന് വ്യക്തമായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.  ജില്ല കളക്ടറുടെ എൻ ഒ സി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് നിർമ്മാണം നടത്തിയത്.
ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചവകയിൽ കോടികളുടെ അധിക ബാധ്യതയാണ് ഇലട്രിസിറ്റി ബോർഡിനുണ്ടാക്കിയത്. ഇതിന്റെ ബാധ്യതയും ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാരും നീക്കം നടത്തുന്നത്.
ഈർക്കിലി പാർട്ടിയുടെ നേതാവാണ് മന്ത്രി കെ കൃഷ്ണൻ കുട്ടിയെന്നതിനാൽ സി പി എം – സി ഐ ടി യു നേതാക്കൾ ചേർന്ന് വിരട്ടിയോടിക്കും. ജീവനും കൊണ്ട് ഓടുന്ന കെ കൃഷ്ണൻ കുട്ടിയെ ആണ് നാം നാളെ കാണുകയെന്ന് വ്യക്തം. മണിയാശാനോടാണോ കളി….


ഒടുവിൽ ഔദ്യോഗികമായി പിളർന്ന്  ഐ എൻ എൽ !




ഏറെക്കാലമായി പിളരാൻ വെമ്പി നടന്ന ഐ എൻ എൽ ഒടുവിൽ ഔദ്യോഗികമായി പിളർന്നു, ഇരു പക്ഷക്കാർക്കും പെരുത്ത് സന്തോഷവുമായി.  ഐ എൻ എലിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി നടന്നുവന്നിരുന്ന ആഭ്യന്തരകലഹങ്ങൾക്കുള്ള പരിസമാപ്തിയായാണ് ഈ പിളർപ്പോടെ ഉണ്ടായത്. ഇതോടെ ഞമ്മളാണ് യഥാർത്ഥ ഐ എൻ എൽ എന്ന വ്യാഖ്യാനവുമായി ഇരുപക്ഷവും രംഗത്തെത്തുകയും ചെയ്തു.

ഐ എൻ എൽ വഹാബ് പക്ഷം  കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പിളർന്നുവെന്ന നുമ്മ പിളർന്നു എന്ന ലോകസത്യം  സ്ഥിരീകരിച്ചത്. പിളർന്ന വാർത്ത മാലോകരെ അറിയിക്കാനായി വാർത്താസമ്മേളനവും വിളിച്ചു ചേർത്തിരുന്നു.

 വഹാബിന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന കൗൺസിൽ പുതിയ ഭാരവാഹികളെയും അപ്പോതന്നെ  പ്രഖ്യാപിച്ചു. പിളർന്നാൽ സാധരണയായി നടക്കുന്ന പ്രധാന ചടങ്ങ് മറുപക്ഷക്കാരെ പുറത്താക്കുകയെന്നതാണ്. തുടർന്ന് പുതിയ ഭാരവാഹികളെ കണ്ടെത്തുകയെന്നും ചടങ്ങുകളുണ്ട്. അത്തരത്തിലുള്ള ചടങ്ങുകളെല്ലാം വിജയകരമായി പൂർത്തിയാക്കിയതോടെ മധ്യസ്ഥർക്കും റോളില്ലാതായി. ആറ് മാസങ്ങൾക്ക് മുൻപ് പിളർന്നു തുടങ്ങിയ ഐ എൻ എല്ലിനെ ഒരുമിപ്പിക്കാൻ മുൻ കൈ എടുത്തത് കാന്തപുരം അബൂബക്കർ മുസലിയാരായിരുന്നു. അദ്ദേഹത്തിനുപോലും ഇത്തവണ രക്ഷകനാവാൻ അവസരം ലഭിച്ചില്ലത്രേ… എന്തായാലും പിളർന്നേ പറ്റൂ എന്ന തീരുമാനത്തിന് മാറ്റവും ഉണ്ടായില്ല.

അപ്പോ ന്താപ്പം ഇങ്ങനെയൊരു പിളർപ്പിന് കാരണമെന്ന് ചോദിച്ചാ ഇരു ഗ്രൂപ്പിനും മൗനമാണത്രേ… വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഐ എൻ എൽ എന്ന അരപാർട്ടിക്ക് ഒരു അരമന്ത്രിയുണ്ടായത്. രണ്ടര വർഷത്തേക്ക് മന്ത്രിയായി നടക്കാനുള്ള അവസരം കൈവന്നതോടെയാണ് പാർട്ടിയിൽ കുഴപ്പങ്ങൾക്ക് തുടക്കമായത്. അധികാരത്തിന്റെ സുഖം അനുഭവിക്കാൻ പറ്റാത്തവരും സുഖിക്കുന്നവരും തമ്മിലുണ്ടായ തർക്കം. പി എസ് എസി അംഗത്വം അടക്കം വിറ്റ് പണമുണ്ടാക്കിയതടക്കമുള്ള വിവരങ്ങൾ അങ്ങാടിയിൽ പാട്ടായിട്ടും പുരോഗമന മുന്നണിയെന്ന് പറയപ്പെടുന്ന ഇടതുമുന്നണിയിൽ തുടരുകയാണ് ഐ എൻ എൽ എന്ന പാർട്ടിയും  അഹമ്മദ് ദേവർകോവിൽ എന്ന മന്ത്രിയും.

കുറേ കൂതറ ആളില്ലാ പാർട്ടികളുടെ ഒളിസങ്കേതമായി എൽ ഡി എഫ് മാറിയതോടെ ഇത്തരം പിളർപ്പുകളും തമ്മിലടിയും ഇനിയും നമ്മൾ കാണേണ്ടിവരും.


കാനത്തിന്റെ തന്ത്രം ഫലം കാണുമോ ?


 ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ മന്ത്രിമാർ എതിർപ്പറിയിക്കാത്തതിൽ പ്രകോപിതനായിരുന്നല്ലോ സഖാവ് കാനം. കാനത്തിന്റെ പ്രതിഷേധവും വിയോജിപ്പുമൊന്നും പിണറായിയോ സഖാവ് കോടിയേരിയോ കാര്യമായി എടുത്ത ലക്ഷണമില്ല. ഗവർണർക്ക്  മുന്നിൽ മുട്ടുമടക്കേണ്ടിയിരുന്നില്ലെന്നാണ് കാനത്തിന്റെ ഇപ്പോഴത്തെ ആരോപണം. മുഖ്യമന്ത്രി ഗവർണ്ണറെ പോയി കണ്ടത് തന്നെ തെറ്റാണെന്നാണ് കാനത്തിന്റെ അഭിപ്രായം.

ലോകായുക്തയുടെ കാര്യത്തിൽ കാനത്തിന് ആദ്യമുണ്ടായ സങ്കടകരമായ അവസ്ഥ സ്വന്തം മന്ത്രിമാർ പാർട്ടി നിലപാട് വ്യക്തമാക്കാത്തതായിരുന്നു. അത് ഇപ്പോ മാറിയിരിക്കയാണ്.
സി പി ഐ മന്ത്രിമാർ അനുസരണ ശീലമുള്ളവരാണെന്ന് തെളിയിച്ചു.


ഒരു കാര്യത്തിലും പിണറായി എന്ന മുഖ്യനെ എതിർക്കാൻ പാടില്ലെന്ന കാനത്തിന്റെ നിലപാട് മാറിയത് അറിയാതെ പോയതാണ് പാവം സി പി ഐ യുടെ നാൽവർ സംഘത്തിനു പറ്റിയ അബന്ധം. കാനം നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് ഒരു വാക്കെങ്കിലും ആരെങ്കിലും പറഞ്ഞില്ലല്ലോ എന്നാണ് മന്ത്രിമാർ വിലപിച്ചത്. ആ… അതൊക്കെ പഴയകഥ, ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിൽ ആഞ്ഞടിച്ചുവത്രേ സി പി ഐ മന്ത്രിമാർ. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്നുവരെ പറഞ്ഞുപോലും പാവം മന്ത്രിമാർ. കാനത്തിന് ബോധ്യപ്പെട്ടുവോ ആവോ…
ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് തൊട്ടു മുൻപായി നടന്ന മന്ത്രി സഭായോഗത്തിലാണ് സി പി ഐ മന്ത്രിമാർക്ക് കാനത്തിന്റെ എതിർപ്പ് അറിയാക്കാനുള്ള സൗഭാഗ്യമുണ്ടായത്.
സി പി ഐ- സി പി എം തർക്കം പരസ്പരം ചർച്ചയിലൂടെ പരിഹരിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞു കേട്ടിരുന്നത്. എന്നാൽ കോടിയേരി സഖാവിപ്പോ സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുകളിലായതിനാൽ കാനത്തെ മൈന്റു ചെയ്യാൻ പോലും സമയമില്ലത്രേ… ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടു, ലോകായുക്ത നിയമഭേദഗതി ബിൽ പാസായി, അത് നിയമവുമായി. പിന്നെ എന്ത് കാനം… എന്നാണ് സി പി എമ്മിന്റെ നിലപാട്.
സമ്മേളനകാലത്തിലൂടെയാണ് സി പി ഐയും കടന്നു പോവുന്നത്. തൽക്കാലം പാർട്ടിയിൽ പിടിച്ചു നിൽക്കാനെങ്കിലും കഴിയണമെന്നു മാത്രമാണ് കാനത്തിന്റെയും ആഗ്രഹം.

എൻ സി പി യിലും പ്രതിസന്ധിയാണത്രേ…

എൻ സി പിയിൽ കലാപം തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ഇപ്പോഴത്തെ കലാപം കുറച്ചു കൂടി സീരിയസാണ്. പാർട്ടിയിലെ  കലാപം തീർക്കാനായി ശരത് പവാർ കണ്ടെത്തിയ മാർഗമായിരുന്നു കോൺഗ്രസ് നേതാവായിരുന്ന പി സി ചാക്കോയെ കെട്ടിയിറക്കി സംസ്ഥാന അധ്യക്ഷനാക്കിയത്. എന്നാൽ ചാക്കോയുടെ വരവ് പല പാരമ്പര്യ വാദികളെയും ഞെട്ടിച്ചു.

എ കെ ശശീന്ദ്രന്റെ എതിരാളിയായിരുന്ന മാണി സി കാപ്പനെ പാർട്ടിയിൽ നിന്നും പടിയടച്ച് പിണ്ഡം വച്ചതിന്റെ സന്തോഷത്തിനിടയിലാണ് ശശീന്ദ്രനെ വേദനിപ്പിച്ചുകൊണ്ട് പി സി ചാക്കോ താക്കോൽ സ്ഥാനത്തേക്ക് വരുന്നത്. ചാക്കോ ഏറെ ദിവസങ്ങൾക്കുള്ളിൽ എൻ സി പിയെ സ്വന്തം കൈവെള്ളയിയിലിട്ട് അമ്മാനമാടുകയാണ്.  പാർട്ടിയുടെ മന്ത്രിയെയും വകുപ്പിനെയും ഭരിക്കുന്ന സൂപ്പർ മന്ത്രിയായി ചാക്കോ മാറി. വനം വകുപ്പിൽ എന്തു നടക്കണമെങ്കിലും പി സി ചാക്കോ മനസുവെക്കണം. കോൺഗ്രസിൽ നിന്നും ചാക്കോയുടെ ആളായി വരുന്നവർക്ക് മാത്രമാണ് പാർട്ടി പരിഗണനയെന്നാണ് എതിരാളികളുടെ ആരോപണം. ചാക്കോ പാർട്ടിയെ ഹൈജാക്ക് ചെയ്തുവെന്ന ആരോപണം ശക്തമായതോടെ പ്രശ്ന പരിഹാരത്തിനായി ശരത് പവാർ സംസ്ഥാന നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കയാണ്. പിളർപ്പിലേക്ക് നീങ്ങുന്ന എൻ സി പിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദേശീയ അധ്യക്ഷൻ.


പഞ്ചാബും കോൺഗ്രസിന് നഷ്ടമാവുമോ ?


കോൺഗ്രസ് ഭരണം അവശേഷിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായതായാണ് വാർത്തകൾ. തിരഞ്ഞെടുപ്പിന് ഇനി ഒരുനാൾ മാത്രമാണ് ബാക്കി. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പിസം ഏറ്റവും രൂക്ഷമായിരിക്കയാണ് പഞ്ചാബിൽ. കോൺഗ്രസിൽ നിന്നും നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ വിട്ടുപോവുകയാണ്.

ശക്തമായ ത്രികോണ മത്സരമാണ് പഞ്ചാബിൽ നടക്കുന്നത്. ബി ജെ പിയുടെ ശക്തി ക്ഷയിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പാർട്ടിയും അകാലിദളും ബി ജെ പിയുമാണ് ഒരു മുന്നണി. ആം ആത്മി പാർട്ടി അതി ശക്തമായ വെല്ലുവിളിയാണ് പഞ്ചാബിൽ ഉയർത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശത്രുക്കളെ നേരിടാനുള്ള തന്ത്രം എന്ന നിലവിലെ മുഖ്യമന്ത്രി ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ഇത് പി സി സി സി അധ്യനായ നവജ്യോത് സിദ്ദിവിനുപോലും ദഹിച്ചിട്ടില്ല. കർഷക സമരവും മറ്റും ഉണ്ടാക്കിയ ബി ജെ പി വിരുദ്ധ വികാരം വേണ്ടരീതിയിൽ വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ പഞ്ചാബിൽ വലിയ തിരിച്ചടിയായിരിക്കും കോൺഗ്രസിന് നേരിടേണ്ടിവരിക.


കേരളത്തിലെ കോൺഗ്രസിലെ അഭിപ്രായ വ്യത്യാസം എന്നു തീരും

കേരളത്തിലെ കോൺഗ്രസിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ട് മാസങ്ങളായി. കോൺഗ്രസ് പുനസംഘടനയെ തുടർന്നുണ്ടായ കലാപങ്ങൾക്ക് ഇതുവരെയായിട്ടും ശമനമായിട്ടില്ല.

പ്രതിപക്ഷ നേതാവിന്റെ കസേരയിൽ നിന്നും നിഷ്‌കാസിതനായതിനെ തുടർന്ന് മോഹഭംഗം നേരിട്ട രമേശ് ചെന്നിത്തല ഇപ്പോഴും ഒറ്റയാൾ പോരാട്ടത്തിലാണ്. എന്ത് രാഷ്ട്രീയ നീക്കത്തിലും നേതൃത്വത്തിനൊപ്പം നിൽക്കാൻ താൻ തയ്യറാല്ലെന്ന വ്യക്തമായ മറുപടിയാണ്  ചെന്നിത്തല ഏറെ കാലമായി നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.  പ്രതിപക്ഷ നേതാവ് കൈകാര്യം ചെയ്യേണ്ട പല വിഷയങ്ങളിലും രമേശ് ചെന്നിത്തല അഭിപ്രായം പറയുന്നതും, പത്രസമ്മേളനം നടത്തി പരസ്യമായി നിലപാട് പ്രഖ്യാപിക്കുന്നതും തുടരുകയാണ്.
 പുനസംഘടനയിൽ ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല അച്ചുതണ്ട് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. തങ്ങളുമായി ആലോചിച്ചല്ല പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു ഈ നേതാക്കളുടെ പ്രധാന ആരോപണം.

ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നൊക്കെയാണ് നേതാക്കൾ പറയുന്നതെങ്കിലും കെട്ടുമുറുകുന്നതല്ലാതെ ഒറ്റക്കെട്ടുമില്ല, മുന്നോട്ടു പോക്കുമില്ല.  ചെന്നിത്തല ആരുമായും യോജിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. താൻ ഒരാൾക്കുമുന്നിലും കീഴടങ്ങില്ലെന്ന നിലപാടാണ് ചെന്നിത്തലയുടേതെന്ന് കോൺഗ്രസിൽ ഗ്രൂപ്പിന് അതീതമായി അഭിപ്രായമുയർന്നിട്ടുണ്ട്. കോൺഗ്രസിന്റെ അവസ്ഥ ദയനീയമായി കൊണ്ടിരിക്കെയാണ് സ്വയം പോരാടി കോൺഗ്രസ് ശക്തരാവുന്നത്. കോൺഗ്രസിൽ  പ്രശ്നങ്ങളില്ലെന്നാണ് കെ പി സിസി അധ്യക്ഷൻ പറയുന്നത്. 
 
എന്നാൽ അതല്ല പ്രതിപക്ഷ നേതാവായ  വി ഡി സതീശന്റെ നിലപാട്. ഡി സി സി ഭാരവാഹികളെ പ്രഖ്യാപിക്കുന്നതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോരാട്ടം വീണ്ടും ശക്തമാവും. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോൺഗ്രസിൽ എന്തായിരിക്കും സംഭവിക്കുകയെന്നൊന്നും ആർക്കും വ്യക്തമല്ല. ഇതേ പോക്കാണെങ്കിൽ കോൺഗ്രസ് സ്വപ്നത്തിൽ പോലും അധികാരത്തിൽ തിരിച്ചെത്തില്ലെന്നാണ് സാധാ കോൺഗ്രസുകാരുടെ പ്രതികരണം. എന്നാൽ നേതാക്കൾക്ക് അതൊന്നും അല്ലല്ലോ വിഷയം.



വാൽകഷണം : 
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുവെന്നും, യു പിയിൽ അതില്ലെന്നുമാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരാഴ്ച  മുൻപ് പറഞ്ഞത്. ഒരാഴ്ചയ്ക്കിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. എന്നാൽ അതിൽ ഒന്നിൽ യോഗിയുടെ പാർട്ടിക്കാരാണ് പ്രതിസ്ഥാനത്ത് എന്നതും യോഗി അറിഞ്ഞോ ആവോ….

LEAVE A REPLY

Please enter your comment!
Please enter your name here