തിരുവനന്തപുരം : സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം നൂറുദിന പരിപാടിയോടനുബന്ധിച്ച് 12000 പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും 15000 എണ്ണം നൽകാനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,11,077 പട്ടയമാണ് ആകെ നൽകിയത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

വിവിധ ലാൻഡ് ബോർഡുകൾക്ക് മുന്നിലുള്ള കേസുകൾ തീർപ്പായാൽ 8200 ഏക്കർ ഭൂമി ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകാനാകും. ഭൂമിയില്ലാത്ത 3.5 ലക്ഷം കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും നൽകാൻ ആകെ 1500 ഏക്കർ വേണ്ടിവരും. ലാൻഡ് ബോർഡിലെ കേസുകൾ തീർപ്പാക്കാൻ ആവശ്യമായ പരിജ്ഞാനവും പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 162 ഏക്കർ ഭൂമി വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഭൂമിയും ഭവനവുമില്ലാത്തവർക്ക് ഇവ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന മനസോടിത്തിരി മണ്ണ് കാമ്പയിന് നാടിന്റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദശാബ്ദങ്ങളായി കൈവശമുള്ള ഭൂമിക്ക് രേഖയില്ലാത്തവരെ കണ്ടെത്തി ഇവ നൽകുന്നതിനുള്ള നടപടിയും ആരംഭിക്കുകയാണ്. കൈവശാവകാശ രേഖ ഇല്ലാത്തതിനാൽ ജനം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. യുണീക്ക് തണ്ടപ്പേർ ഏർപ്പെടുത്തുന്നതോടെ സുതാര്യത കൈവരും. ഈ പദ്ധതി നടപ്പാക്കാൻ വിജ്ഞാപനമായിട്ടുണ്ട്. 89 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയായി. 27 ഇടത്ത് നടപടി പുരോഗമിക്കുന്നു. 1550 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തുന്നതിന് 570 കോടിയുടെ ബൃഹദ് പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 339 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി. നാലു വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർവേ, റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുടെ സോഫ്റ്റ്വെയറുകൾ സംയോജിപ്പിച്ച് ഏകീകൃത പോർട്ടൽ നിലവിൽ വരും. വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ട് ആക്കുന്നതിനുള്ള നടപടികളും നടന്നു വരികയാണ്. റവന്യു വകുപ്പിന്റെ പ്രവർത്തനത്തിലെ ചെറിയ മാറ്റം, അത് നല്ലതായാലും ചീത്തയായാലും, ജനങ്ങൾക്ക് ഇടയിൽ പ്രതിഫലിക്കും. വകുപ്പ് അതിനനുസരിച്ച് നവീകരിക്കപ്പെടണം. വകുപ്പ് പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 1244 തസ്തികകളാണ് സൃഷ്ടിച്ചത്. നവകേരളത്തിനൊപ്പം സന്തോഷ കേരളം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച ജില്ലാ കളക്ടർമാർക്കും റവന്യു ഓഫീസുകൾക്കുമുള്ള അവാർഡുകൾ മുഖ്യമന്ത്രി നൽകി. മറ്റു അവാർഡുകൾ റവന്യു മന്ത്രിയും മറ്റു മന്ത്രിമാരും സമ്മാനിച്ചു.
റവന്യു മന്ത്രി കെ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, ജി. ആർ. അനിൽ, വി. ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, റവന്യു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here