റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗ പുരോഗമിക്കുകയാണ്. ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാം വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയില്‍ എത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് 251 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 31 മലയാളികളുണ്ട്. 16പേര്‍ രാവിലെയും ബാക്കിയുള്ളവരെ വൈകുന്നേരത്തോടെയും കേരളത്തില്‍ എത്തിക്കും.

യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്.

തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ദില്ലിയിലും മുംബൈയിലും നോര്‍ക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസംതന്നെ വ്യക്തമാക്കിയിരുന്നു.

രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യയുടെ മൂന്നാം വിമാനം ഇന്ന് തന്നെ ദില്ലിയിലെത്തും. ഹംഗേറിയന്‍ തലസ്ഥാനമായ ബുദാപെസ്റ്റില്‍ നിന്നാണ് ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here