മലപ്പുറം : മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ(74)അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ  ആശുപത്രിയിൽ ഞായറാഴ്‌ച പകൽ 12.30ഓടെയായിരുന്നു മരണം.

ലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്‌ട്രീയ കാര്യ സമിതി ചെയർമാനുമാണ്‌. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്‌, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. പുതിയ മാളിയേക്കൽ അഹമ്മദ്‌ പൂക്കോയ തങ്ങളുടെയും ആയിശാ ബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15നാണ്‌ ജനനം. ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാൽ ഉപ്പയുടെ സഹോദരി മുത്തു ബീവിയാണ്‌ ഹൈദരലിയെ വളർത്തിയത്‌. നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട്‌ മദ്‌റസത്തുൽ മുഹമ്മദിയയിൽനിന്ന്‌ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിൽ നിന്ന്‌ ഫൈസി ബിരുദം നേടി.

18 വർഷത്തോളം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. മൂത്ത സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന്‌ ലീഗ്‌ സംസ്ഥാന അധ്യക്ഷനായി. കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ മകൾ ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. മക്കൾ: നഈം അലി ശിഹാബ്,  മുഈൻ അലി ശിഹാബ്, സാജിദ,  ശാഹിദ. മരുമക്കൾ: നിയാസ് അലി ജിഫ്‌രി (കോഴിക്കോട്),  ഹബീബ് സഖാഫ് (തിരൂർ). സഹോദരങ്ങൾ: പരേതനായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ഖദീജ കുഞ്ഞിബീവി, മുല്ല ബീവി.

ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, ഇ ടി മുഹമ്മദ്‌ ബഷീർ എന്നിവർ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here