കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത പരാജയത്തിനു പിന്നാലെ കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കനത്ത വിമർശനം. വേണുഗോപാലിനെ ഒഴിവാക്കി കോൺഗ്രസിനെ രക്ഷിക്കാൻ ആവശ്യപ്പെട്ട് പ്രവർത്തകർ ഒളിപ്പോർ ആരംഭിച്ചു കഴിഞ്ഞു. കണ്ണൂരിലെ ശ്രീകണ്ഠപുരത്ത് കെ സിക്കെതിരെ പ്രവർത്തകർ പോസ്റ്റർ പതിച്ചാണ് പ്രതിഷേധിച്ചത്. പോസ്റ്റർ പതിച്ചത് ആരെന്ന് വ്യക്തമല്ല. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു മുന്നിലാണ് പോസ്റ്റർ.

‘പെട്ടി തൂക്കി വേണുഗോപാൽ’ എന്ന് വിശേഷിപ്പിച്ചാണ് പ്രവർത്തകർ വേണുഗോപാലിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങൾ വിറ്റു തുലച്ചെന്നും പോസ്റ്ററിൽ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കെ സി വേണുഗോപാൽ പ്രചാരണത്തിനു പോലും പോയിരുന്നില്ലെന്ന് കോൺഗ്രസിലെ ജി 23 നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. വേണുഗോപാൽ പൂർണ പരാജയമാണെന്നാണ് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നതിന്റെ നിരാശ മുതിർന്ന നേതാക്കളെക്കൂടാതെ പ്രവർത്തകരും പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്.

‘സോണിയ രാഹുൽ പ്രിയങ്ക ഗാന്ധി എന്നിവരുടെ കൂട്ടത്തിൽ എണ്ണാൻ കെ സി വേണുഗോപാലിന് എന്ത് യോഗ്യത ? വേണുഗോപാലിനെ വിമർശിക്കുന്നതിന്റെ പേരിൽ നടപടിയെടുത്താൽ സന്തോഷപൂർവ്വം സ്വീകരിക്കാനും തയ്യാറാണ്. തോമസ് മാഷേ കൂടി ഇതിൽ ഉൾപ്പെടുത്തണം അദ്ദേഹത്തെയും ഞങ്ങൾ പരസ്യമായി വിമർശിക്കുന്നുണ്ട്.’എന്ന് കോൺഗ്രസ് പ്രവർത്തകർ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് അഭിപ്രായപ്പെട്ടു.

‘പ്രസിഡന്റെ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കോൺഗ്രസുകാർ ആരും ഇതുവരെ അധിക്ഷേപിച്ചതായി കണ്ടില്ല. കാരണം അവർ പണിയെടുക്കുന്നത് പ്രവർത്തകർ കാണുന്നുണ്ട്. ഔഷധ ഗുണമില്ല എന്ന് നിരന്തരം തെളിയിക്കുന്നവരെ മാറ്റി പാർട്ടി രക്ഷപെടണം എന്ന ആഗ്രഹത്തോടെയുള്ള വിമർശനങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതല്ലെ ?’ കെ സുധാകരന്റെ ഫേസ്ബുക്കിൽ ചില കോൺഗ്രസ് പ്രവർത്തകർ അഭിപ്രായം പോസ്റ്റുചെയ്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here