തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും ഏപ്രിൽ, മെയ്‌ മാസങ്ങളിലും നടക്കും.

പരീക്ഷകൾ സുഗമമായി നടത്താൻ വിദ്യാഭ്യാസവകുപ്പ്‌ നടപടി സ്വീകരിച്ചു. പാഠഭാഗങ്ങളുടെ പൂർത്തിയാക്കൽ സംബന്ധിച്ച് പ്രതിവാര അവലോകനം നടത്താനും റിപ്പോർട്ട്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ പഠനവിടവ് പരിഹരിക്കാൻ എസ്എസ്‌കെ-യുടെയും എൻഎസ്‌എസിന്റെയും ഡയറ്റുകളുടെയും നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നുണ്ട്‌. 

ആദിവാസി, തീരദേശമേഖലകളിലെ വിദ്യാർഥികളുടെ വീടുകളിലെത്തി പഠനപിന്തുണയും നൽകുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽനിന്ന്‌ കേരളത്തിലെ കുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പൊതുപരീക്ഷകൾ സമയബന്ധിതമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയുറപ്പിച്ച് സ്‌കൂൾ പഠനം
സ്‌കൂൾ തുറന്നശേഷം കോവിഡ് വ്യാപനവും കുട്ടികളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട്‌ ഗൗരവമായ വിഷയങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. മാനദണ്ഡം പാലിച്ചാണ്‌ പ്രവർത്തനം. 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തിയാണ്‌ പ്രീപ്രൈമറി ക്ലാസ്‌ ഉച്ചവരെ നടക്കുന്നത്‌. 65 ശതമാനം കുട്ടികൾ ഹാജരാകുന്നുണ്ട്. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ ഹാജർ നിലവാരം 90 ശതമാനംവരെയാണ്‌.

പാഠപുസ്തക അച്ചടി പൂർത്തിയായി
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. ഇവയുടെ വിതരണം സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ, ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും വിതരണച്ചുമതല വഹിക്കുന്ന കെബിപിഎസും സജ്ജരാണ്‌. സംസ്ഥാനത്തെ 14 ജില്ലാ ഹബ്ബിലും അച്ചടിച്ച പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.
 

LEAVE A REPLY

Please enter your comment!
Please enter your name here