രാജേഷ് തില്ലങ്കേരി

പാഠം പഠിച്ച് പഠിച്ച് തോറ്റുകൊണ്ടേയിരിക്കുകയെന്നതാണ് കോൺഗ്രസിന്റെ ശൈലി. ഇന്ത്യയിൽ മഷിയിട്ടു നോക്കി കണ്ടു പിടിക്കേണ്ട പാർട്ടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറിയിരിക്കുന്നു. കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്നതുപോലും നഷ്ടമാവുന്ന ദയനീയ കാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ബി ജെ പിയെ തകർക്കുമെന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ അതിനു വേണ്ടിയുള്ള രാഷ്ട്രീയ  മുന്നൊരുക്കങ്ങളൊന്നും നടത്താൻ കോൺഗ്രസിന് സാധിക്കുന്നില്ല. കോൺഗ്രസിന് പ്രായമായി ഇനി പഴയതുപോലെയൊന്നും നടക്കില്ലെന്നാണ് ട്രോളന്മാരുടെ കമന്റ്.
 
കോൺഗ്രസിന് പ്രായമായി എന്നത് ഒരു സത്യമാണ്. നെഹ്രു കുടുംബത്തിന്റെ പഴയകാലത്തെ ‘ഗുഡ്വിൽ’ ഉപയോഗിച്ച് ഇനി അധികകാലം ഈ പാർട്ടിക്ക് മുന്നോട്ട് പോവാൻ കഴിയില്ലെന്ന് കോൺഗ്രസുകാരായ ചില ദേശീയ നേതാക്കൾ നേരത്തെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധിയെന്ന നേതാക്കളെ ചുറ്റിപ്പറ്റിയാണ് കോൺഗ്രസ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഗാന്ധി കുടുംബം എന്ന വ്യാജ പേരും പറഞ്ഞ്  ഇന്ധിരാഗാന്ധിയുടെ മരുമകളും, കൊച്ചുമക്കളും ഈ പാർട്ടിയെ കുളിപ്പിച്ചെടുത്തിരിക്കയാണ്.
 
ജി 23 നേതാക്കൾ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് സ്ഥിരം കോൺഗ്രസിന് സ്ഥിരം  അധ്യക്ഷനെ നിയമിക്കണമെന്ന്. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ശക്തനായ ഒരു അധ്യക്ഷനെ വേണമെന്നാണ് ജി 23 നേതാക്കളുന്നയിച്ചുകൊണ്ടേയിരിക്കുന്ന ആവശ്യം. കെ സി വേണുഗോപാലിനെ പോലുള്ള ഇത്തക്കണ്ണി നേതാക്കൾ ചേർന്ന് നടത്തുന്ന കഴിവുകെട്ട പ്രവർത്തനമാണ് കോൺഗ്രസിനേറ്റ ഏറ്റവും വലിയ ശാപം.
 
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായതും, പിന്നീട് രാജിവച്ചതുമല്ലാം വലിയ നാടകങ്ങളായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സോണിയാ-രാഹുൽ-പ്രിയങ്ക ത്രയങ്ങളാണ് എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. അനുഭവ സമ്പത്തുള്ള നേതാക്കളെ മാറ്റി നിർത്തിയും അകറ്റി നിർത്തിയും കോൺഗ്രസിനെ മുന്നോട്ടുകൊണ്ടു പോകാൻ  സോണിയാ ഗാന്ധിക്ക്  ഇനി കഴിയില്ലെന്ന് വ്യക്തമാണ്. ഹൈക്കമാന്റ് എന്നത് ലോകമാന്റായി.  ഇനി കോൺഗ്രസിനെ രക്ഷിക്കാൻ ബൂസ്റ്റർ ഡോസ് വേണം. കോൺഗ്രസിന് ബദലായി മറ്റൊരു ജനാധിപത്യ പ്രസ്ഥാനം ദേശീയതലത്തിൽ ഉണ്ടാവുന്നില്ല.  ബി ജെ പിയുടെ കൈകളിലേക്ക് രാജ്യം പൂർണമായും എത്തുന്നതിന്റെ രാഷ്ട്രീയ അപകടം ഇതുവരെയും തിരിച്ചറിയാത്തവരല്ല ബി ജെ പിയെ അധികാരത്തിലേറ്റിയത് എന്നു കൂടി നാം മനസിലാക്കേണ്ടതുണ്ട്.
 
കോൺഗ്രസിനെ രക്ഷിക്കാനുള്ള ജി 23 യുടെ നീക്കങ്ങൾ വിജയം കാണുമോ, അതോ അവർ മറ്റൊരു രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്നും ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ് രാജ്യം. കപിൽ സിബൽ തുടങ്ങിയ ജി-23 നേതാക്കൾ ശക്തമായ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്.

പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരം പിടിച്ചതോടെ ദേശീയ ബദൽ ആം ആദ്മി പാർട്ടിയാണെന്ന് വാദിക്കുന്ന ഒരു കൂട്ടരുണ്ടിവിടെ. എന്നാൽ ഡൽഹിയിൽ നിന്നും ആം ആദ്മി പാർട്ടി പഞ്ചാബിലെത്തുമ്പോൾ അതിന് ദേശീയ മുഖ മുണ്ടെന്നൊക്കെ പറയുന്നതിൽ വലിയ അർത്ഥമില്ല. ദേശീയ നയമൊ, പാർട്ടി നയങ്ങളോ ഒന്നുമില്ലാത്ത ഒരു പ്രസ്ഥാനമാണ് ആം ആദ്മി പാർട്ടി. അടുപ്പ അഞ്ചു വർഷത്തിനിടയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് കഴിയുമെന്ന് ചിലരൊക്കെ വിശ്വസിക്കുന്നുണ്ട്. അത് കോൺഗ്രസിന്റെ തകർച്ച കണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ടവർ പ്രചരിപ്പിക്കുന്നതാണ്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേടിയ തുടർഭരണവും തൃണമൂൽ നേതാവ് മമതാ ബാനർജി ബി ജെ പിക്കെതിരെ നടത്തിയ കടന്നാക്രമണവും വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. മമതയും ദേശീയ ബദലെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. എന്നാൽ ഒരു ദേശത്ത് മാത്രം ഒതുങ്ങിപ്പോവുന്ന രാഷ്ട്രീയമേ ഇവയ്ക്കൊക്കെ മുന്നോട്ടുവെക്കാനുള്ളൂ. ബി ജെ പിയുടെ പ്രവർത്തനങ്ങൾ വളരെ അടിത്തട്ടിലാണ് നടക്കുന്നത്. ആർ എസ് എസിന്റെ കേഡർമാർ  നടത്തിക്കൊണ്ടിരിക്കുന്ന ചിട്ടയായ പ്രവർത്തനമാണ് നാലിടങ്ങളിലെ വിജയം. പഞ്ചാബിൽ നേരത്തെ ബി ജെ പിയുടെ നീക്കം തടയപ്പെട്ടതാണ്.
 
ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിലാണ് ആം ആദ്മിയുടെ വളർച്ച. സ്ത്രീകളും യുവാക്കളും വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മിയുടെ പിന്നിൽ അണിനിരക്കുന്നത്. പുതിയ പാർട്ടിയെന്ന നിലയിൽ ആർക്കും പ്രതീക്ഷ നൽകുന്നതുതന്നെയാണ് ആം ആദ്മിയുടെ പ്രവർത്തനവും. എന്നാൽ അരവിന്ദ് കെജരിവാൾ എന്ന ഒരാളിൽ കേന്ദ്രീകൃതമായ സംഘടനയാണ് ആം ആദ്മി. ഡൽഹിയിൽ മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് കെജരിവാളിന് എങ്ങിനെ ആം ആദ്മി പാർട്ടിയെ വളർത്താനാവുമെന്ന് ചോദ്യം പ്രസക്തവുമാണ്. എന്തായാലും അതൊക്കെ വരാനിരിക്കുന്ന കാര്യങ്ങളാണ്.



പഞ്ചാബിൽ എങ്ങിനെ തോറ്റു ?



പഞ്ചാബിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം കോൺഗ്രസ് അധ്യക്ഷയ്ക്കുമാത്രമാണ്.   തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയെ മാറ്റിയത് ഗുരുതരമായ തെറ്റായി. ഇത് രാഷ്ട്രീയ മായ തിരിച്ചടിക്ക് ആക്കം കൂട്ടി.

തമ്മിലടിയും മൂപ്പിളമ പ്രശ്നവും അധികാര വടം വലിയുമാണ് പഞ്ചാബിൽ പിന്നീടുണ്ടായത്. ഇതെല്ലാം കോൺഗ്രസിനെ തകർത്തു. കോൺഗ്രസിന്  മറ്റ് സംസ്ഥാനങ്ങളിലുണ്ടായ തകർച്ചയക്കും ഇതൊക്കെതന്നെയായിരുന്നു കാരണം. ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും ഗോവയിൽ കഴിഞ്ഞ തവണ സർക്കാരുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. അതോട അവിടെയുണ്ടായ രാഷ്ട്രീയ നാടകങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ നാണിപ്പിക്കുന്നതായിരുന്നു. വമ്പൻ കുതിരകച്ചവടം നടന്നു.  മണിപ്പൂരിലും അതൊക്കെത്തന്നെയായിരുന്നു സ്ഥിതി. ഇത്തവണ ഗോവയിലെയും മണിപ്പൂരിലെയും വോട്ടർമാർ  കുതിര കച്ചവടത്തിനൊന്നും  അവസരം നൽകിയില്ല.


പഞ്ചാബിൽ കോൺഗ്രസ് സ്വയം ഇരന്നു വാങ്ങിയ തോൽവി എന്നു വിശേഷിപ്പിക്കുന്നതാണ് ശരി. എന്നാൽ യുപിയിലെ ദയനീയ തോൽവിക്ക് പലതാണ് കാരണങ്ങൾ.  യോഗി ആഥിത്യനാഥ് എന്ന ബി ജെ പി മുഖ്യനെതിരെ  കോൺഗ്രസിന് പ്രത്യേകിച്ച് ഒരുനീക്കവും നടത്താൻ കഴിയാതെ പോയത് എന്തുകൊണ്ടാണ് ഇനിയെങ്കിലും പഠിക്കണം.  ജാതി രാഷ്ട്രീയത്തിന് അപ്പുറം വികസനമെന്ന നയവും ബി ജെ പി യു പിയിൽ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന തിരിച്ചടികളെ വളരെ മുൻകൂട്ടി കണ്ടു, ഏറ്റവും അടിത്തട്ടിൽ പ്രവർത്തിച്ചു, ഇതാണ് യോഗിയുടെ വിജയത്തിന് തിളക്കം കൂട്ടിയത്.

യോഗിയുടെ നയങ്ങളെ ശക്തമായി എതിർത്തുകൊണ്ട് മുന്നേറിയ എസ് പിക്ക് ഏറെ മുന്നേറാനായി എന്നതും ശ്രദ്ധിക്കാതെ പോകരുത്.  അഖിലേഷ് യാദവിന് ആശ്വസിക്കാൻ ഏറെയാണ് വകനൽകുന്നത്. യോഗിയുടെ മുന്നിൽ അഖിലേഷ് ശക്തനായ എതിരാളിതന്നെയാണ്. എന്നാൽ കോൺഗ്രസിനും ബി എസ് പിക്കും അതിദയനീയമായ തിരിച്ചടിയാണ് ലഭിച്ചത്.

 ദളിത് രാഷ്ട്രീയം ഒരുകാലത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്ന സംസ്ഥാനമാണ് യു പി. മായാവതിയെ മുഖ്യമന്ത്രി കസേരയിൽ അവരോധിച്ചു ജനം. എന്നാൽ ലഭിച്ച അധികാരം ദുർവിനിയോഗം ചെയ്തതോടെ ജനം മായാവതിയുടെ പാർട്ടിയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരു ദലിത് മൂവ് മെന്റിനുപോലും സാധ്യമാവാത്തവിധം ബി എസ് പി തർന്നടിഞ്ഞു.  . മായാവതിയുടെ ബി എസ് പിക്ക് എന്ത് പ്രശക്തിയാണ് ഉള്ളതെന്ന് വലിയൊരു ചോദ്യ ചിഹ്നമാണ് യു പിയിൽ ബാക്കിയാവുന്നത്.

തല്ലിയും തലോടിയും വല്യേട്ടനും കുഞ്ഞേട്ടനും


വലതു കമ്യൂണിസ്റ്റ് പാർട്ടിയെന്നാണ് പണ്ടൊക്കെ സി പി ഐയെ സി പി എമ്മുകാർ വിശേഷിപ്പിച്ചിരുന്നത്. അന്ന് സി പി ഐ കോൺഗ്രസുമായി ചേർന്ന് സംസ്ഥാനത്ത് സർക്കാരുണ്ടാക്കിയ കാലമായിരുന്നു. കാലം ഏറെയായി സി പി ഐ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചിട്ട്. എന്നിട്ടെന്ത് കാര്യം , സി പി എമ്മിന് ഇപ്പോഴും സി പി ഐയെന്നാൽ ഒരു വലതു പക്ഷ പാർട്ടിയാണ്. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണെങ്കിലും പഴയകാലത്തെ വിരോധത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്ന് വ്യക്തം. ചിന്തയിലൂടെ സി പി ഐയ്ക്കെതിരെ ആഞ്ഞടിച്ചതും, നവയുഗത്തിലൂടെ സി പി എമ്മിനെതിരെ ആഞ്ഞടിച്ചും ഇവർ അണികളെ ആവേശത്തിൽ നിർത്താൻ ശ്രമിക്കുകയാണ്.
ബൂർഷ്വാ പാർട്ടിയുമായി അധികാരം പങ്കിട്ടുവെന്നതാണ് സി പി ഐക്കെതിരെയുള്ള ആരോപണം. 
 
കമ്യൂണിസത്തിന്റെ പേരുപയോഗിക്കാൻ പോലും കൊള്ളാത്ത പാർട്ടിയാണ് സി പി ഐ എന്ന് സി പി എം മുഖപത്രമായ ചിന്തയിലൂടെ വ്യക്തമാക്കിയിരിക്കുന്നു.
കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ എം എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സി പി ഐ മറുപടി നൽകിയിരിക്കുന്നത്. ഇ എം എസ്സിന്റെ നിലപാടാണ് നക്സൽബാരികളെ വളർത്തിയതെന്നാണ് സി പി ഐ നവയുഗത്തിലൂടെ ആരോപിച്ചിരിക്കുന്നത്. പോരാട്ടം രണ്ടു പാർട്ടികളുടെയും പാർട്ടി കോൺഗ്രസ് കഴിയും വരെ തുടരുമെന്ന് വ്യക്തം. പരസ്പരം വിശ്വാസമില്ലെങ്കിലും ഭരണത്തിൽ പങ്കാളിയാവും, ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെയും നേരിടും, വിജയിക്കുകയും ചെയ്യും. എന്തൊക്കെ വിചിത്രമായ ആചാരങ്ങൾ !!!

രാജ്യസഭാ സീറ്റ് സി പി ഐ ക്ക് കൊടുത്തതോടെ തല്ലിന് ഒരു തലോടലായി. കണ്ണൂരിന്റെ വിപ്ലവ മണ്ണില്‍ നിന്നും നിനച്ചിരിക്കാതെ ഒരു എം പി അങ്ങ് ഡല്‍ഹിയിലേക്ക് കയറുകയാണ്. സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ….. എന്നാണ് കാനം സഖാവിന്റെ മനസിലിരിപ്പ്…..



സി പി ഐയിലും പ്രായപരിധി


കമ്യൂണിസ്റ്റ് പാർട്ടികൾ തലമുറമാറ്റത്തിനൊരുങ്ങുകയാണ്. ആദ്യം വല്യേട്ടനാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പാർട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കുന്നവരുടെ പ്രായപരിധി 75 ആയി പരിമിതപ്പെടുത്താൻ.  75 കഴിഞ്ഞ ആർക്കും പാർട്ടി ചുമതലകൾ നൽകേണ്ടതില്ലെന്നായിരുന്നു സി പി എം പൊളിറ്റ് ബ്യൂറോയുടെ തീരുമാനം. കഴിഞ്ഞ പാർട്ടി പ്ലീനത്തിൽ ഈ പ്രായപരിധി കൃത്യമായി നടപ്പാക്കാൻ തീരുമാനമെടുത്തു. സി പി എം സമ്മേളനങ്ങളിലെല്ലാം ഈ തീരുമാനം നടപ്പാക്കികഴിഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ ആനത്തലവട്ടത്തിനും, ജി സുധാകരനുമടക്കം ജോലി നഷ്ടമായത് അങ്ങിനെയാണ്. പൊളിറ്റ് ബ്യൂറോയിൽ എസ് ആർ പി യടക്കം ചിലരുടെ ജോലിയും പോവും. മുഖ്യമന്ത്രി പിണറായി വിജയനുമാത്രമാണ് പ്രത്യേക പരിഗണന ലഭിച്ചത്.


സി പി ഐയും ഇതേ പാതയിലാണത്രേ, ദേശീയ സെക്രട്ടറി എ രാജയാണ് സി പി ഐയും പ്രായപരിധി കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചത്. ജില്ലാ, സംസ്ഥാന സമ്മേളനത്തിൽ ഇത് നടപ്പാക്കിതുടങ്ങും. വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ എത്തുമ്പോൾ കുറേയധികം പുതുമുഖങ്ങൾ സി പി ഐ നേതൃത്വത്തിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.



മീഡിയ വൺ ചാനലിനലും സുപ്രീം കോടതി വിധിയും


മീഡിയ വൺ  ചാനലിന്റെ  വിലക്ക് സുപ്രീം കോടതി  സ്റ്റേ ചെയ്തിരിക്കുന്നു. . മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവാണ്  സുപ്രീം കോടതി സ്റ്റേ ചെയ്തത്.  ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ ചാനൽ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചു.  നേരത്തെ പ്രവർത്തിച്ചിരുന്ന രീതിയിൽ പ്രവർത്തനം തുടരാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിൽ മാധ്യമ സ്ഥാപനമെന്ന നിലക്ക് പരിരക്ഷയുണ്ടെന്നാണ് നിരീക്ഷണം.


കേന്ദ്രസർക്കാരിന്റെ നിലപാട് ശരിവച്ച കേരള ഹൈക്കോടതിവിധിയെ തുടർന്ന് മീഡിയാ വൺ  സംപ്രേക്ഷണം നിർത്തിവച്ചിരിക്കയായിരുന്നു.   പതിനൊന്ന് വർഷമായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയാണ് ചാനലെന്നും നിരോധനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മീഡിയ വണ്ണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേ വാദിച്ചു.

വിലക്ക് സ്റ്റേ ചെയ്യരുത് എന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്രസർക്കാർ

ന്യൂനപക്ഷം നടത്തുന്ന ചാനലായതിനാലാണ് 6 ആഴ്ചയായി അടഞ്ഞുകിടക്കുന്നതെന്നായിരുന്നു മീഡിയ വൺ അഭിഭാഷകൻ ദുഷ്യന്ത് ദവേയുടെ ആരോപണം. ചാനൽ തുടങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. നിരോധനത്തിന്റെ യഥാർത്ഥ കാരണങ്ങൾ സർക്കാരിന്റെ കൈവശമില്ലന്നാണ് വ്യക്തമാകുന്നതെന്നും കോടതിയിൽ വാദം.
 

മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടുന്ന കേന്ദ്ര നയത്തിന്റെ തുടർച്ചയായാണ് മീഡിയാ വൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടിയെന്നും മീഡിയാവണിനെതിരെ ഉണ്ടായ നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധവും കേരളത്തിൽ ഉയർന്നിരുന്നു. ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു മീഡിയാ വൺ നിരോധനം.


ഹിജാബ് കത്താതെ സൂക്ഷിക്കണം

കർണ്ണാടകയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹിജാബ് വിഷയത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് വർഗീയമായി ചേരിതിരിവുണ്ടാക്കുന്ന തരത്തിലേക്ക് വഴിമാറിയത്. കർണ്ണാടകയിലെ ഉഡുപ്പിയിലെ ഒരു വിദ്യാലയത്തിലാണ് വിഷയം ആദ്യമായി വിവാദമായത്. പിന്നീട് സംസ്ഥാനത്താകമാനം പടർന്നു.

ഹൈക്കോടതി ഹിജാബ് വിഷയത്തിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഹിജാബ് നിരോധനം തുടരുമെന്നും, ഹിജാബ് ധരിക്കാനുള്ള അവകാശം മൗലിക അവകാസമല്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.  വിദ്യാലയങ്ങളിൽ യൂണിഫോം നടപ്പാക്കാനുള്ള അധികാരം വിദ്യാലയ അധികൃതർക്കാണ്. ഹിജാബ് വിഷയം ഊതിവീർപ്പിച്ച് വലിയ കലാപത്തിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. അത് ആരും മറക്കാതിരിക്കുക. മനുഷ്യനാണ് ആചാരം ഉണ്ടാക്കിയത്. ഇത് ആരും മറക്കാതിരിക്കുക.

വദേരയുടെ നൂലിൽ ഇറങ്ങുന്ന എം പിമാർ

രാഷ്ട്രീയത്തിലേക്ക് ഉടൻ ഇറങ്ങുമെന്ന റോബർട്ട് വദേരയുടെ പ്രഖ്യാപനം ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് ആരും കരുതിയില്ല. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ റോബർട്ട വദേരയുടെ ബിസിനസ് പങ്കാളിയായ ശ്രീനിവാസൻ കൃഷ്ണന്റെ പേര് കേരളത്തിൽ നിന്നും ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് നിർദ്ദേശിച്ചാണ് വദേര തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കേരളത്തിൽ രാജ്യസഭയിലേക്ക് എങ്ങിനെയെങ്കിലും കയറിപ്പറ്റാനായി കോൺഗ്രസുകാർ വട്ടമിട്ടു പറക്കുന്നതിനിടയിലാണ് വദേരയുടെ ഈ കൊടുംചതി.


മയാളിയും എ ഐ സി സി ഭാരവാഹിയുമാണല്ലോ ഈ ശ്രീനിവാസൻ കൃഷ്ണൻ എന്നൊക്കെ മറുചോദ്യവുമായി ഗാന്ധി ഭക്തർ എത്തുമെന്നുറപ്പാണ്. എന്നാലും ഒരു കാര്യം പറയാം, കാര്യങ്ങൾ കൈവിടുന്നതിന് മുൻപ് ശ്രീനിവാസനെയും കൊണ്ട് ഓടി രക്ഷപ്പെടുന്നതാണ് നല്ലത്. അഞ്ച് സംസ്ഥാനങ്ങളിൽ പപ്പടം പൊട്ടുന്നതുപോലെ പൊട്ടിയിട്ടും, ആ ജി 23 മാമൻമാർ ഉപദേശിച്ചിട്ടും പ്രിയങ്കയ്ക്ക് ഒരു കുലുക്കവുമില്ലത്രേ… എന്തു ചെയ്യാം. നൂലിൽ ആരെയെങ്കിലും കെട്ടിയിറക്കിയുള്ള ശീലം അങ്ങിനെ മറക്കാനാവുമോ ലോകരേ….

എന്തായാലും കേരളത്തിൽ ഈ അഭ്യാസമൊന്നും നടക്കില്ലെങ്കിലും ഒരു ട്രയൽ ആയെങ്കിലും ഈ നൂൽ രാഷ്ട്രീയത്തെ കാണാം. വയനാട്ടിൽ രാഹുൽജിയും സുരക്ഷിതമായൊരിടത്ത് അളിയൻജിയും മത്സരിക്കാനെത്തിയാൽ ആരും അത്ഭുതപ്പെടേണ്ടതില്ല……


കെ റെയിലിൽ പ്രതിഷേധം തുടരുന്നു


കേരളത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കോടികൾ തുലച്ച് ഇത്തരമൊരു പദ്ധതി എന്തിനെന്ന ചോദ്യം നേരത്തെ തന്നെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു. 22 വർഷം മുൻപ് കേരളത്തിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ട എക്സ്പ്രസ് വേ സംസ്ഥാനത്തെ രണ്ടാക്കിമാറ്റുമെന്നായിരുന്നു ഇടത് പാർട്ടികൾ ഉന്നയിച്ചിരുന്നത്. അതേ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
 
ഇപ്പോഴിതാ എൽ ഡി എഫ് സർക്കാർ കെ റെയിൽ എന്ന പദ്ധതിയുമായി എത്തിയിരിക്കയാണ്. പ്രതിഷേധം വിഷയമല്ല എന്നും പദ്ധതി നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രിയും സി പി എം നേതാക്കളും ആർവത്തിച്ച് വ്യക്തമാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിഷേധവും തുടരുകയാണ്. യു ഡി എഫ് ശക്തമായ വിയോജിപ്പുമായി കെ റെയിലിനെതിരെ രംരഗത്തുണ്ട്.
സമര കോലാഹലങ്ങൾക്കായി കാതോർത്തിരിക്കയാണ് കേരളം.  


വാൽകഷണം : 
 
കെ റെയിൽ എന്ത് പ്രതിഷേധമുണ്ടായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. പൗരപ്രമുഖരുടെ പിന്തുണയുണ്ട്, പിന്നെ എന്തിന് മുഖ്യമന്ത്രി ഭയക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here