തിരുവനന്തപുരം: ഐ എൻ ടി യു സി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി പാർട്ടി. തർക്കം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഐ എൻ ടി യു സി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനും ഇന്ന് വെവ്വേറെ വാർത്താസമ്മേളനങ്ങൾ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും. പാർട്ടിയും തൊഴിലാളി സംഘടനയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകദേശ ധാരണയായെന്നാണ് റിപ്പോർട്ടുകൾ.

രണ്ട് ദിവസത്തെ പൊതുപണിമുടക്കിനിടെയായിരുന്നു വി ഡി സതീശൻ ഐ എൻ ടി യു സിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. ഐ എൻ ടി യു സി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോടു പറഞ്ഞത്. ഇതിനു പിന്നാലെ സംഘടനാ നേതാക്കൾ വി ഡി സതീശനെതിരെ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സംഭവത്തെപ്പറ്റി ഐഎൻടിയുസി കെപിപിസി പ്രസിഡന്റിനു കത്ത് നൽകുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തുറന്നത്. ഐഎൻടിയുസിയുടെ 75-ാം വാർഷികം അടുത്ത മാസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ വിഷയം വഷളാക്കാതെ പരിഹരിക്കണമെന്ന നിലപാടിലാണ് പാർട്ടി

ആർ ചന്ദ്രശേഖരൻ ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ശനിയാഴ്ച ചേർന്ന കെപിസിസി നേതൃയോഗത്തിനു ശേഷമാണ് കെ സുധാകരൻ മാധ്യമങ്ങളെ കാണുന്ന വിവരം അറിയിച്ചത്. കണ്ണൂരിൽ വെച്ച് ഓൺലൈനായി നേതൃയോഗത്തിൽ പങ്കെടുത്ത കെ സുധാകരൻ ഇന്ന് തിരുവനനന്തപുരത്തെത്തും. ഐഎൻടിയുസി കെപിസിസി അധ്യക്ഷനെ വിഷയത്തിൽ അതൃപ്തി അറിയിച്ചതിനു പിന്നാലെ സുധാകരൻ വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, തർക്കം അടഞ്ഞ അധ്യായമാണെന്ന് സതീശൻ വിശദീകരിക്കുകയായിരുന്നു. സതീശന്റെ പ്രസ്താവനയോടു കൂടി ഇരുവിഭാഗവും തർക്കത്തിൽ നിന്ന് അയഞ്ഞു എന്നാണ് കെപിസിസി നേതൃത്വം വിശദീകരിക്കുന്നത്.

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന്റെ ഭാഗമായി ഐഎൻടിയുസി സിഐടിയു അടക്കമുള്ള ഇടതുസംഘടനകളോട് അടുക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. യുപിഎ കാലത്തു തന്നെ സിഐടിയുവിനൊപ്പം ഐഎൻടിയുസി അടക്കമുള്ള സംഘടനകളും പൊതുപണിമുടക്കിന്റെ ഭാഗമായിരുന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here