കൊച്ചി: കണ്ണൂരിൽ  നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ്  സെമിനാറിൽ പങ്കെടുക്കുന്നത് തള്ളാതെ കോൺഗ്രസ് നേതാവ് കെ വി തോമസ്.  അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.വി തോമസ് പറഞ്ഞു.

2024 ൽ ദേശീയ തലത്തിൽ കോൺഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തിൽ ഉണ്ടാകേണ്ടതുണ്ട്. അതിന് സി പി എം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാർട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. വിഷയത്തെപറ്റി അറിവുള്ളയാൾ എന്ന നിലയിൽ കൂടിയാണ് വിളിച്ചത് എന്നും കെ വി തോമസ് പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസിൻറെ ഭാഗമായ സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കെ വി തോമസിനോട് ഹൈക്കമാൻഡ് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് സി പി എം നേതൃത്വം വിശദീകരിച്ചതിന് പിറകെയാണ് ഹൈക്കമാൻഡ് ഇന്നലെ തീരുമാനം വ്യക്തമാക്കിയത്. രണ്ടാം തവണയും അനുവാദം  തേടി കത്ത് അയച്ച കെ വി തോമസിൻറെ നടപടിയിൽ  സംസ്ഥാന കോൺഗ്രസ്സിൽ കടുത്ത അതൃപ്തി ഉയർന്നിരുന്നു.

പാർട്ടി കോൺഗ്രസ്സിൻറെ ഭാഗമായ സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ച വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് ഒപ്പമാണെന്ന സന്ദേശമാണ്  ഹൈക്കമാൻഡ് നൽകുന്നത്. ഇക്കാര്യത്തിൽ ഇനി പ്രത്യേകിച്ച് നിർദ്ദേശം നൽകില്ലന്നും സെമിനാറിൽ പങ്കെടുക്കേണ്ടെന്നും  എ ഐ സി സി വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസ് വിലക്ക് ലംഘിച്ച് കെ വി തോമസ് സെമിനാറിൽ എത്തുമെന്നാണ് , സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാൻറെ പ്രതികരണം ഇതോടെയാണ് വീണ്ടും വിഷയം സജീവമായത്. അനുമതി തേടി സോണിയാഗാന്ധിയ്ക്ക് വീണ്ടും കത്തയച്ചിട്ടുണ്ടെന്ന് കെ വി തോമസ് പ്രതികരിച്ചതോടെ വിവാദം മുറുകി. കെ വി തോമസിൻറെ നടപടിയിൽ കടുത്ത എതിർപ്പുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ഒരിക്കൽ അനുമതി തള്ളിയ വിഷയത്തിൽ വീണ്ടും കത്തയക്കുന്നത് മറ്റ് താൽപ്പര്യം മുൻനിർത്തിയാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here