കണ്ണൂർ: സി പി എം  സ്വീകരിക്കേണ്ട രാഷ്ട്രീയ ലൈനെക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തിലും ഭിന്നാഭിപ്രായം. രാഷ്ട്രീയ സംഘടന റിപ്പോർട്ട് പിബി അംഗീകരിച്ചത് ബി വി രാഘവലു നൽകിയ ബദൽ നിർദ്ദേശം തള്ളിയെന്നാണ് വാർത്തകൾ. വിശാല മതേതര കൂട്ടായ്മ എന്ന രാഷ്ട്രീയ അടവുനയം നടപ്പാക്കുന്നതിന് പകരം ഇടതു ജനാധിപത്യ ചേരി മതിയെന്ന നിർദ്ദേശമാണ് രാഘവലു മുന്നോട്ടു വച്ചത്.

സി പി എം പാർട്ടി കോൺഗ്രസിനായുള്ള രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ അടവുനയം തുടരണം എന്ന നിർദ്ദേശമാണ് അവസാനം നൽകുന്നത്. ദേശീയതലത്തിൽ സാധ്യമായ വിശാല കൂട്ടായ്മയ്ക്കുള്ള ഇടം ഈ നിർദ്ദേശം നൽകുന്നു. എന്നാൽ ഈ രാഷ്ട്രീയ ലൈനിനോട് പൊളിറ്റ് ബ്യൂറോയിൽ എതിർപ്പുണ്ടായിരുന്നു എന്നാണ് സൂചന. ബി വി രാഘവലു നൽകിയ ബദൽ കുറിപ്പ് അംഗീകരിക്കാതെയാണ് കരട് രാഷ്ട്രീയ സംഘടന പൊളിറ്റ് ബ്യൂറോ റിപ്പോർട്ട് തയ്യാറാക്കിയത്.

സി പി എം വിപ്ലവ പാർട്ടിയാണ്. പാർട്ടിയുടെ ശക്തി കൂട്ടുമ്പോൾ ഇടത് ജനാധിപത്യ ബദൽ എന്ന നയത്തിൽ ഉറച്ച് നിൽക്കണം. തൽക്കാലം ഇടത് ജനകീയ മുന്നണി മാത്രം മതി എന്നായിരുന്നു നിർദ്ദേശം. രാഘവലുവിൻറെ കുറിപ്പ് തള്ളിയെങ്കിലും ചില നിർദ്ദേശങ്ങൾ സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ഹൈദരാബാദിൽ ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ഭിന്നത തുടർന്നപ്പോൾ യെച്ചൂരിക്ക് പകരം രാഘവലുവിൻറെ പേരാണ് ഒരു പക്ഷം മുന്നോട്ടു വച്ചത്. വിശാല മതേതര കൂട്ടായ്മ എന്ന നയം നടപ്പാക്കാൻ യെച്ചൂരി വേണം എന്ന വാദമാണ് എതിർപക്ഷം ഉന്നയിച്ചത്.

ഇടതുജനാധിപത്യ മുന്നണി മതി എന്ന കാഴ്ചപ്പാട് യെച്ചൂരിയുടെ അടവു നയത്തിന് എതിരായ നിലപാടാണ്. നേതൃത്വത്തിൽ യെച്ചൂരിയോടുള്ള എതിർപ്പ് ചിലർ തുടരുന്നു എന്ന സന്ദേശം രാഘവലുവിൻറെ ബദൽ കുറിപ്പ് നൽകുന്നു. എന്നാൽ ഇത്തവണ യെച്ചൂരിക്ക് ഒരു വട്ടം കൂടി നൽകണം എന്ന പാർട്ടിയിലെ ധാരണയ്ക്ക് മാറ്റം വരാൻ ഇടയില്ല.  

LEAVE A REPLY

Please enter your comment!
Please enter your name here