കോഴിക്കോട് : കോടഞ്ചേരി ലൗ ജിഹാദ്  വിഷയത്തിൽ ജോർജ് എം തോമസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണ്. ഇക്കാര്യം ജോർജിനും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പി മോഹനൻ വിശദീകരിച്ചു. സി പി എം ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനൻ കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആർഎസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയിൽ ഈ വിവാഹം മുൻ നിർത്തി പാർട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. അത് വിശദീകരിക്കാൻ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, അത്  തിരുത്താനാണ് പൊതുയോഗം. ലൗ ജിഹാദിനെ പറ്റിയുള്ള പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷെജിനും ജോയ്‌സനയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം ഉറപ്പാക്കുമെന്നും പി മോഹനൻ അറിയിച്ചു. പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്. ഷെജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജ്യോത്സ്‌ന  തമ്മിലുള്ള വിവാഹത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട് എന്ന് ഡിവൈഎഫ്‌ഐ കേരളഘടകത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here