പാലക്കാട്: കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒടുകിൻചോട് കൊച്ചുപറമ്പിൽ എൽസി (58) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് അപ്പച്ചൻ എന്ന വർഗീസ്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് എത്തിയതിനു ശേഷമാണ് അയൽവാസികൾ വിവരം അറിയുന്നത്.

ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വർഗീസ് തന്നെയാണ് കൊലപാതക വിവരം പൊലീസിൽ വിളിച്ചറിയിച്ചത്.  പൊലീസിനോട് താനും മരിക്കാൻ പോവുകയാണെന്ന് പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും വർഗീസ് തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു.

അടുക്കളയിലെ കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന വർഗീസിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ഇയാൾ അപകട നില തരണം ചെയ്തതായി പൊലീസ് പറയുന്നു. എന്നാൽ എന്താണ് കൊലപാതക കാരണം എന്നത് വ്യക്തമല്ല. വർഗീസും ഭാര്യ എൽസിയും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

വർഗീസിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴിയെടുത്താൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോൾ ഇവരുടെ വീടിന് മുന്നിൽ ഫർണിച്ചർ നിർമ്മാണ ജോലി നടന്നിരുന്നു. എന്നാൽ മോട്ടോറിന്റെ  ശബ്ദം കാരണം അകത്ത് നടന്ന സംഭവങ്ങൾ ഇവർ അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു.

പൊലീസെത്തിയപ്പോഴാണ് കൊലപാതക വിവരം തൊഴിലാളികളും അറിഞ്ഞത്.  വർഗീസിനും ലിസിയക്കും രണ്ടു മക്കളാണുള്ളത്. മക്കൾ രണ്ടു പേരും സ്ഥലത്തുണ്ടായിരുന്നില്ല. കൊലപാതകത്തിൽ നടുങ്ങി നിൽക്കുകയാണ് നാട്ടുകാർ.

LEAVE A REPLY

Please enter your comment!
Please enter your name here