മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (14-4-2022) നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ മൂന്ന് റണ്‍സിന്റെ ആവേശ ജയം തേടിയാണ് രാജസ്ഥാന്റെ വരവ്. അതേ സമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് വിക്കറ്റിന് തോറ്റ ക്ഷീണത്തിലാണ് ഗുജറാത്തെത്തുന്നത്. രണ്ട് ടീമുകളും ചാമ്പ്യന്‍ നിരയായതിനാല്‍ തകര്‍പ്പന്‍ പോരാട്ടം പ്രതീക്ഷിക്കാം. വൈകീട്ട് 7.30ന് നവി മുംബൈയിലാണ് മത്സരം. ഹര്‍ദിക് പാണ്ഡ്യ – സഞ്ജു സാംസണ്‍ എന്നീ നായകന്മാരുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരം കൂടിയാവും ഇത്.

തലപ്പത്ത് തുടരാന്‍ സഞ്ജുവും സംഘവും

നിലവിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാനാണ് രാജസ്ഥാന്‍ റോയല്‍സ്. നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റുള്ള രാജസ്ഥാന്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് തലപ്പത്ത് നില്‍ക്കുന്നത്. ഗുജറാത്തിനെതിരേ ഇറങ്ങുമ്പോഴും നെറ്റ് റണ്‍റേറ്റ് താഴാതിരിക്കാന്‍ രാജസ്ഥാന്‍ ശ്രമിക്കുമെന്നുറപ്പാണ്. കരുത്തുറ്റ പ്രകടനമാണ് ഇതുവരെ രാജസ്ഥാന്‍ കാഴ്ചവെച്ചത്.

 

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിന് തോല്‍പ്പിച്ച രാജസ്ഥാന്‍ രണ്ടാം മത്സരത്തില്‍ 23 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി. എന്നാല്‍ ആര്‍സിബിയോട് നാല് വിക്കറ്റിന് തോറ്റു. എന്നാല്‍ ലഖ്‌നൗവിനെ തോല്‍പ്പിച്ച് തിരിച്ചുവരാനുമായി. സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ ഫോമിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ പേസും ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരുടെ സ്പിന്നും ടീമിന് കരുത്ത് നല്‍കുന്നു.

ഗുജറാത്ത് നിസാരക്കാരല്ല

സീസണില്‍ ഹാട്രിക് ജയം നേടിയ ഗുജറാത്തിന് അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് കാലിടറിയെങ്കിലും തിരിച്ചുവരാന്‍ അവര്‍ക്ക് കരുത്തുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതം. നായകന്‍ ഹര്‍ദിക് പാണ്ഡ്യ മിടുക്കുകാട്ടുമ്പോള്‍ ബാറ്റുകൊണ്ട് ശുബ്മാന്‍ ഗില്ലാണ് പ്രധാന ആശ്രയം. മാത്യു വേഡ് ഇനിയും ഫോമിലേക്കെത്തേണ്ടതായുണ്ട്. ഡേവിഡ് മില്ലറില്‍ നിന്ന് വലിയ ഇന്നിങ്‌സ് ടീം പ്രതീക്ഷിക്കുന്നു. രാഹുല്‍ തെവാത്തിയ മിന്നും ഫിനിഷറാണ്.

എന്നാല്‍ ബൗളിങ് നിരയില്‍ ലോക്കി ഫെര്‍ഗൂസന്‍ നന്നായി റണ്‍സ് വഴങ്ങുന്നു. മുഹമ്മദ് ഷമിക്കൊപ്പം ഹര്‍ദിക്കും ന്യൂബോളില്‍ തിളങ്ങുന്നു. എന്നാല്‍ തെവാത്തിയ സ്പിന്നറെന്ന നിലയില്‍ വിക്കറ്റ് നേടേണ്ടതായുണ്ട്. റാഷിദ് ഖാന്റെ സ്പിന്‍ മികവ് ടീമിന്റെ കരുത്താണ്. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ റാഷിദ് നേടേണ്ടതായുണ്ട്. ഹൈദരാബാദിനൊപ്പം സൃഷ്ടിച്ച സമ്മര്‍ദ്ദം ഗുജറാത്തിനൊപ്പം റാഷിദിന് സൃഷ്ടിക്കാനാവുന്നില്ല.

കാത്തിരിക്കുന്ന റെക്കോഡുകള്‍

ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ രണ്ട് ക്യാച്ചുകള്‍ കൂടി നേടിയാല്‍ ടി20യില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. മിന്നും ഫീല്‍ഡറായ ഹര്‍ദിക്കിന് രാജസ്ഥാനെതിരേ തന്നെ ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചേക്കും. ഇതോടൊപ്പം അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഹര്‍ദിക്കിനാവും. പന്തുകൊണ്ട് മികച്ച ഫോമിലുള്ള ഹര്‍ദിക്ക് ഇതുവരെ അഞ്ച് വിക്കറ്റ് പ്രകടനം ഐപിഎല്ലില്‍ നടത്തിയിട്ടില്ല.

ഗുജറാത്ത് ടൈറ്റന്‍സിന്റെ സീനിയര്‍ താരം ഡേവിഡ് മില്ലര്‍ എട്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ടൂര്‍ണമെന്റില്‍ 100 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്കെത്തും. നിലവില്‍ അദ്ദേഹം മികച്ച ഫോമിലല്ല. 64 റണ്‍സ് നേടിയാല്‍ ടി20യില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കാനും മൂന്ന് സിക്‌സുകള്‍ നേടിയാല്‍ 350 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനും മില്ലര്‍ക്ക് സാധിക്കും.

ഗുജറാത്തിന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ വലിയൊരു നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ റാഷിദ് ഖാന് സാധിക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ ദേവ്ദത്ത് പടിക്കല്‍ രണ്ട് റണ്‍സ് കൂടി നേടിയാല്‍ 1000 റണ്‍സ് ഐപിഎല്ലില്‍ പൂര്‍ത്തിയാക്കാനാവും. രാജസ്ഥാന്റെ യുസ് വേന്ദ്ര ചഹാല്‍ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കെത്തും. രാജസ്ഥാന്റെ ആര്‍ അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തിയാല്‍ 150 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here