തിരുവനന്തപുരം :  സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഏപ്രിൽ 20ന് പുറപ്പെടുവിക്കും. 20 മുതൽ 27 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രിൽ 30 വരെ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെ. വോട്ടെണ്ണൽ മെയ് 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് നാമനിർദ്ദേശ പത്രികയോടൊപ്പം കമ്മീഷൻ പുതിയതായി ഏർപ്പെടുത്തിയ ഫാം കൂടി പൂരിപ്പിച്ചു നൽകണം.

തിരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നൽകിയിരുന്നു. സപ്ലിമെന്ററി പട്ടികകൾ ഏപ്രിൽ 25ന് പ്രസിദ്ധീകരിക്കും. വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമുള്ള പരിശീലനം കമ്മീഷൻ ഓഫീസിൽ നൽകി.
12 ജില്ലകളിലായി കണ്ണൂർ, കൊച്ചി  കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here