പീഡാനുഭവ സ്‌മരണയില്‍ ക്രൈസ്‌തവ ലോകം ഇന്ന്‌ ദുഃഖവെളളി ആചരിക്കുന്നു. പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണു ക്രിസ്‌തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്‌. ക്രൈസ്‌തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങളും പരിഹാര പ്രദക്ഷിണവും നടക്കും.

കാല്‍വരി മലയില്‍ കുരിശില്‍ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കുന്ന ഓര്‍മകളുമായാണു വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നത്‌. കുരിശിന്റെ വഴിയിലൂടെയും പീഡാനുഭവ വായനയിലൂടെയും പരിഹാര പ്രദക്ഷിണത്തിലൂടെയും വിശ്വാസികള്‍ യേശുവിന്റെ സഹനത്തില്‍ പങ്കാളികളാകും. ദേവാലയങ്ങളില്‍ രാവിലെതന്നെ ശുശ്രൂഷകള്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്കു ശേഷം മിക്ക ദേവാലയങ്ങളിലും നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളില്‍ രാവിലെ ആരംഭിക്കുന്ന ചടങ്ങ്‌ വൈകുന്നേരം വരെ നീളും.യേശുവിന്റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ പുതുക്കി ജില്ലയിലെ ദേവാലയങ്ങളില്‍ പെസഹ ആചരണം ക്രൈസ്‌തവ ദേവാലയങ്ങളില്‍ നടന്നു. ബുധനാഴ്‌ച വൈകുന്നേരം, വ്യാഴാഴ്‌ച പുലര്‍ച്ചെ, വൈകിട്ട്‌ എന്നിങനെ വ്യത്യസ്‌ത സമയങ്ങളിലായിരുന്നു വിവിധ സഭാവിഭാഗങ്ങളുടെ പെസഹ ശുശ്രൂഷകള്‍. ജില്ലയിലെ ഭൂരിഭാഗം ദേവാലയങ്ങളിലും കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. വീടുകളില്‍ വൈകിട്ട്‌ പെസഹാ അപ്പവും മുറിച്ചു. രണ്ടുവര്‍ഷത്തെ കോവിഡ്‌ നിയന്ത്രണങ്ങള്‍ക്കുശേഷമായതിനാല്‍ എല്ലാ ദേവാലയങ്ങളും സജീവമായിരുന്നു. പ്രത്യേക തയാറാക്കുന്ന അപ്പം വീട്ടിലെ ഏറ്റവും മുതിര്‍ന്നയാള്‍ മുറിച്ച്‌ എല്ലാവര്‍ക്കും പങ്കിട്ടു നല്‍കി. പ്രായഅടിസ്‌ഥാനത്തില്‍ കുട്ടികള്‍ക്കാണ്‌ ഏറ്റവും അവസാനമായി അപ്പം നല്‍കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here