രാജേഷ് തില്ലങ്കേരി

എത്രമനുഷ്യരാണ് കേരളത്തില്‍ ഇപ്പോഴും കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായി മാറുന്നത്.  പല്ലിന് പല്ല്, കണ്ണിന് കണ്ണ് …. എന്ന രീതിയില്‍ നിന്നും നാം ഇനി എന്നാണ് മാറുക ? നാട്ടില്‍ സമാധാനവും സഹവര്‍ത്തിത്വവും പുലരണമെന്ന് എന്തുകൊണ്ടാണ് രാഷ്ട്രീയ നേതൃത്വം ആലോചിക്കാത്തത് ? സ്വന്തം അണികളെ ഒപ്പം ചേര്‍ത്തു നിര്‍ത്താനായി നടത്തുന്ന ഈ ചോരക്കളി അവസാനിപ്പിക്കണം. രാഷ്ട്രീയമായി ഏറെ പ്രബുദ്ധത കൈവരിച്ച കേരളത്തില്‍ രാഷ്ട്കിയത്തിന്റെ പേരില്‍ നടക്കുന്ന അരും കൊല ആര്‍ക്കുവേണ്ടിയാണ് ?  ഇടയ്ക്കിടെ ഉണ്ടാവുന്ന കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നതില്‍ നാം ലജ്ജിക്കണം. പരിഷ്‌കൃതരാണെന്ന് സ്വയം ഊറ്റം കൊണ്ടതുകൊണ്ടുമാത്രം കാര്യമില്ലല്ലോ.


ഏറ്റവുമൊടുവില്‍ പാലക്കാടാണ് ചോരക്കളി അരങ്ങേറിയത്.  24 മണിക്കൂറിനുള്ളില്‍ രണ്ട് പേര്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി. കൊലക്കത്തി രാഷ്ട്രീയ രണ്ട് കുടുംബങ്ങളെ അനാഥരാക്കി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ അരങ്ങേറിയ ഇരട്ടകൊലപാതകത്തിലും രണ്ട് കുടുംബങ്ങളെ അനാഥരാക്കി. ആലപ്പുഴയില്‍ നടന്ന അതേ രീതിയിലാണ് പാലക്കാട്ടും കൊലനടന്നത്. എസ് ഡി പി ഐ- ആര്‍ എസ് എസ് സംഘങ്ങളാണ് കൊലനടത്തിയതും കൊല്ലപ്പെട്ടവരും. പാലക്കാട് പട്ടാപ്പകല്‍ എസ് ഡി പി ഐ പ്രവര്‍ത്തകനായ സുബൈര്‍ എന്ന 43 കാരന്‍ ആദ്യം കൊല്ലപ്പെടുന്നു, പിന്നീട് പകരം കൊല്ലേണ്ട ആളെ തേടി അക്രമി സംഘം അലയുന്നു, ഒടുവില്‍ ശത്രുവിനെ കണ്ടെത്തുന്നു, വെട്ടിവീഴ്ത്തുന്നു. കൊല്ലപ്പെട്ട ആര്‍ എസ് എസ്ുകാരന് പ്രായം 45.

ഒരു കൊല നടന്നാല്‍ എതിരാളികളായ ആരെയെങ്കിലും കൊല്ലുകയെന്നതാണ് രീതി. പാലക്കാടും ആ പതിവ് തെറ്റിയില്ല. പകരത്തിന് പകരം ആളെ കണ്ടെത്തി കൊലപ്പെടുത്തിയ  ആശ്വാസത്തില്‍ രാഷ്ട്രീയ നേതൃത്വം എത്തിച്ചേരുമ്പോള്‍ അവരുടെ കുടുംബങ്ങളില്‍ നിറയുന്ന കണ്ണീര്‍ പുഴയെ ആരാണ് തടയുക.

ഒരു പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണ് ഇത്തരം അരും കൊലകളെന്ന് എത്ര തവണയാണ് പറയേണ്ടത് ?  എത്രയോ കാലമായി കേരളത്തില്‍ അരങ്ങേറുന്ന ഇത്തരം ക്രൂരമായ കൊലപാതകങ്ങളെ എന്തുകൊണ്ടാണ് തടയാന്‍ നേതാക്കള്‍ക്കും പൊലീസിനും പറ്റാത്തതെന്ന ചോദ്യം എങ്ങും ഉയരുന്നുണ്ട്.

കഴിഞ്ഞ നവംബര്‍ 15 നാണ് പാലക്കാട് സ്വദേശിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഒരു സംഘം വെട്ടിവീഴ്ത്തിയത്. ഇതോടെയാണ് പാലക്കാട് എസ് ഡി പി ഐ- ആര്‍ എസ് എസ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഭവത്തിലെ പ്രധാന പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ കോടതിയില്‍ നിയമ പോരാട്ടം തുടരുന്നതിനിടെയാണ് ഏപ്രില്‍ 15 ന് ഒരു എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറെന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഉച്ചയ്ക്കാണ് കൊല ചെയ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം പകരം കൊല നടന്നു. ആര്‍ എസ് എസ് നേതാവായ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.


സംഘടിതമായ കൊലപാതകം അരങ്ങേറിയതോടെ പാലക്കാട് ജില്ല ഭീതിയിലായി. വിലാപയാത്ര. സര്‍വ്വകക്ഷി സമാധാന യോഗം, സര്‍വ്വകക്ഷി റാലി ഒക്കെ നടക്കും.  അനാദരാക്കപ്പെട്ട രണ്ട് കുടുംബങ്ങളുടെ വേദനകൾ  ആരറിയുന്നു? അക്കാര്യം മാത്രം ചർച്ച ചെയ്യപ്പെടുന്നില്ല!

പ്രതിയോഗികളെ കൊലപ്പെടുത്തി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വളരാന്‍ കഴിയുമോ ?  കൊലപാതക സംഭവങ്ങളില്‍ പരസ്പരം കുറ്റപ്പെടുത്തി ഇരുപക്ഷത്തെയും നേതാക്കള്‍ രംഗത്തുണ്ട്. പൊലീസ് നിഷ്‌ക്രിയരെന്ന പ്രസ്താവനയും വന്നു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സമൂഹം അക്രമികളെ ഒറ്റപ്പെടുത്താത്തിടത്തോളം കാലംഈ കാടത്തം തുടരുകതന്നെ ചെയ്യുമെന്ന് വേണം കരുതാന്‍. മൃഗങ്ങള്‍പോലും നാണിച്ചുപോവുന്ന കൊലപാതകം ഇനിയും നാട്ടില്‍ അരങ്ങേറും. ഇത് തടയാന്‍ സമൂഹം മാറണം, ഒരു മതവും ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊല്ലാനും വെട്ടാനും ആഹ്വാനം ചെയ്യുന്നില്ല.

മനുഷ്യ സമൂഹത്തിന്റെ ഉന്മനമാണ് എല്ലാവരും ലക്ഷ്യമിടുന്നത്. എന്നാല്‍ തന്റെ മതം മാത്രം മതിയെന്ന ചിന്ത, തന്റെ രാഷ്ട്രീയം മാത്രമാണ് ശരിയെന്ന ചിന്ത അക്രമത്തിലേക്കും കൊലയിലേക്കും നയിക്കുന്നു. പാലക്കാടുണ്ടായ കൊലപാതകം വലിയ അപകട സൂചനയാണ് നല്‍കുന്നത്. ഇത് ആലപ്പുഴയിലും കണ്ടതാണ്. മുഖം നോക്കാതെ നടപടിയുണ്ടാവും എന്നാണ് മന്ത്രിയുടെ പ്രസ്താവന. അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കെ റെയിലിന്റെ കല്ല് എങ്ങിനെ ഇടുമെന്ന് മാത്രം ചിന്തിച്ചാണ് മുന്നോട്ട് പോവുന്നത്. അഭ്യന്തര വകുപ്പിന്റെ വീഴ്ചയൊന്നും മുഖ്യനെ ബാധിക്കില്ലല്ലോ…

പി ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറാവും


 ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത് പി ശശിയായിരുന്നു. കണ്ണൂരില്‍ നിന്നും വളര്‍ന്നുവന്ന യുവ നേതാവായിരുന്നു ശശി. പാര്‍ലമെന്റില്‍ മുല്ലപ്പള്ളിക്കെതിരെ മല്‍സരിച്ച് പരാജയപ്പെട്ടെങ്കിലും പി ശശി കണ്ണൂരില്‍ കരുത്തനായിമാറി. ഇ കെ നായനാറുടെ  പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ ശശി ശരിക്കും വിലസി. സംസ്ഥാനത്തെ നിര്‍ണായകമായ പലതീരുമാനങ്ങളും മുഖ്യമന്ത്രിയായ നായനാര്‍ കൈക്കൊണ്ടിരുന്നത് അന്നത്തെ സൂപ്പര്‍ മുഖ്യമന്ത്രിയായ പി  ശശിയുടെ ഉപദേശത്തിലായിരുന്നു. ഇതോടെ കിരീടമില്ലാത്ത രാജാവ് എന്ന നിലയില്‍ പി ശശി സംസ്ഥാനം ഭരിച്ചു, പിണറായി വിജയനുമായി ശശിക്കുണ്ടായിരുന്ന ആത്മ ബന്ധം പാര്‍ട്ടിയില്‍ ശക്തനാവാനുള്ള വഴിയായി. മദ്യരാജാവായിരുന്ന മണിച്ചനുമായുണ്ടായിരുന്ന ബന്ധം മുതല്‍ നിരവധി വിവാദങ്ങളില്‍  ആരോപണ വിധേയനായെങ്കിലും ശശിയുടെ വളര്‍ച്ചയില്‍ അതൊന്നും പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചില്ല.

എം വി ഗോവിന്ദന്റെ ഭരണകാലത്തിനുശേഷം പി  ശശിയായിരുന്നു സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി.  പിണറായി വിജയന്റെ പിന്‍ഗാമിയായി കണ്ണൂരില്‍ നിന്നും ആരെന്ന ചോദ്യത്തിന് അത് പി ശശിയെന്ന് എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു. എന്നാല്‍  ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി എല്ലാം തകിടം മറിഞ്ഞു. പി ശശിയെന്ന നേതാവിന്റെ രാഷ്ട്രീയഭാവിക്ക് വലിയ തിരിച്ചടിയുണ്ടായി. ആദ്യം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുപൊലും പി ശശി പുറത്താക്കപ്പെട്ടു. 

ഈ സംഭവം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. സി പി എമ്മിന്റെ ഏറ്റവും ശക്തമായ ഘടകമാണ് കണ്ണൂര്‍ . കണ്ണൂരില്‍ പി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറിയായി.  പി ശശി പൊതു പ്രവര്‍ത്തന രംഗത്തുനിന്നും രാഷ്ട്രീയ വനവാസം സ്വീകരിച്ചു, കണ്ണൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായാണ് പിന്നീട് നാം അദ്ദേഹത്തെ കാണുന്നത്. പി ശശി ഇനി പാര്‍ട്ടിയുടെ അംഗത്വത്തില്‍ പോലും ഉണ്ടാവില്ലെന്ന് കരുതിയ പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം അത്ഭുതപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും ജില്ലാ കമ്മിറ്റിയില്‍ എത്തുന്നതും  ഇത്തവണ ശശി സംസ്ഥാന കമ്മിറ്റിയില്‍ തിരികെയെത്തിയതും. ശശിക്കെതിരെ അന്ന് ലൈംഗികാരോപണം ഉയര്‍ന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എത്തേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു എന്ന് അടക്കം പറയുന്നവര്‍ സി പി എമ്മിലുണ്ട്. 

എന്തായാലും പി ശശി പിണറായി വിജയന്റെ ഗുഡ്ബുക്കില്‍ ഉണ്ടായിരുന്നു. അതിനാല്‍ ശശിയെ അങ്ങിനെ കയ്യൊഴിയാന്‍ മുഖ്യന്‍ തയ്യാറായില്ല. പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന്‍ പാര്‍ട്ടി സംസ്ഥാ സെക്രട്ടറിയേറ്റില്‍ എത്തിയതോടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി വരികയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഇരിക്കാന്‍ പിണറായി നേരത്തെ മനസില്‍ കണ്ടിരിക്കുന്നത് പി ശശിയെതന്നെയായിരുന്നു.  അദ്ദേഹത്തെ അഗാതഗര്‍ത്തത്തില്‍ നിന്നും തിരികെ കൈപിടിച്ച് സംസ്ഥാന കമ്മിറ്റിവരെ എത്തിച്ചതും ആ ലക്ഷ്യംവച്ചുതന്നെയായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഒരുവിശ്വസ്ഥന്‍ തന്നെ വേണമെന്നത് പിണറായിയുടെ തീരുമാനമാണ്. 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സമാപിച്ചതോടെ പിണറായി വിജയന്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഒരു തീരുമാനവും ആരും ചോദ്യം ചെയ്യാനുള്ള സാഹചര്യം നിലവില്‍ ഇല്ല.

മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ ഏറെ അസ്വസ്ഥനായിരുന്നു ഇ പി ജയരാജന്‍.  മട്ടന്നൂരിന്റെ സിറ്റിംഗ് എം എല്‍ എയായിരുന്ന ജയരാജന്‍ സീറ്റു നഷ്ടപ്പെട്ടപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.  മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഇ പി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തതിലും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കോടിയേരിയുമായി നിലവിലുള്ള അകല്‍ച്ചയാണ് ഇ പിക്ക് വിനയായത്. 

എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഇപിയുടെയും തലവരമാറ്റിയിരിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടത്തിപ്പ് ചുമതലക്കാരില്‍ പ്രമുഖനായിരുന്നു ഇ പി. കണ്ണൂരില്‍ നിന്നുള്ള ഇ പിയെ പുതിയ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എ വിജയരാഘവന് ഒരു വര്‍ഷം ഇരട്ടപദവി വഹിക്കേണ്ടിവന്നു. ഇനി ഡല്‍ഹി കേന്ദ്രീകരിച്ചാണ് പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ട എ വിജയരാഘവന്‍ പ്രവര്‍ത്തിക്കേണ്ടത് അതിനാല്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും അദ്ദേഹം മാറും. ഇതോടെ ജയരാജന്‍ വീണ്ടും സംസ്ഥാനത്ത് ശക്തനാവും. സി പി എമ്മില്‍ കണ്ണൂരിന്റെ ആധിപത്യം വീണ്ടും ശക്തമാവുകയും ചെയ്യും.

ദേശാഭിമാനിയുടെ ചുമതല ആര്‍ക്കാവും എന്നു മാത്രമാണ് വ്യക്തമല്ലാത്തത്. പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവായ എസ് ആര്‍ പിയെ ദേശാഭിമാനിയുടെ പത്രാധിപരായി നിയമിക്കുമെന്നാണ് സൂചനകള്‍. എസ് ആര്‍ പി കേരളത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ തലമുതിര്‍ന്ന നേതാവിന് ഏറ്റവും ആകര്‍ഷകമായൊരു ചുമതല നല്‍കേണ്ടതുണ്ട്. എല്ലാം തീരുമാനിക്കേണ്ടത് പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ  തീരുമാനം അന്തിമമായിരിക്കും.  


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : മുന്നണികള്‍ ഒരുക്കം തുടങ്ങി; കോണ്‍ഗ്രസിന് ഇത്തവണ എളുപ്പമാകില്ല


പി ടി തോമസിന്റെ അകാലമരണത്തോടെ എറണാകുളം തൃക്കാക്കര ഒരു ഉപതെരഞ്ഞെടുപ്പിന് മുന്നിലാണ്.  എറണാകുളം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണ് തൃക്കാക്കര. കൊച്ചി കോര്‍പ്പറേഷന്റെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൃക്കാക്കരയില്‍ ഇത്തവണ മല്‍സരം കടുക്കാനുള്ള സാധ്യതയാണുള്ളത്.


 കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റെന്നാണ് തൃക്കാക്കര അറിയപ്പെടുന്നത്. മണ്ഡലം നിലവില്‍ വന്നതിന് ശേഷം ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥി അനായാസം വിജയിച്ചുവരുന്ന മണ്ഡലമാണ് തൃക്കാക്കര. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ് കാരണങ്ങള്‍ നിരവധിയാണ്. ജില്ലയിലെ മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായി  അകന്ന് നില്‍ക്കുന്നതാണ് ആശങ്ക.   ട്വന്റി 20, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ ഇത്തവണയും മത്സരിക്കാനുള്ള നീക്കത്തിലാണ്.  മണ്ഡലത്തില്‍ ചെലുത്തുന്ന സ്വാധീനം. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ വോട്ട് ചോര്‍ന്നാല്‍ അത് ഗുണമാവുക ഇടതുപക്ഷത്തിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


എറണാകുളം ജില്ലാ ആസ്ഥാനവും കൊച്ചി നഗരസഭയിലെ വിവിധ വാര്‍ഡുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. മണ്ഡലം രൂപംകൊണ്ട നാള്‍ മുതല്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് നല്‍കുന്നുണ്ട്.  ഇന്‍ഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖലയായ സെസ്  എന്നിവ ഉള്‍പ്പെടുന്നതും ഈ നിയോജക മണ്ഡലത്തിലാണ്.

തൃക്കാക്കര നഗരസഭയിലെ അഴിമതി ആരോപണങ്ങളുടെ പേരില്‍ യു ഡി എഫിനുള്ളില്‍ തര്‍ക്കം നിലനില്‍ക്കെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വിവിധ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെ നഗരസഭയിലെ യു ഡി എഫ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചത് കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പുറമെ കെ- റെയില്‍ വിഷയവും ചര്‍ച്ചയാകുന്ന ജില്ലയിലെ മണ്ഡലമാണ് തൃക്കാക്കര. മണ്ഡലത്തിന്റെ കിഴക്കേ അറ്റത്തു കൂടിയാണ് കെ റെയില്‍ പാത കടന്നുപോകുന്നത്. പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം നടത്തുമ്പോള്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്.

പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഎം വേദിയിലെത്തിയ കെ വി തോമസ് നിലവില്‍ കോണ്‍ഗ്രസിന് അകത്തും അല്ല, പുറത്തും അല്ല എന്ന അവസ്ഥയിലാണ് ഉള്ളത്. പാര്‍ട്ടി നേതൃത്വവുമായി കൂടുതല്‍ അകന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും.  തൃക്കാക്കര കൂടി ഉള്‍പ്പെടുന്ന എറണാകുളം ലോക്സഭ മണ്ഡലത്തെ നിരവധി തവണ പ്രതിനിധീകരിച്ച തോമസിന്, സ്വാധീനം ചെലുത്താന്‍ കഴിയുന്ന വോട്ടുകള്‍ ഏറെയുള്ള മണ്ഡലമാണ് ഇത്. അതുകൊണ്ട് തന്നെയാണ് സെമിനാറില്‍ പങ്കെടുത്താല്‍ ഉടന്‍ അച്ചടക്ക നടപടി എന്ന് പറഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തോമസ് മാഷിനെതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കാത്തത്.

കെ വി തോമസിന്റെ കരുത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാനായാല്‍ തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് ഇത്തവണ മുന്നേറ്റം സാധ്യമാണ്. ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. സഭാ നേതൃത്വമായും വൈദികരുമായും അടുത്ത ബന്ധമുള്ള നേതാവാണ് കെ വി തോമസെന്നത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യമുള്ള കാര്യമാണ്. ഈ വോട്ടുകള്‍ കൂടി നേടാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ സി പി എം രംഗത്തിറക്കാനാണ് സാധ്യത. ഇതിന് പുറമെ പുതുതലമുറ പാര്‍ട്ടികള്‍ വോട്ട് പിടിക്കുകയും ചെയ്താല്‍ തൃക്കാക്കര യുഡിഎഫിന് ഇത്തവണ എളുമാകില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മറ്റ് സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആം ആദ്മി ആരംഭിച്ചിട്ടുണ്ട്. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊച്ചിയില്‍ തുറന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര ഉള്‍പ്പെടുന്ന എറണാകുളം മണ്ഡലത്തില്‍ മത്സരിച്ച ആം ആദ്മി സ്ഥാനാര്‍ഥി അനിത പ്രതാപിന് 55000 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ മുഖം മിനുക്കിയെത്തുന്ന പാര്‍ട്ടി എത്ര വോട്ടുകള്‍ പിടിക്കുമെന്നത് നിര്‍ണായകമാണ്.

തൃക്കാക്കര മണ്ഡലത്തില്‍ ഇതിനോടകം തന്നെ സാന്നിധ്യം അറിയിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ട്വന്റി-20. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ട്വന്റി 20യ്ക്കായി മത്സരിച്ച ഡോ. ടെറി തോമസിന് 13,773 വോട്ടുകള്‍ ലഭിച്ചിരുന്നു. പോള്‍ ചെയ്തതിന്റെ 10.25 ശതമാനം വരും ഇത്. 11.32 ശതമാനം വോട്ട് നേടിയ ബി ജെ പിയ്ക്ക് തൊട്ടുപിന്നിലാണ് ട്വന്റി-20 നിലവില്‍ തൃക്കാക്കരയിലുള്ളത്. ഇതിന് പുറമെയാണ് വി -4 കൊച്ചിയുടെ സാന്നിധ്യം. മൂന്ന് പാര്‍ട്ടികളും കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ അത് ഗുണം ചെയ്യുക ഇടതുപക്ഷത്തിന് തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.



ഭരണം വേറെ സമരം വേറെ: ഘടകകക്ഷികളുടെ വകുപ്പുകളില്‍ സി ഐ ടിയു സമരം


കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി വകുപ്പുകളില്‍ സി ഐ ടി യു നടത്തുന്ന സമരം ഘടകകക്ഷികളില്‍ അസ്വാരസ്യം. ഇടതുമുന്നണി ഭരണത്തിലിരിക്കെ വിവിധ വകുപ്പുകളില്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. ജനതാദള്‍ അംഗമായ കെ കൃഷ്ണന്‍കുട്ടിയുടെ വൈദ്യുതി വകുപ്പിലാണ് ശക്തമായ സമരം നടക്കുന്നത്. 
 
ആദ്യഘട്ടത്തില്‍ സമരക്കാര്‍ കെ എസ് ഇ ബി ചെയര്‍മാനെതിരെയാണ് സമരം ചെയ്തിരുന്നതെങ്കില്‍ സമരം മന്ത്രിക്കെതിരെ തിരിഞ്ഞിരിക്കയാണ്. ചെയര്‍മാനെ തിരുത്തണമെന്നാണ് സി ഐ ടിയുവിന്റെ പ്രദാന ആവശ്യം. യൂണിയന്‍ നേതാക്കളെ സസ്പെന്റ് ചെയ്തതോടെയാണ് ചെയര്‍മാനെതിരെ സി ഐ ടി യു സമരരംഗത്തിറങ്ങിയത്. സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റിയ നടപടിക്കെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം.

വകുപ്പ് ഭരിക്കാനറിയില്ലെങ്കില്‍ മന്ത്രി മറ്റു വഴി നോക്കണമെന്ന യൂണിയന്‍ നേതാവിന്റെ പരസ്യ പ്രസ്താവന മുന്നണി ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കിയിരിക്കയാണ്. ഇടത് മന്ത്രിസഭയിലെ മറ്റൊരു ഘടക കക്ഷിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അംഗമായ ആന്റണി രാജുവിനൈതിരെയും സി ഐ ടിയു കടുത്ത നിലപാടിലാണ്,  കെ എസ് ആര്‍ ടി സിയില്‍ കടുത്ത സമരത്തിനുള്ള നീക്കത്തിലാണ്  സി ഐ ടി യു. എം ഡി ബിജുപ്രഭാകറിനെതിരെയും നീക്കം ശക്തമാണ്. 
ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ പുകയുന്ന അസ്വസ്ഥതകള്‍ സര്‍ക്കാരിനെ പിടിച്ചുലക്കുന്നതാണ്. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും കെ എസ് ആര്‍ ടി സി ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ 30 കോടിരൂപ അനുവദിച്ചിരുന്നുവെങ്കിലും പണം കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ ഇതുവരെയും എത്തിയിട്ടില്ല. ഇതോടെ ജീവനക്കാര്‍ക്കിത് പട്ടിണിയുടെ വിഷുവാണ്.

ജലവകുപ്പിലും സി ഐ ടി യു സമരം പ്രഖ്യാപിച്ചിരിക്കയാണ്. കേരളാ കോണ്‍ഗ്രസ് അംഗം റോഷി അഗസ്റ്റിനാണ്  ജലവിഭവവകുപ്പ് മന്ത്രി. വകുപ്പ് പുന:സംഘടനയാണ് സി ഐ ടി യു വിന്റെ എതിര്‍പ്പിന് കാരണം.

സി ഐ ടി യു നേതാക്കള്‍ ഇടത് മുന്നണി മന്ത്രി സഭയിലെ മന്ത്രിമാര്‍ക്കെതിരെയും വകുപ്പ് തലവന്മാര്‍ക്കെതിരെയും പരസ്യമായി നിലപാട് എടുത്തതും സമരം പ്രഖ്യാപിച്ചതും മന്ത്രിസഭയക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. കടുത്ത പ്രതിസന്ധിയിലായ  കെ എസ് ആര്‍ ടി സിയിലെ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരുമെന്ന മന്ത്രിയുടെ പ്രഖ്യാപനമാണ് സി ഐ ടി യുവിനെ ചൊടിപ്പിച്ചത്. മന്ത്രിയുടെ പ്രസ്താവനയെ തള്ളിയ സി ഐ ടി യു നേതാക്കള്‍ അത്തരമൊരു നീക്കം കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കാനാവില്ലെന്നും മന്ത്രിയെ അറിയിച്ചിരിക്കയാണ്. വരും ദിവസങ്ങളില്‍ മന്ത്രിക്കെതിരെ ശക്മായ നീക്കമാണ് ഉണ്ടാവാന്‍ പോവുന്നത്.

മന്ത്രിമാര്‍ ആരും പരസ്യമായി യൂണിയന്‍ നേതാക്കളെ തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ വിഷയം മുന്നണിയില്‍ ഉന്നയിക്കുന്നതിനുള്ള നീക്കത്തിലാണ്.

കെ വി തോമസ് നില്‍ക്കണോ അതോ പോവണോ ?

സി പി എമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ സമര്‍മ്മിപ്പിച്ചിരുന്നത് കോണ്‍ഗ്രസ് നേതാവായ കെ വി തോമസിനായിരുന്നു. രാജ്യത്ത് ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങളുണ്ടായിട്ടും സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത് കോണ്‍ഗ്രസ് നേതാവായ കെ വി തോമസ് സെമിനാറില്‍ വരുമോ ഇല്ലയോ എന്നായിരുന്നു. വിശ്വപൗരന്‍ ശശി തരൂരിനെയും, കുമ്പളങ്ങിക്കാരന്‍ കെ വി തോമസിനെയുമാണ് ഇത്തവണ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത്. 
 
കോണ്‍ഗ്രസില്‍ ഇവരാണോ പൗരപ്രമുഖരെന്ന് ചോദിച്ചാല്‍ അല്ല, പിന്നെ എന്തുകൊണ്ടാണ് ഇവരോട് സി പി എമ്മിനിത്ര പ്രണയമെന്ന് ചോദിച്ചാല്‍ അതാണ് സി പി എമ്മിന്റെ തന്ത്രം. വികസന കാര്യത്തില്‍ ഇവര്‍ രണ്ടുപേരും സി പി എമ്മിനൊപ്പമാണ്, വ്യക്തമായി പറഞ്ഞാല്‍ അതായത് ഉത്തമാ, ഇവര്‍ മൂരാച്ചി കോണ്‍ഗ്രസുകാരില്‍ നിന്നും വിഭിന്നമായ കാഴ്ചപ്പാടുള്ളവരാണ് എന്നര്‍ത്ഥം.

കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളോ, വാര്‍ത്ത കേട്ട് ഞെട്ടിയത് സാക്ഷാല്‍ കണ്ണൂര്‍ സിംഹം, കുമ്പക്കുടി സുധാകരന്‍. കെ പി സി സി അധ്യക്ഷനായ സുധാകരന് ഇതില്‍പരം കലിയുണ്ടാക്കുന്ന വാര്‍ത്ത വേറെയുണ്ടാവുമോ ?


ആദ്യം കെ പി സി സിയും പിന്നീട് ഹൈക്കമാന്റും ഇരുവരെയും വിലക്കിയതായി അറിയിച്ചു. വിശ്വപൗരന്‍ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. എന്നാല്‍ എങ്ങിനെയെങ്കിലും കോണ്‍ഗ്രസില്‍ നിന്നും രക്ഷപ്പെടാനായി അവസരം നോക്കി നിന്ന തോമസ് മാഷ് നേരെ കണ്ണൂരിലേക്ക് വണ്ടികയറി. ഹോ… സി പി എമ്മിന്റെ സന്തോഷമൊന്ന് കാണേണ്ടതായിരുന്നു. എയര്‍പോര്‍ട്ടില്‍ വമ്പിച്ച സ്വീകരണം, ചുവപ്പ് ഷാളുപുതപ്പിച്ച് ചുവന്ന മണ്ണിലേക്ക് ആനയിക്കപ്പെട്ടു. വന്‍ജനാവലിയാണ് തോമസ് മാഷിനെ കാണാനായി എത്തിയത്.

തോമസ് മാഷ് പറയുന്നു ഞാന്‍ ദേശീയ നേതാവാണ്, ഇവിടെ എന്നെ തടയാനും ഉപദേശിക്കാനുമൊന്നും കെ സുധാകരന്‍ നോക്കേണ്ടതില്ലെന്ന്. എന്തായാലും സി പി എമ്മിനെയും പിണറായി വിജയനെയും കെ റെയിലിനെയും ഒക്കെ പൊക്കിപ്പറഞ്ഞ കെ വി തോമസ് കോണ്‍ഗ്രസില്‍ ആവശ്യമില്ലെന്ന നിലപാടാണ് സുധാകരന്റേത്. കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ ശക്തിപ്പെടുന്നതിനുള്ള തീവ്രശ്രമത്തിലാണെന്നും, താന്‍ അതിന്റെ ഭാഗമായാണ് സി പി എമ്മിന്റെ വേദിയില്‍ എത്തിയതെന്നുമാണ് തോമസ് മാഷിന്റെ വിശദീകരണം. സോണിയാഗാന്ധിക്ക് എല്ലാം വ്യക്തമാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്തായാലും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെടാനുള്ള തീവ്രശ്രമത്തിലാണ് തോമസ് മാഷ് എന്ന് വ്യക്തം.

വാല്‍കഷണം : 
 
കോണ്‍ഗ്രസില്‍ നിന്നും ഇനി പ്രത്യേകിച്ച് ഒന്നും കിട്ടാനില്ലെന്ന് വ്യക്തമാണ് കെ വി തോമസിന്. അതിനാല്‍ ശിഷ്ടകാലം സുഖിച്ച് ജീവിക്കാനുള്ള മാര്‍ഗമെന്ന് നിലയില്‍ അദ്ദേഹം സി പി എമ്മിനൊപ്പം ചേരുമെന്ന് തന്നെയാണ് ഏവരും കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here