കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ  അറസ്റ്റ് അനിവാര്യമാണെന്ന് കമ്മീഷണർ. പരാതി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയെന്നും കമ്മീഷണർ പറഞ്ഞു. പനമ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഫ്‌ളാറ്റുകളിൽ നിന്നും തെളിവ് ശേഖരിച്ചു. കൂടുതൽ തെളിവുകൾക്കായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ പറഞ്ഞു. സംഭവത്തിൽ സിനിമ മേഖലയിൽ നിന്നുള്ള സാക്ഷികൾ ഉണ്ട്. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും കമ്മിഷണർ പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ  രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്‌ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ  പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here