കോഴിക്കോട്: മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേറ്റിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വിപുലമായി ആഘോഷിക്കുകയാണ്. പള്ളികളില്‍ പ്രത്യോക പ്രാര്‍ഥന നടന്നു.

കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഈദ്ഗാഹുകളും ഉണ്ടാകും. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.

നേരത്തെ, തിങ്കളാഴ്ച പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന്. കലണ്ടര്‍പ്രകാരം, ചെറിയ പെരുന്നാള്‍ അവധി തിങ്കളാഴ്ച ആയിരുന്നു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചും പലഹാരങ്ങള്‍ തയ്യാറാക്കിയും ദാനധര്‍മ്മങ്ങള്‍ ചെയ്തും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചുമൊക്കെയാണ് വിശ്വാസികള്‍ ഈദ് ആഘോഷമാക്കുന്നത്.

വിശുദ്ധ റമസാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ ദര്‍ശനം ലഭിച്ചത് എന്നാണ് വിശ്വാസം. റമസാനിലുടനീളം, രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള നോമ്പിന്റെ അവസാനത്തെയും ശവ്വാല്‍ മാസത്തിന്റെ തുടക്കത്തെയും ഈദുല്‍ ഫിത്തര്‍ സൂചിപ്പിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശക്തിയും ധൈര്യവും നല്‍കിയതിന് അല്ലാഹുവിന് വിശ്വാസികള്‍ നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു.

ഇസ്ലാമിലെ അടിസ്ഥാന കര്‍മ്മങ്ങളിലൊന്നായ സക്കാത്ത്, അഥവാ പാവങ്ങള്‍ക്ക് പണം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ നല്‍കുക എന്ന പുണ്യ കര്‍മ്മം ഈ വേളയിലാണ് ചെയ്യുന്നത്. പൊതുവെ ഫിഥ്‌റ് സക്കാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന പാവപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന രീതി പെരുന്നാള്‍ നമസ്‌കാരത്തിന്റെ മുന്‍പ് നിര്‍വഹിക്കണം എന്നാണ് വിശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here