കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ് സ്ഥാനാർത്ഥിയായവും. എല്ലാവർക്കും സ്വീകാര്യയായ സ്ഥാനാർത്ഥിയാണ് ഉമ തോമസ് എന്നും, പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ലാതെയാണ് ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമെടുത്തതെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഔദ്യോഗികമായ പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാവും.

അന്തരിച്ച തൃക്കാക്കര എം എൽ എ പി ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവണമെന്ന് നേരത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും നേരത്തെ തന്നെ ഉമ തോമാസിനെ സന്ദർശിച്ച് അഭ്യർത്ഥിച്ചിരുന്നു. എ ഐ സി സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലും ഉമ തോമസിനോട് സ്ഥാനാർത്ഥിയാവണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മുൻ എം എൽ എയും യു ഡി എഫ് ജില്ലാ കൺവീനറുമായ ഡൊമനിക് പ്രസന്റേഷനാണ് സ്ഥാനാർത്ഥി നിർണയത്തിൽ എതിർപ്പുമായി എത്തിയിരുന്നത്. തൃക്കാക്കരയിൽ ചില സാമൂദായിക സമവാക്യങ്ങൾ പാലിക്കണമെന്നായിരുന്നു ഡൊമനിക് പ്രസന്റേഷന്റെ ആവശ്യം. സഹതാപ തരംഗത്തിൽ ഒന്നും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഉമ്മൻ ചാണ്ടി ഡൊമനിക് പ്രസന്റേഷനുമായി ഫോണിൽ സംസാരിച്ച് പ്രശ്‌നപരിഹാരം നടത്തിയതിന് ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. ഉമ തോമസ് സ്ഥാനാർത്ഥിയാവാൻ തയ്യാറായില്ലെങ്കിൽ ഒരു വലിയ നിരയാണ് സ്ഥാനാർത്ഥിയാവാനായി തയ്യാറായിരുന്നത്. ഡൊമനിക് പ്രസന്റേഷൻ മുതൽ മുൻ മേയർ ടോണി ചമ്മിണിവരെ നീളുന്നതായിരുന്നു ആ പട്ടിക.

യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. സീറ്റ് നിലനിർത്താനായില്ലെങ്കിൽ വലിയ തിരിച്ചടിയായിരിക്കും യു ഡി എഫിനുണ്ടാവുക. സി പി എം നേതാക്കൾ 100 സീറ്റിലേക്ക് എന്നാണ് പ്രചാരണം. ‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര ‘ എന്നാണ് എൽ ഡി എഫിന്റെ പ്രചരണം.

സഹതാപ തരംഗമെന്ന നിലയിലായിരിക്കില്ല തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിനെ സമീപിക്കുകയെന്നും, രാഷ്ട്രീയം തന്നെയായിരിക്കും പ്രധാന ചർച്ചാ വിഷയമെന്നും പ്രതിപക്ഷത്തെ കൂടി വോട്ടർമാർ വിലയിരുത്തട്ടെ എന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
കോൺഗ്രസ് സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചതോടെ യു ഡി എഫിന് കുറച്ചുകൂടി നേരത്തെ പ്രചരണ രംഗത്ത് മേൽകൈ നേടാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here