ന്യൂയോർക്ക്; മരണത്തെക്കുറിച്ചുള്ള ട്വീറ്റുമായി ടെസ്ല സിഇഒയും ട്വിറ്റർ ഉടമസ്തനുമായ എലോൺ മസ്ക്. “നിഗൂഢമായ സാഹചര്യത്തിലാണ് ഞാൻ മരിക്കുന്നതെങ്കിൽ, നിങ്ങളെ അറിയുന്നതിൽ സന്തോഷമുണ്ട്,” എന്നാണ് പുതിയ ട്വീറ്റിൽ മസ്ക് പറയുന്നത്. റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈന് സൈനിക ആശയവിനിമയ ഉപകരണങ്ങൾ നൽകുന്നതിൽ താൻ പങ്കാളിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തതിന് തൊട്ട് പിന്നാലെയാണ് മരണത്തെക്കുറിച്ച് മസ്ക് ട്വീറ്റ് ചെയ്തത്.

 
 

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ആസ്ഥാനമായ പെന്റഗണിൽ നിന്നാണ് ഉപകരണങ്ങൾ യുക്രൈയ്‌നിൽ എത്തിച്ചതെന്നും ആദ്യം പങ്കിട്ട പോസ്റ്റ് അവകാശപ്പെടുന്നു. യുദ്ധത്തിൽ യുക്രൈനെ സഹായിച്ചതിന് മസ്കിന് മേൽ റഷ്യയുടെ ഭീഷണി ഉണ്ടോ എന്ന ഊഹാപോഹങ്ങളിലേക്ക് നയിക്കാൻ ഈ രണ്ട് പോസ്റ്റുകളും കാരണമായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം യുക്രൈയിനിൽ ആരംഭിച്ചിരുന്നു. യുക്രൈനുമായി മികച്ച ബന്ധമാണ് മസ്കിന് ഉള്ളത്. അതേ സമയം മരണത്തെക്കുറിച്ചുള്ള മസ്കിന്റെ ട്വീറ്റിനെ തമാശയായും ഗൗരവത്തോടെയും ആളുകൾ കാണുന്നുണ്ട്. മസ്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധി പേർ രം ഗത്ത് വന്നിട്ടുണ്ട്.

മസ്ക് മദ്യപിച്ചിട്ടുണ്ടോ എന്നും അടക്കേണ്ട വലിയ നികുതി മാനസിക പ്രശ്നം ഉണ്ടാക്കുന്നുണ്ടോ എന്ന തരത്തിൽ ഉപയോക്താക്കൾ മസ്കിന്റെ ട്വീറ്റിനോട് പ്രതികരിച്ചു. കൂടുതൽ പരിഷ്കാരം കൊണ്ടുവരാനായി മസ്ക് ഇനിയും ജീവിക്കണമെന്നും ചിലർ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മസ്‌ക് സ്ഥിരമായി വാർത്തകളിൽ ഇടം നേടുന്നു. നേരത്തെ ട്വിറ്ററിനെ വിമർശിച്ചുകൊണ്ടായിരുന്നു മസ്ക് വാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടം ചുരുങ്ങുന്നു എന്നായിരുന്നു മസ്കിന്റെ വിമർശനം. പിന്നീട് ട്വിറ്റർ മാനേജ്മെന്റുമായും മസ്ക് ശത്രുതയിൽ ഏർപ്പെട്ടു. ഇതേ തുടർന്ന് ഇദ്ദേഹത്തെ ബോർഡിൽ ചേരുന്നത് ഒഴിവാക്കിയിരുന്നു.

ശേഷമാണ് ട്വിറ്റർ സ്വന്തമാക്കാൻ മസ്ക് തീരുമാനിച്ചത്. തുടർന്ന് ആഴ്ചകൾക്ക് മുമ്പാണ് 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ട്വിറ്ററിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുമെന്നും മസ്ക് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ട്വിറ്ററിനുള്ള പല നിയന്ത്രണങ്ങളും നീക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി മസ്ക് സ്വീകരിക്കുമെന്നാണ് കരുതുന്നത്. സെൻസർഷിപ്പോ തടയലോ ഇല്ലാതെ എല്ലാവർക്കും സംവാദിക്കാനും കാര്യങ്ങൾ പറയാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോമായി ട്വിറ്ററിനെ മാറ്റാനാണ് മസ്ക് ആഗ്രഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here