കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക നൽകി അഹമ്മദാബാദ് ഓർത്തഡോക്‌സ് ഭദ്രാസന മെത്രാപോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ്. തൃക്കാക്കര മണ്ഡലത്തിലെ ക്രൈസ്തവരിൽ ഒരു വിഭാഗം തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

തൃക്കാക്കര തെരഞ്ഞെടുപ്പിൽ പരമാവധി ക്രൈസ്ത വോട്ടുകൾ സമാഹരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ധന വില വർദ്ധന തിരിച്ചടിയായി മാറില്ല. സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടും കെ റെയിൽ വരാതെ തടഞ്ഞു നിർത്തുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ഗുണം ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

അതേസമയം എ എൻ രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തൃക്കാക്കര ഗാന്ധി സ്‌ക്വയറിൽ നിന്നും കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കളോടൊപ്പം ജാഥയായിട്ടാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിന് എത്തിയത്. രണ്ട് സെറ്റ് പത്രികയാണ് രാധാകൃഷ്ണൻ സമർപ്പിച്ചത്.

2021 ൽ ബിജെപിക്ക് വലിയ തോതിൽ വോട്ട് ചോർച്ച ഉണ്ടായ മണ്ഡലമാണ് തൃക്കാക്കര. 2016 ൽ ബിജെപിക്ക് 21247 വോട്ടുകളാണ് മണ്ഡലത്തിൽ ലഭിച്ചത്. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ 15,218 വോട്ടുകളിലേക്ക് ചുരുങ്ങി. ഇക്കുറി ശക്തമായ പോരാട്ടം നടത്തി പരമാവധി വോട്ട് നേടാൻ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

2011 കാലത്ത് ബിജെപിക്ക് 5000 വോട്ടുകൾ മാത്രമാണ് തൃക്കാക്കരയിൽ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ബിജെപി 22000 വോട്ടിലേക്ക് എത്തിയതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ എ എൻ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും മോദിയുടെ ജനക്ഷേമ പദ്ധതികൾ തൃക്കാക്കരയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here