ആല്‍ഫാ പാലിയേറ്റീവ് ആരംഭിച്ച ദൈനംദിന അനുസ്മരണ പരിപാടിയായ ഉപാസന സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു.

ആല്‍ഫയിലെ പരിചരണത്തിനിടെ മരണമടഞ്ഞ 30,000ല്‍പ്പരം ആളുകളുടെ ഓര്‍മദിനങ്ങളാണ് മതേതരമായ പ്രാര്‍ത്ഥനാചടങ്ങുകളോടെ ആല്‍ഫയുടെ എടമുട്ടം ഹോസ്പീസില്‍ നടക്കുന്ന ഉപാസനയില്‍ അതത് മരണവാര്‍ഷികദിനങ്ങളില്‍ ആചരിക്കുക.

എടമുട്ടം: ജീവിതവും മരണവും എക്കാലവും മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രഹേളികയാണെങ്കിലും മരണത്തിനുശേഷവും ഓര്‍മിക്കപ്പെടുന്നുണ്ടെന്നും ആദരിക്കപ്പെടുന്നുണ്ടെന്നും അറിയുന്നത് ഓരോ മനുഷ്യനെ സംബന്ധിച്ചും അഭിമാനബോധമുണ്ടാക്കുന്നതാണെന്നും പ്രശസ്ത സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ആല്‍ഫ പാലിയേറ്റീവ് കെയറിനൂ കീഴില്‍ പരിചരണം ലഭിക്കേ മരണമടഞ്ഞവരെ ഓര്‍മിക്കുന്ന ദൈനംദിന സ്‌നേഹാദര പ്രാര്‍ത്ഥനാ ചടങ്ങായ ഉപാസനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്. മരണമടഞ്ഞവരുടെ ചിത്രങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കും ആല്‍ഫ പ്രവര്‍ത്തകര്‍ക്കുമൊപ്പം പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമായിരുന്നു അദ്ദേഹം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. ആല്‍ഫയുടെ പ്രവര്‍ത്തനങ്ങളെ ഇടയ്‌ക്കെല്ലാം നേരിട്ടറിയുകയും പലപ്പോഴും അകലെ നിന്ന് വീക്ഷിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് പലപ്പോഴും അത്ഭുതമാണ് തോന്നിയിട്ടുള്ളതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. കാന്‍സര്‍ രോഗബാധിതര്‍ക്കും പക്ഷാഘാതം സംഭവിച്ചവര്‍ക്കും വാര്‍ധക്യത്തിലെത്തിയവര്‍ക്കും ആല്‍ഫ നല്‍കുന്ന പരിചരണത്തെക്കുറിച്ചറിയാം. എന്നാല്‍, വിപുലമായ ഡയാലിസിസ് സേവനങ്ങളെക്കുറിച്ച് താന്‍ ഇവിടെ വന്നപ്പോള്‍ മാത്രമാണ് മനസ്സിലാക്കിയതെന്നും 1400ല്‍പ്പരം ഡയാലിസിസുകള്‍ പ്രതിമാസം സൗജന്യമായി നല്‍കുന്നു എന്നത് അവിശ്വനീയമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ഇതേത്തുടര്‍ന്ന് ആല്‍ഫയിലെ പരിചരണത്തിനിടെ മരണമടഞ്ഞ 30,000ല്‍പ്പരം ആളുകളുടെ ഓര്‍മദിനങ്ങളാണ് മതേതരമായ പ്രാര്‍ത്ഥനാചടങ്ങുകളോടെ ആല്‍ഫയുടെ എടമുട്ടം ഹോസ്പീസില്‍ നടക്കുന്ന ഉപാസനയില്‍ അതത് മരണവാര്‍ഷികദിനങ്ങളില്‍ ആചരിക്കുക. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ കെ.എ.കദീജാബി, വി.ജെ. തോംസണ്‍, എസ്.എ.പി.സി. ചീഫ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല, വി.ബി.ഷെരീഫ്, പി.ആര്‍.ഒ. താഹിറ മുജീബ്, വിമല വേണുഗോപാല്‍, ജലജകുമാരി തുടങ്ങിയവരും വിവിധ വര്‍ഷങ്ങളിലായി മേയ് 12ന് മരണടഞ്ഞവരുടെ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 10നും തുടര്‍ന്നു ഉച്ചയ്ക്ക് 12നും രണ്ടു പ്രാര്‍ത്ഥനകളാണ് ഉണ്ടാകുക. മരിച്ചുപോയവരുടെ ബന്ധുക്കളെ മുന്‍കൂട്ടി അറിയിക്കാനും ചടങ്ങില്‍ പങ്കെടുപ്പിക്കാനും സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

ഫോട്ടോ ക്യ്ാപ്ഷന്‍: ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പരിചരണത്തിലിരിക്കെ മരണമടഞ്ഞവരെ ഓര്‍മിക്കുന്ന ദൈനംദിന സ്‌നേഹാദര പ്രാര്‍ത്ഥനാ ചടങ്ങായ ഉപാസനയുടെ ഉദ്ഘാടനം എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ നിലവിളക്കുകൊളുത്തി സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വഹിക്കുന്നു. ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ കെ.എ.കദീജാബി, വി.ജെ. തോംസണ്‍, എസ്.എ.പി.സി. ചീഫ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല, പി.ആര്‍.ഒ. താഹിറ മുജീബ്, വിമല വേണുഗോപാല്‍, സാവിത്രി എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here