ന്യൂഡൽഹി: നിസ്സാര ഹർജിയുമായി വരാതെ സ്‌കൂളുകളും റോഡും അടക്കം അടിസ്ഥാനസൗകര്യങ്ങൾ പോയൊരുക്കാൻ കേരള സർക്കാരിനെ ശകാരിച്ച് സുപ്രീംകോടതി. അപ്പർ ഡിവിഷൻ ക്ളാർക്കിന് പ്രമോഷൻ അനുവദിച്ചതിനെ ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്‌‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ‌ബെഞ്ച് സർക്കാരിനെ ശാസിച്ചത്.

താമരശേരി ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ‌ജൂനിയർ സൂപ്രണ്ട് എൻ.എസ് സുബീറിന് സീനിയോറിറ്റി അനുവദിച്ച് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിവന്നിരുന്നു. ഹൈക്കോടതിയും ഇത് ശരിവച്ചു. ഇതിനെതിരെയാണ് സ‌ർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചയുടൻ ഇത് സുപ്രീംകോടതിയിൽ വരേണ്ടതാണോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഇത്തരം നിസാര ഹർജിയുമായി വരാതെ സ്‌കൂളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു.

പ്രമോഷനായ സമയത്ത് വേതനമില്ലാതെ അവധിയിലായിരുന്നു ഉദ്യോഗസ്ഥനെന്ന് സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ സ്‌റ്റാന്റിംഗ് കോൺസൽ ഹർഷദ് അമീദ് അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥൻ ജോലിക്ക് ഹാജരാകാതിരുന്നതല്ലെന്നും അവധിയിലായിരുന്നെന്നും കോടതി പറഞ്ഞു. നിയമകോടതി മാത്രമല്ല നീതിന്യായ കോടതിയുമാണ് തങ്ങളെന്നും അറിയിച്ച് കോടതി സർക്കാർ ഹർജി തള‌ളി.

LEAVE A REPLY

Please enter your comment!
Please enter your name here