തിരുവനന്തപുരം :  കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിച്ച് അറിവിന്റെ കൈമാറ്റം സാധ്യമാക്കാനാണു സർക്കാർ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തു സമഗ്ര അഴിച്ചുപണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും വിദ്യാർഥികളുടെ പഠന മികവും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാർഥികൾ രാജ്യത്തനകത്തും പുറത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവർക്ക് ഇവിടെത്തന്നെ മികവു തെളിയിക്കാനുള്ള സാഹചര്യമൊരുക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. അതിനു കഴിയുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീർക്കുക, എൻറോൾമെന്റ് റേഷ്യോ വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാർഷിക, വ്യാവസായിക ഉത്പാദന മേഖലകളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ ബന്ധിപ്പിക്കുക തുടങ്ങിയ സമഗ്ര മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതിനുള്ള നിരവധി കാര്യങ്ങൾ സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ഗവേഷണ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ബ്ലോക്കുകൾ, പുതുതലമുറ ലാബ് സൗകര്യം, പുതിയ ക്ലാസ് മുറികൾ, ആധുനിക ലൈബ്രറി കെട്ടിടങ്ങൾ തുടങ്ങി വലിയ മാറ്റങ്ങൾ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നടപ്പാക്കിവരികയാണ്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം സിലബസ് പരിഷ്‌കാരവും ബോധന സമ്പ്രദായത്തിലെ മാറ്റവും സംയോജിപ്പിച്ചുള്ള വലിയ മുന്നേറ്റമുണ്ടാകണം. വിദ്യാഭ്യാസ ഘടന, ഉള്ളടക്കം, സർവകലാശാല നിയമങ്ങൾ, പരീക്ഷാ സംവിധാനം തുടങ്ങിയവയെല്ലാം പരിഷ്‌കരിക്കുന്നതിനുള്ള കമ്മിഷനുകൾ രൂപീകരിച്ചു. ലഭിച്ച ഇടക്കാല റിപ്പോർട്ടുകളനുസരിച്ചുള്ള നടപടികളിലേക്കു സർക്കാർ കടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here