കോഴിക്കോട്: പാചക വാതക- മണ്ണെണ്ണ വില വര്‍ദ്ധനവ് സാധാരണക്കാരുടെ നടുവൊടിക്കുന്നതിനിടെ, പച്ചക്കറിയുടെയും മീനിന്റെയും വിലയിലെ കുതിച്ചുചാട്ടം ഇരുട്ടടിയായി.

ചിക്കന്‍ വില 240ല്‍ എത്തി. മഴ തുടങ്ങിയതോടെ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാത്തതാണ് മത്തിയടക്കം മീനുകള്‍ക്കെല്ലാം വില കൂടാന്‍ കാരണമായത്. മത്തിക്ക് കിലോയ്ക്ക് 200വരെയാണ് വില. അയലയ്ക്ക് 260. ഓരോ മാര്‍ക്കറ്റിലും ഓരോ വില !. പച്ചക്കറിയില്‍ തക്കാളിക്കാണ് പൊള്ളുംവില. കിലോയ്ക്ക് ചില്ലറ വിപണിയില്‍ 100 രൂപയായി. ഗ്രാമങ്ങളില്‍ 120 വരെ വാങ്ങുന്നവരുണ്ട്. ഒരാഴ്ചയ്ക്ക് മുമ്ബുവരെ ചിക്കന്‍ വില കിലോയ്ക്ക് 190 ആയിരുന്നെങ്കില്‍ ഇന്നലെ വില 240. ഒറ്റയടിക്ക് കൂടിയത് 50 രൂപ.

തകര്‍ന്നടിഞ്ഞുപോയ തക്കാളിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് വിപണിയില്‍ കാണുന്നത്. വില കിട്ടാതായതോടെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തക്കാളിപ്പാടത്തിന് തീയിടുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. രണ്ടുമാസം മുമ്ബുവരെ 20 രൂപയ്ക്ക് താഴെയായിരുന്നു വില. അതാണിപ്പോള്‍ 100ല്‍ തിളങ്ങുന്നത്. വേനല്‍മഴ വിളവിനെ ചതിച്ചതാണ് മാര്‍ക്കറ്റില്‍ തക്കാളിയെ താരമാക്കിയതെന്ന് കച്ചവടക്കാര്‍ പറയുന്നു. മുരിങ്ങ വിലയും നൂറിലെത്തി. ബീന്‍സിനാകട്ടെ കിലോയ്ക്ക് 120 രൂപയാണ് വില. മുരിങ്ങയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നര കിലോ 50 രൂപ ആയിരുന്നത് തിങ്കളാഴ്ച ഒരു കിലോയ്ക്ക് 50 രൂപയും ബുധനാഴ്ച 100 രൂപയുമായി. ഇന്നലെ 120 ആയി. ബീറ്റ്‌റൂട്ടിന് 60 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 40 രൂപയായിരുന്നതാണ് 60ലേക്ക് കുതിച്ചത്. അതേസമയം ഇടക്കാലത്ത് വിലകൊണ്ട് മലയാളിയെ കരയിപ്പിച്ച വലിയഉള്ളി മാത്രമാണ് ആശ്വാസം. പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 20 രൂപയും ചില്ലറ വല്‍പ്പന കേന്ദ്രങ്ങളില്‍ 26രൂപയുമാണ്. ഉരുളക്കിഴങ്ങും പൊള്ളുന്നില്ല. കിലോയ്ക്ക് 30. കേരള വിപണിയിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ മഴ കാരണം ഉത്പാദനം കുറഞ്ഞതും ഇന്ധനവില വര്‍ദ്ധനവുമാണ് മലയാളിയുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിന് വഴിയൊരുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here