തിരുവനന്തപുരം :  സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഇനിയും ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ  പറഞ്ഞു. സ്ത്രീപക്ഷ നവകേരളം എന്നത് ചിലർ പറയുന്നത് പോലെ കേവലം വാചകമടിയിലൂടെയല്ല യാഥാർത്ഥ്യമാവുന്നതെന്നും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കിയാണ് അത് സാധിതമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബശ്രീയൊരുക്കുന്ന അഭയകേന്ദ്രമായ സ്‌നേഹിത ജെൻഡർ ഹെൽപ്‌ഡെസ്‌ക് നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയും ഊർജ്ജിതപ്പെടുത്തും. ഹെൽപ്‌ഡെസ്‌ക് 14 ജില്ലകളിലും  24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും തണലൊരുക്കുന്ന കാര്യത്തിൽ, സ്ത്രീപക്ഷ നവകേരളം പരിപാടിക്ക് തുടക്കമായതോടെ കൂടുതൽ കരുത്തും വേഗവും കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് ആശ്രയിക്കാവുന്ന അഭയകേന്ദ്രം എന്നതിനപ്പുറം അവർക്ക് ശാരീരികവും മാനസികവും നിയമപരവുമായ സുരക്ഷ ഉറപ്പു വരുത്തുന്ന രീതിയിൽ ഉന്നതമായ പിന്തുണാസംവിധാനങ്ങളും സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിനൊപ്പം ഉൾച്ചേർത്തിട്ടുണ്ട്. സ്‌നേഹിതയിൽ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും, കൂടാതെ  മറ്റ് വകുപ്പുകളുമായി ചേർന്ന് നിയമ ആരോഗ്യ പരിരക്ഷയും നൽകുന്നുണ്ട്. 24 മണിക്കുറും ലഭ്യമാകുന്ന ടെലി കൗൺസിലിങ്ങ് സേവനവും നിരവധി പേർക്ക് ഉപകാരപ്പെടുന്നുണ്ട്. സ്‌നേഹിതയിൽ എത്തുന്ന നിർധനരായ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനു വേണ്ടി  14 ജില്ലകളിലും ലീഗൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് അഭിഭാഷകരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. നിയമസംവിധാനങ്ങളെ കുറിച്ച് അറിവില്ലാത്തവരും സ്വന്തമായി വരുമാനമില്ലാത്തവരുമായ സാധാരണക്കാരായ നിരവധി സ്ത്രീകൾക്ക് ഇതുവഴി പ്രയോജനം ലഭിക്കുന്നുണ്ട്. 2016 മുതൽ 2022 മാർച്ച് വരെ 35344 പേർ കേസുകൾ സ്‌നേഹിതയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ സ്‌നേഹിതയിലൂടെ ലഭ്യമാക്കി. കൂടാതെ 6326 പേർക്ക് താത്കാലിക അഭയവും ലഭ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here