കണ്ണൂർ: പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉൾപ്പെട്ട തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസിലും രക്തസാക്ഷി ഫണ്ട് തട്ടിപ്പുകേസിലും  കടുത്ത നപടിയിലേക്ക് സി പി എം ജില്ലാ നേതൃത്വം നീങ്ങുന്നു.  ആരോപണ വിധേയരായ ആറു പേർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ശുദ്ധികലശത്തിനുള്ള ഒരുക്കങ്ങളാണ് ജില്ലാ കമ്മിറ്റി  ആരംഭിച്ചിരിക്കുന്നത്.

2021- ലെ നിയമസഭാതെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം, രക്തസാക്ഷി ധനരാജ് കുടുംബസഹായ ഫണ്ട് വകമാറ്റൽ, പാർട്ടി ഏരിയാകമ്മിറ്റി ഓഫിസ് നിർമാണത്തിനായി നടത്തിയ ചിട്ടി നടത്തിപ്പിലെ ക്രമക്കേട് എന്നിങ്ങനെ രണ്ടു കോടിയുടെ ഗുരുതര ആരോപണമാണ് ഉയർന്നിട്ടുള്ളത്. പയ്യന്നൂർ  എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ള ആറ് പേർക്കാണ് അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ പാർട്ടി ജില്ലാകമ്മിറ്റി നോട്ടീസ് നൽകിയത്.

ധനരാജ്  രക്തസാക്ഷി ഫണ്ടു വകമാറ്റി രണ്ടു നേതാക്കളുടെ അക്കൗണ്ടിലിട്ടുവെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണകമ്മിഷൻ കണ്ടെത്തിയെങ്കിലും പാർട്ടിതലത്തിലുള്ള അന്വേഷണങ്ങളൊന്നും ഇതുവരെ നടന്നിരുന്നില്ല. ഏകദേശം ഒരുകോടിയോളം രൂപ രക്തസാക്ഷി ഫണ്ടായി കേരളത്തിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നും പിരിച്ചെടുത്തിരുന്നു, ഇതിൽ 42 ലക്ഷം രൂപയാണ് വകമാറ്റിയതായി കണ്ടെത്തിയത്.

രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള സഹകരണബാങ്കിലെ കടബാധ്യത തീർക്കുമെന്ന് പയ്യന്നൂർ ഏരിയാകമ്മിറ്റി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് വാഗ്ദാനം നിറവേറ്റിയില്ലെന്നു വ്യക്തമായത്. രണ്ടു നേതാക്കളുടെ അക്കൗണ്ടിൽ 42 ലക്ഷം രൂപ വിഭജിച്ച് നിക്ഷേപിക്കുകയും പിന്നീടത് ആരുമറിയാതെ പിൻവലിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ കുടുംബത്തിന് നൽകിയതിൽ നിന്നും ബാക്കി വന്ന തുക പയ്യന്നൂർ ഏരിയാകമ്മിറ്റി ഓഫിസ് നിർമാണത്തിനായി വകയിരുത്തിയെന്നാണ് ആരോപണവിധേയരായ രണ്ടു നേതാക്കളുംനൽകുന്ന വിശദീകരണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ലെന്നാണ് പ്രവർത്തകരുടെ ആരോപണം. പാർട്ടി നേതൃത്വം ഗൗരവകരമായി കാണുന്ന വിഷയം കെട്ടിട നിർമാണത്തിനായി നടത്തിയ ചിട്ടിയിൽ നിന്നും 80 ലക്ഷം രൂപയുടെ കണക്കില്ലാത്തതും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണപ്പിരിവിനായി വ്യാജരസീത് ഉപയോഗിച്ചതുമാണ്.

പാർട്ടി ജില്ലാകമ്മിറ്റിനിയോഗിച്ച അന്വേഷണ കമ്മിഷൻ പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ സത്യാവസ്ഥകണ്ടെത്തിയിട്ടുണ്ടെന്നും കുറ്റാരോപിതർക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രവർത്തകർക്കിടെയിലും പാർട്ടി ബന്ധുക്കൾക്കിടെയിലും തെറ്റായ സന്ദേശമുണ്ടാക്കാനിടയാക്കുമെന്നാണ് ജില്ലാകമ്മിറ്റിയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

എന്നാൽ ആരോപണങ്ങൾക്കു പിന്നിൽ പയ്യന്നൂർ ഏരിയാകമ്മിറ്റിയിലെ ഗ്രൂപ്പിസമാണെന്ന വാദം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ ഉയർത്തിയെങ്കിലും പാർട്ടി ജില്ലാനേതൃത്വം തന്നെ ഇതു കഴിഞ്ഞ ജില്ലാകമ്മിറ്റി യോഗത്തിൽ തള്ളിക്കളയുകയായിരുന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ പികെ ശ്രീമതി, കെ കെ ശൈലജ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും അവരും ഇ പിയെ പിന്തുണച്ചു രംഗത്തു വന്നില്ല. എന്തുതന്നെയായാലും ഈ മാസം 12 ന് വീണ്ടും ചേരുന്ന ജില്ലാകമ്മിറ്റിയോഗത്തിൽ പയ്യന്നൂർ ഫണ്ട് വിവാദത്തിൽ നിർണായകമായ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് സിപിഎം നേതൃത്വം.

സി പി എമ്മിനെ പിടിച്ചുകുലുക്കിയ പയ്യന്നൂർ ഫണ്ടുവിവാദത്തിൽ ഉന്നത നേതാവ് ഉൾപ്പെടെ ആറുപേർക്കെതിരെ പാർട്ടി നടപടി വരുന്നത് പാർട്ടിക്കുള്ളിൽ അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇവർ നൽകുന്ന വിശദീകരണം തൃപതികരമല്ലെങ്കിൽ പാർട്ടി സ്ഥാനങ്ങളിൽ നിന്നും തരംതാഴ്ത്താനാണ് നീക്കം. നടപടി നേരിടേണ്ടിവരുന്നവരിൽ കടുത്ത പിണറായി പക്ഷക്കാരനായ ജില്ലാസെക്രട്ടറിയേറ്റ് അംഗമായ ഒരു എംഎൽഎയുമുണ്ടെന്നതാണ് ശ്രദ്ധേയം. മെയ് ആറിന് കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന് മുൻപെ നടപടി വേണമെന്നു സിപിഎമ്മിനുള്ളിൽ നിന്നും വാദമുയർന്നിരുന്നുവെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കാത്തുനിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പയ്യന്നൂർ മുൻ എംഎൽഎ സി കൃഷ്ണൻ, പി സന്തോഷ്. വി നാരായണൻ എന്നിവരുമായി കൂടിയാലോചന നടത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടന്നുവെന്നത് പകൽ പോലെ വ്യക്തമായിട്ടും നടപടിയെടുത്തില്ലെങ്കിൽ അതു പയ്യന്നൂരിലെ പാർട്ടിയെ തകർക്കുമെന്നു ഇവർ കോടിയേരിയോട് പറഞ്ഞുവെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മറ്റി യോഗം വിഷയം ഒരു ദിവസം മുഴുവൻ ചർച്ച ചെയ്തിരുന്നു. അച്ചടക്ക നടപടിയിലേക്ക് കടന്ന് പാർട്ടിയുടെ പ്രതിച്ഛായ കളയാതെ പ്രശ്നം ഒത്തുതീർക്കണമെന്ന നിർദ്ദേശം കേന്ദ്രകമ്മിറ്റിയംഗമായ ഇപി ജയരാജൻ മുന്നോട്ടുവച്ചെങ്കിലും ജില്ലാകമ്മിറ്റിയിലെ ബഹുഭൂരിപക്ഷം പേരും തള്ളിക്കളയുകയായിരുന്നു.

ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടി വേണമെന്ന് പയ്യന്നൂരിൽ നിന്നുൾപ്പെടെയുള്ള നേതാക്കൾ നിലപാട് എടുത്തതോടെയാണ് നോട്ടീസ് നൽകാൻ തീരുമാനിച്ചത്.

പയ്യന്നൂർ എംഎൽഎ, ടിഐ മധുസൂധനൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെ കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു , എംഎൽഎയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സജീഷ് തുടങ്ങിയവരാണ് വിശദീകരണം നൽകേണ്ടത്. നോട്ടീസ് കൈപ്പറ്റിയവരിൽ നിന്നും മറുപടി വാങ്ങിയശേഷം 12 ന് ചേരുന്ന ജില്ലാ കമ്മറ്റിയിൽ അച്ചടക്കലംഘനത്തിന് നടപടി ഉണ്ടാകുമെന്നാണ് വിവരം.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തിയെന്നാണ് ഉയർന്ന ആരോപണം. കെട്ടിട നിർമ്മാണ ഫണ്ടിൽ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയിൽ ജില്ലാകമ്മിറ്റി നിയോഗിച്ച സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, പി വി ഗോപിനാഥ്, എന്നിവരുൾപ്പെടുന്ന മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം അന്വേഷിച്ച് റിപ്പോർട്ടിൽ വാസ്തവമുണ്ടൈന്ന് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ഫണ്ട് ക്രമക്കേട് വിഷയം പരിഹരിക്കാൻ ഇത് രണ്ടാം തവണയാണ് കോടിയേരിയുടെ സാന്നിധ്യത്തിൽ അടിയന്തിര ജില്ലാകമ്മിറ്റി യോഗം ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here