ഇന്ന് തന്നെ മാറ്റിക്കും’, സതീശൻ

തിരുവനന്തപുരം: താൻ ലീഡർ അല്ലെന്നും, ലീഡർ എന്ന വിളിയ്ക്ക് അർഹനായ ഒരേയൊരാൾ മാത്രമേയുള്ളൂ കേരളരാഷ്ട്രീയത്തിലുണ്ടായിരുന്നുള്ളൂ,  അത് ലീഡർ കെ കരുണാകരനാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ക്യാപ്റ്റൻ വിളിയിലും ലീഡർ വിളിയിലും ഒന്നും താൻ വീഴില്ല. തൻറെ മാത്രം ഫ്‌ളക്‌സ് വച്ചാൽ അത് ശരിയല്ല, എന്ന് തന്നെയാണ് അഭിപ്രായം. ഫ്‌ളക്‌സ് വയ്ക്കുകയാണെങ്കിൽ എല്ലാവരുടെയും പടംവച്ചായിരിക്കണം. തൻറെ മാത്രം ചിത്രമുള്ള ഫ്‌ളക്‌സ് ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ മാറ്റിക്കുമെന്നും വി ഡി സതീശൻ തിരുവനനന്തപുരം വിമാനത്താവളത്തിൽ  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തൃക്കാക്കര വിജയത്തിൻറെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വി ഡി സതീശന് വൻ സ്വീകരണമാണ് തിരുവനന്തപുരം ഡിസിസി ഒരുക്കിയത്. സതീശനെ തോളിലേറ്റിയാണ് പ്രവർത്തകർ പുറത്തേക്ക് ആനയിച്ചത്. പ്രവർത്തകരുടെ സന്തോഷമാണ് സ്വീകരണത്തിലൂടെ അവർ പ്രകടിപ്പിക്കുന്നതെന്ന് സതീശൻ.

”നിയമസഭാ തെരഞ്ഞെടുപ്പിലടക്കം തുടർച്ചയായ തോൽവിക്ക് ശേഷം ഉണ്ടായ ജയമാണ് തൃക്കാക്കരയിലേത്. ഇതൊരു തുടക്കം മാത്രമാണ്. ഒന്നും ഇവിടെ അവസാനിക്കുന്നില്ല എന്ന് മാത്രമാണ് എനിക്ക് ആവർത്തിക്കാനുള്ളത്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്നാണ് എനിക്ക് പ്രവർത്തകരോട് പറയാനുള്ളത്. അതിന് വേണ്ട ആത്മവിശ്വാസമാണ് തൃക്കാക്കര വിജയത്തിലൂടെ ജനങ്ങൾ നൽകിയത്. സംഘടനയുടെ ദൗർബല്യം പരിഹരിച്ച് മുന്നോട്ട് പോകണം. കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അനാരോഗ്യം മാറി തിരിച്ചെത്തിയാൽ സംഘടനയുടെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും ചേർന്ന് ഒരു യോഗം വിളിച്ച് കാര്യങ്ങൾ വിലയിരുത്തും. മുന്നോട്ട് പോകാൻ വേണ്ട കാര്യങ്ങളെല്ലാം കൃത്യമായി പ്ലാൻ ചെയ്യും”, എന്ന് വി ഡി സതീശൻ.

 കേരളത്തിലെ മുതിർന്ന എംപിമാർ, എംഎൽഎമാർ മുതിർന്ന നേതാക്കൾ എല്ലാവരും ഒരുമിച്ച് നിന്നതിൻറെ വിജയമാണ് തൃക്കാക്കരയിൽ കണ്ടത്. നമുക്ക് ഒന്നാംനിര നേതാക്കൾ മാത്രം പോര, രണ്ടാം നിര പോര, മൂന്നാം നിര പോര, നാലാം നിരയും ശക്തിപ്പെടുത്തണം. ശക്തമായ യുവനിരവേണം, മികച്ച വനിതാപ്രാതിനിധ്യം വേണം. ഇതിനെല്ലാം ഒന്നിച്ച് നിന്ന് ശ്രമിക്കണം. നമുക്കൊരു വനിതാ എംഎൽഎ വരികയാണ്”, വി ഡി സതീശൻ പറയുന്നു.

ഇത്ര വലിയൊരു വിജയം കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല തൃക്കാക്കരയിൽ എന്നതാണ് യാഥാർഥ്യം. ജയിച്ചാലും തോറ്റാലും ഉത്തരവാദിയെന്ന് സ്വയം പ്രഖ്യാപിച്ച് തൃക്കാക്കര പോരിനിറങ്ങിയ പ്രതിപക്ഷ നേതാവിൻറെ നേതൃത്വത്തിലായിരുന്നു പടപ്പുറപ്പാടത്രയും. നേതാക്കൾ വന്നും പോയും ഇരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ ‘ക്യാപ്റ്റൻ ഒറിജിനൽ’ എന്ന ടാഗ് ലൈനുമായി സോഷ്യൽ മീഡിയയായിൽ വരെ വി ഡി സതീശൻ തരംഗമായി. ക്യാപ്റ്റനെന്നല്ലാതെ വേറെ പേരില്ലേ സ്വന്തം നേതാവിനെ വിളിക്കാനെന്ന് ഇടത് ഹാൻഡിലുകളിൽ നിന്ന് പരിഹാസം ഉയർന്നതിന് പിറ്റേന്നാണ്, ലീഡർ എന്നെഴുതിയ ഫ്‌ലക്‌സുകൾ തലസ്ഥാനത്ത് വ്യാപകമായി ഉയർന്നത്. പുതിയ ലീഡർ എന്ന വിശേഷണം സതീശന് നൽകിയതിൽ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നത് ഉറപ്പാണ്. ഹൈബി ഈഡനടക്കം പാർട്ടിയിലെ യുവ നേതൃത്വം വിഡി സതീശനെ പിൻപറ്റി വിജയം ആഘോഷിക്കുന്നത് പക്ഷെ മുതിർന്ന നേതാക്കൾക്കത്ര പിടിച്ചിട്ടില്ല. ”ഞങ്ങളെല്ലാവരും അവിടെ ഉണ്ടായിരുന്നു. വളരെ അടുക്കും ചിട്ടയോടും കൂടി പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നു”, എന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ പിന്നാലെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പറഞ്ഞത് ശ്രദ്ധിക്കണം.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെട്ട കേരളത്തിലെ കോൺഗ്രസ് പാർട്ടി ഇപ്പോൾ വി ഡി സതീശൻറെ കൈപ്പിടിയിലേക്ക് ഒതുങ്ങിപ്പോകുന്നതിൽ നേതൃനിരയിൽ നേരത്തെ തന്നെ അതൃപ്തി പുകയുന്നുണ്ട്. എന്നാൽ അതിനെ എല്ലാം അപ്രസക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലം വി ഡി സതീശന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here