തൃശ്ശൂർ : 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾ ഈ സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വൈദ്യുതി ഉൽപ്പാദന രംഗത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനശേഷി 173 മെഗാവാട്ടായി വർദ്ധിപ്പിക്കാനും ജലവൈദ്യുത പദ്ധതികളിൽ നിന്ന് 18.5 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും സാധിച്ചതായി മന്ത്രി പറഞ്ഞു. ശ്രീനാരായണപുരം-മതിലകം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ  ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിന്‌കൊടുങ്ങല്ലൂർ ഇലക്ട്രിക്കൽ ഡിവിഷന് കീഴിലുള്ള മതിലകം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയിൽ 70 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്ന് വഹിക്കുന്നതാണ്. 30% മാത്രമാണ് സംസ്ഥാനത്തിനകത്ത് ഉൽപ്പാദിപ്പിക്കുന്നത്. ജലവൈദ്യുത പദ്ധതികൾക്ക് ധാരാളം സാധ്യതയുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾ ആരംഭിക്കാനുള്ള തടസങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തും. നാല് മണിക്കൂറിലധികം പവർകട്ട് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ട്. എന്നാൽ നിലവിൽ കേരളത്തിൽ
അത്തരമൊരു സാഹചര്യമില്ല. വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു. പരാതികൾ സമയബന്ധിതമായി തീർപ്പാക്കാൻ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. അതിനായി വാതിൽപടി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

22000ത്തിൽപരം ടെൻഷൻ ഉപഭോക്താക്കളും ഒരു ഹൈടെൻഷൻ ഉപഭോക്താവും അടങ്ങുന്ന മതിലകം ഇലക്ട്രിക്കൽ സെക്ഷന്റെ ഭൂവിസ്തൃതി 22 ചതുരശ്ര കിലോമീറ്ററാണ്. എസ്.എൻ പുരം സെന്ററിൽ വാടകകെട്ടിടത്തിലാണ് നിലവിൽ സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. അഞ്ചങ്ങാടി 33 കെ.വി. സബ്സ്റ്റേഷനോട് ചേർന്നുള്ള 24 സെന്റ് ഭൂമിയിൽ രണ്ട് നിലകളിലായി 2020 ചതുരശ്രടി വിസ്തൃതിയിലാണ് സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണത്തിനായി 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here