ആലപ്പുഴ : മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിൽ  കോൺഗ്രസ് പിന്തുണയോടെ ചെന്നിത്തല ഗ്രാമപഞ്ചായത്ത് ഭരണം സിപിഎമ്മിന്. സിപിഎമ്മിലെ  വിജയമ്മ ഫിലേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ വിജയമ്മ പ്രസിന്റാകുന്നത് ഇത് മൂന്നാം തവണയാണ്. ഒട്ടേറെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിൽ ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിലെ  വിജയമ്മ ഫിലേന്ദ്രൻ  കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ബി.ജെ.പിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥി ബിന്ദു പ്രദീപിനെ ആറിനെതിരെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയമ്മ വീണ്ടും വിജയിച്ചത്. സിപിഎം, കോൺഗ്രസ്, ബിജെപി കക്ഷികൾക്ക് 6 വീതം അംഗങ്ങളുള്ള 18 അംഗ ഭരണസമിതിയിൽ 17 പേരാണ് പങ്കെടുത്തത്. കോൺഗ്രസിലെ ബിനി സുനിൽ അപകടത്തെ തുടർന്ന് ചികിൽസയിലായതിനാൽ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ഇക്കഴിഞ്ഞ 20ന് ബിജെപിയിലെ ബിന്ദു പ്രദീപിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോൺഗ്രസ് പിന്തുണയിൽ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

ചെന്നിത്തല പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് ഈ വിഭാഗത്തിൽ നിന്ന് അംഗങ്ങളുള്ളത്.
നാലാം തവണയാണ് ചെന്നിത്തലയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആദ്യതവണ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാൽ കോൺഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പാർട്ടി നേതൃത്വം കർശന നിലപാടെടുത്തതോടെ 38 ദിവസം കഴിഞ്ഞ് വിജയമ്മ രാജിവച്ചു.

കോൺഗ്രസ് പിന്തുണയോടെ രണ്ടാമതും വിജയമ്മ പ്രസിഡന്റായെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ വീണ്ടും രാജിവച്ചു. തുടർന്ന് രണ്ട് തവണയും നിഷ്പക്ഷ നിലപാട് സ്വീകരിച്ച് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് വിമതൻ ദീപു പടകത്തിൽ മൂന്നാമത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്തു. സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും കോൺഗ്രസ് വിട്ടുനിൽക്കുകയും ചെയ്തതോടെ ബി.ജെ.പിക്ക് ഭരണം ലഭിച്ചു. പിന്നീട് ദീപു പടകത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ചേരുകയും എൽ.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തതോടെ മൂന്ന് മുന്നണികളും 6 അംഗങ്ങൾ വീതമുള്ള തുല്യശക്തികളായി മാറി.  

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മമനാട്ടിൽ രണ്ട് തവണ തുടർച്ചയായി കോൺഗ്രസ് -സി പി എമ്മിനെ പിന്തുണച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബി ജെ പി രമേശ് ചെന്നിത്തലയുടെ വസതിക്ക് മുന്നിൽ പ്രതിഷേധ യോഗങ്ങൾ വരെ സംലടിപ്പിച്ചു.സി പി എമ്മിന് രണ്ട് തവണ പിന്തുണ കൊടുത്തിട്ടും പ്രസിഡൻറ് രാജിവച്ചത് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അതിനാൽ  അവിശ്വാസത്തെ പിന്തുണക്കുന്നതിന് മുമ്പ് തന്നെ സി പി എം നേതൃത്വത്തിന്റെ ഉറപ്പ് വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് ഇത്തവണ കോൺഗ്രസ് വീണ്ടും പിന്തുണ നൽകിയത്.

ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്തുന്നതിനാണ് സിപിഎം സ്ഥാനാർഥി വിജയമ്മ ഫിലേന്ദ്രന് കോൺഗ്രസ് പിന്തുണ നൽകിയതെന്ന് ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ പറഞ്ഞു. ചെന്നിത്തലയിൽ കോൺഗ്രസ് – സി പി എം അവിശുദ്ധ കൂട്ട് കെട്ട് കെ പി സി സി യുടെ അറിവോടെയാണന്ന് ബിജെപി ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് സതീഷ് കൃഷ്ണ പറഞ്ഞു.സി പി എം നെ പിന്തുണച്ച് അധികാരത്തിലേറ്റിയ കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.വർഗീയതയ്‌ക്കെ തിരെയും, നാടിന്റെ വികസനത്തിനും ആയുള്ള പിന്തുണയാണ് കോൺഗ്രസിന്റേതെന്നും രാഷ്ട്രീയ പിന്തുണയല്ലെന്നും സി പി എം നേതൃത്വം പറയുന്നു.


 
 

LEAVE A REPLY

Please enter your comment!
Please enter your name here