കോഴിക്കോട് തിക്കോടി ടൗണിലെ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺ​ഗ്രസ്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ പൊലീസിനെ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് ഹർജി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സിപിഐഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. വിടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.

തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരമായി തുടരുകയാണ്. കാഴ്‌ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്കയുണ്ട്. ബിലാൽ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാൻ പറ്റു എന്ന് ഡോക്ടർമാർ അറിയിച്ചു. ബിലാൽ സമദിന്റെ ചികിത്സാ ചെലവ് കോൺഗ്രസാണ് വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here