കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ട്രെയിൻ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധമിരമ്പുമ്പോൾ മുൻ സൈനികൻ മലയാള സിനിമാ സംവിധായകനുമായ മേജർ രവിയും പദ്ധതിയോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ്.

ഒരു പട്ടാളക്കാരനാകാൻ നാല് വർഷം പോരെന്നും ചുരുങ്ങിയത് അഞ്ച് മുതൽ ആറ് വർഷം വരെയാണ് വേണ്ടതെന്നും മേജ് രവി പറയുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യസുരക്ഷയെ മുൻനിർത്തി ഇങ്ങനെ ചെയ്യരുതെന്നും മേജർ രവി വ്യക്തമാക്കി.

ഈ പദ്ധതി പ്രകാരം മിച്ചം പിടിക്കുന്ന പണം ആധുനിക ആയുധസാമഗ്രികൾ വാങ്ങാനാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ ഇത്ര കുറഞ്ഞ ട്രെയ്‌നിംഗ് ലഭിക്കുന്ന വ്യക്തിക്ക് ഇത്തരം ആയുധങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന് മേജർ രവി പറഞ്ഞു. ഒരു സൈനികൻ പൂർണ തോതിൽ പ്രാപ്തനാകാൻ കുറഞ്ഞത് ആറ് മുതൽ ഏഴ് വർഷത്തെ പരിശീലനം വേണം.

ഒരു യുദ്ധം വന്നാൽ ഇത്ര കുറവ് പരിശീലനം ലഭിച്ച സൈന്യത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന ആശങ്കയും മേജർ രവി പങ്കുവച്ചു. രാജ്യസുരക്ഷയ്ക്കും അഗ്നീപഥ് ഭീഷണിയാണെന്ന് അദ്ദേഹം പറയുന്നു. നാല് വർഷം ഇന്ത്യൻ സൈനിക പരിശീലനം പൂർത്തിയാക്കി ഒരാൾ ഒരു ഭീകര സംഘടനയിൽ പോയി ചേർന്നാൽ എന്ത് ചെയ്യുമെന്ന് മേജർ രവി ചോദിച്ചു. പരിശീലനം ലഭിച്ച ഭീകരനെ നേരിടുക എളുപ്പമല്ലെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നും മേജർ രവി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here