പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി. ടി.ഐ.മധുസൂദനന്‍ എംഎല്‍എയെ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്ക് എതിരേയും നടപടി. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു

കെ.കെ.ഗംഗാധരന്‍, ടി.വിശ്വനാഥന്‍ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെയും ചുമതലയില്‍ നിന്നും മാറ്റി. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷിന് പകരം ചുമതല നല്‍കി. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടിയുണ്ടായത്. എന്നാല്‍ നടപടി വന്നതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. എം.വി.ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്.

നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മധുസൂധനന്‍ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാര്‍ട്ടിക്ക് യോജിച്ച രീതിയിലല്ലെന്നാണ് വിമര്‍ശനമുണ്ടായത്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ.മധുസൂധനന്‍ ഉള്‍പ്പെടെ പയ്യന്നൂരില്‍ നിന്നുള്ള ആറ് പേര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് മറുപടി വാങ്ങിയതിന് ശേഷമാണ് നടപടിയുണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here