ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ചു. ഡൽഹിയിൽ പോളിംഗ് ബൂത്തായി നിശ്ചയിച്ച പാർലമെന്റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിൽ നിയമസഭകളിലും വോട്ടെടുപ്പ് നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം. ആകെയുള്ള 10,86,431 വോട്ടു മൂല്യത്തിൽ ദ്രൗപദി മുർമുവിന് 6.6 ലക്ഷത്തിലധികം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. ജൂലായ് 21നാണ് വോട്ടെണ്ണൽ.

കോൺഗ്രസ് സഖ്യകക്ഷികളായ ജാർഖണ്ഡ് മുക്തി മോർച്ച, ശിവസേന തുടങ്ങിയ കക്ഷികളും പ്രതിപക്ഷത്ത് സമാജ്‌വാദി പാർട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഓം പ്രകാശ് രാജ് ഭറിന്റെ സുഹൽ ദേവ് ഭാരതീയ സമാജ് പാർട്ടിയും, അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ യാദവിന്റെ പ്രഗതിഷീൽ സമാജ്‌വാദി പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ദ്രൗപദി മുർമുവിന് 6,60,000 വോട്ടുകൾ ലഭിച്ചേക്കുമെന്ന് ഉറപ്പിച്ചത്.

38 പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോഴുണ്ടായിരുന്ന പിന്തുണ ഇപ്പോഴില്ല. എ എ പി പിന്തുണയാണ് അവസാന മണിക്കൂറുകളിലെ ആശ്വാസം. ജാർഖണ്ഡ് മുക്തി മോർച്ച ഉൾപ്പെടെയുള്ളവരുടെ പിന്തുണ നഷ്ടമാകുകയും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളിലേക്ക് വരേണ്ടതില്ലെന്ന് മമത ബാനർജി വ്യക്തമാക്കുകയും ചെയ്തതോടെ പരമാവധി വോട്ട് പിടിക്കാനുള്ള നീക്കം മാത്രമാണ് നടക്കുന്നത്. ഛത്തീസ്ഗഡ്, ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത് യശ്വന്ത് സിൻഹയ്ക്ക് റദ്ദാക്കേണ്ടി വന്നു.

കേരള നിയമസഭയിലെ ഒരു വോട്ട് മുർമുവിന്

ഇന്ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ രേഖപ്പെടുത്തുന്ന ഒരു വോട്ട് ബി ജെ പി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനായിരിക്കും. ഉത്തർപ്രദേശിലെ എൻ ഡി എ എം എൽ എ നീൽരത്തൻ സിംഗാണ് ഇവിടെ ദ്രൗപതി മുർമുവിന് വോട്ടു ചെയ്യുന്നത്. ചികിത്സയ്‌ക്കായി പാലക്കാട്ടെത്തിയതാണ് അദ്ദേഹം. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻകൂർ അനുമതിയോടെ ഇന്ത്യയിലെവിടെയും വോട്ട് ചെയ്യാം. നീൽരത്തൻ സിംഗിന്റെ വോട്ട് കേരളത്തിലെ കണക്കിൽ ഉൾപ്പെടില്ല. യുപിയിലെ കണക്കിലാകും വോട്ട് എണ്ണുക. തിരുനൽവേലി എം പി ജ്ഞാനതിരവിയം കേരള നിയമസഭിലാണ് വോട്ട് ചെയ്യാൻ എത്തുന്നത്. ഡി എം കെ അംഗമായ അദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയിലാണ്. ഡി എം കെ യശ്വന്ത് സിൻഹയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ 140 നിയമസഭാംഗങ്ങളും ഇവിടെ വോട്ടു ചെയ്യും. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ കോൺഗ്രസും ഇടതുപക്ഷവും പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വോട്ടും അദ്ദേഹത്തിനു ലഭിക്കാം. എച്ച് ഡി ദേവഗൗഡയുടെ ജനതാദൾ എസ് ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നുവെങ്കിലും കേരളത്തിലെ ജനതാദൾ അംഗങ്ങളായ മന്ത്രി കെ കൃഷ്ണൻകുട്ടിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മാത്യു ടി തോമസും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമെന്നാണു കരുതുന്നത്. ഇരുവരും ഇവിടെ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗങ്ങളാണ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിയമസഭാ മന്ദിരത്തിന്റെ മൂന്നാം നിലയിലെ 740-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here