കെ കെ രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സിപിഐഎമ്മിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്‍റെ പേരിലാണ് കെ കെ രമയ്ക്ക് വധഭീഷണി ഉണ്ടായത്. മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസിന്റെയും യുഡിഎഫ് നേതാക്കളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എം എം മണി കെ കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചെങ്കിലും ഒടുങ്ങാത്ത പക മനസില്‍ സൂക്ഷിക്കുന്നവരാണ് സിപിഐഎമ്മുകാര്‍.ടിപിയെ വധിക്കാന്‍ ഉത്തരവ് നല്‍കിയ സിപിഐഎം ഉന്നതര്‍ ഇപ്പോഴും പുറത്തുവിലസുകയാണ്. ടിപിയുടെ മരണശേഷവും ആ ആത്മാവിനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി എന്തും ചെയ്യുന്ന മനോനിലയിലേക്ക് അധപതിച്ചു.

സിപിഐഎമ്മിന്റെ അടുത്ത ലക്ഷ്യം കെ കെ രമയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുയെന്നും സുധാകരന്‍ പറഞ്ഞു. നിയമസഭയില്‍ കെ കെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. കെ കെ രമയുടെ ജീവന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here