കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.  ദിലീപ് കേസിൽ പ്രതിയല്ലന്നായിരുന്നു ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ  എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ളീൻ ചിറ്റ് നൽകി പോലീസിനെ പൂർണ്ണമായും തള്ളിയത്. ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്തു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോകേഷനിൽ വന്നിരുന്നുവെന്നത് വിശ്വാസ്യ യോഗ്യമല്ലെന്നും ശ്രീലേഖ പറഞ്ഞു.

ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മർദ്ദത്തിന്റെ ഫലമാണെന്ന് പറഞ്ഞാണ് പോലീസ് നടപടിയെ ചോദ്യം ചെയ്യുന്നത്. അടുത്തിടെ മാത്രം സർവീസിൽ വിരമിച്ച ഉദ്യോഗസ്ഥയാണ് ശ്രീലേഖ. നിർണായകമായ കേസിൽ ഇപ്പോൾ ഇങ്ങിനെ സ്വന്തം യു ട്യൂബ് ചാനൽ വഴി ശ്രീലേഖ പറയാൻ കാരണം വ്യക്തമല്ല. ദിലീപിന്റെ അഭിഭാഷകർ വീഡിയോ പോലീസിനെതിരെ തെളിവായി കോടതിയിൽ ഹാജരാക്കാൻ സാധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്തരിക്കണമെന്ന് വരെ പ്രതിഭാഗം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

2005 മെയ് മാസം  മലയാളത്തിലെ പ്രമുഖ വാരികയിൽ എഴുതിയ സർവീസ് സ്റ്റോറിയിലാണ് ആർ ശ്രീലേഖ ഇതിനു മുമ്പ് വിവാദമായ അവകാശവാദം ഉന്നയിച്ചത്. വിവാഹപൂർവ ബന്ധത്തിൽ ഉണ്ടായ പിഞ്ചു കുഞ്ഞിനെ അതിൻറെ അമ്മ തന്നെ കൊന്നെന്നും എന്നാൽ  മനുഷ്യത്വത്തിൻറെ പേരിൽ  അമ്മയെ കേസിൽ നിന്ന് താൻ രക്ഷിച്ചു എന്നുമായിരുന്നു ശ്രീലേഖ  അന്ന് അവകാശപ്പെട്ടത്.  ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ അന്നത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അന്ന് ഐജിയായിരുന്ന ടി പി സെൻകുമാർ സംഭവം അന്വേഷിച്ചു. ഇതോടെ തൻറെ തുറന്നു പറച്ചിൽ ഭാവനാ സൃഷ്ടി മാത്രമായിരുന്നെന്ന് നിലപാടെടുത്ത് വിവാദത്തിൽ നിന്ന് ശ്രീലേഖ തടിയൂരുകയായിരുന്നെന്ന് ജോമോൻ പറയുന്നു.

ശ്രീലേഖയുടെ ദിലീപിനെ അനുകൂലിച്ചുള്ള യുട്യൂബ് വീഡിയോ കേരളത്തിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് തകർന്നടിഞ്ഞതെന്നും ഒരുപാടു പേരുടെ മനസ്സിൽ അവർ ചിതയൊരുക്കിയെന്നും അതിജീവിതയുടെ അടുത്ത ബന്ധു ഫേസ് ബുക്കിൽ കുറിച്ചു. ശത്രുതക്ക് തുല്യതയെങ്കിലും വേണം, സഹതാപത്തേക്കാൾ മ്ലേച്ചമായ വികാരമാണ് അവർക്കെതിരെ തോന്നുന്നത്, അടുത്ത ന്യായീകരണ തൊഴിലാളിക്കായി കാത്തിരിക്കാം എന്നതടക്കം ശ്രീലേഖയ്ക്ക് എതിരെ അതിജീവിതയുടെ കുടുംബം ശക്തമായ നിലപാടെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here