രാജേഷ് തില്ലങ്കേരി

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നിട്ട് വർഷം ഒന്നായി. 300 കോടി് രൂപയാണ്  ഭരണ സമിതി അംഗങ്ങളും ജീവനക്കാരരനും ചേർന്ന് തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതോടെ തങ്ങളുടെ ജീവത സമ്പാദമെല്ലാം ഈ ബാങ്കിൽ നിക്ഷേപിച്ചവർ സ്വയം വെട്ടിലായി. നിക്ഷേപകരുടെ തുക നഷ്ടമാവില്ലെന്നായിരുന്നു സഹകരണ വരുപ്പിന്റെ പ്രഖ്യാപനം. എന്നാൽ നിക്ഷേപം തിരികെ ചോദിച്ച് ബാങ്കിലെത്തിയവർക്കുണ്ടായ ദുരനുഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഫിലോമിനയെന്ന സ്ത്രിയുടെ മരണത്തോടെ വീണ്ടും സഹകരണ തട്ടിപ്പ് വീണ്ടും കേരളം ചർച്ച ചെയ്യുകയാണ്. ഫിലോമിനയും ഭർത്താവും തങ്ങളുടെ  ജീവിതകാലത്ത് സ്വരൂപിച്ച പണമാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. എന്നാൽ രോഗം ബാധിച്ച് ചികിൽസയ്ക്കായി പണം ആവശ്യപ്പെട്ട് ബാങ്കിൽ ദിവസങ്ങളോളം കയറിയിറങ്ങിയെങ്കിലും ഒരു രൂപ പോലും കിട്ടിയില്ല. പിച്ചക്കാരനെ പോലെയാണ് ഫിലോമിനയുടെ ഭർത്താവ് ദേവസിയോട് ബാങ്ക് അധികൃതർ കണ്ടത്. എത്രദയനീയമാണ് ഈ സംഭവമെന്ന് ഭരണക്കാരാരും ചിന്തിച്ചിട്ടുണ്ടാവില്ല. ചികിൽസയ്ക്ക് എന്തിനാണ് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിക്കുന്നതെന്നും കേരളത്തിലെ ആരോഗ്യ സുരക്ഷയ്ക്ക് സർക്കാർ ആശുപത്രികൾ ഏറ്റവും മികച്ചതാണെന്നുമാണ് മന്ത്രിയും സ്ഥലം എം എൽ എയുമായ ആർ ബിന്ദുവിന്റെ പ്രതികരണം. കയ്യിലുണ്ടായിരുന്ന പണം ഒരു സഹകരണ ബാങ്കിൽ നിക്ഷേപിച്ചതിന്റെ ദുരന്തമാണ് ആ കുടുംബം ഏറ്റവുവാങ്ങിയത്. ഇങ്ങനെ നൂറുക്കണക്കിന് നിക്ഷേപകരാണ് ദിവസവും തങ്ങളുടെ നിക്ഷേപ തുക തിരികെ ലഭിക്കാനായി സഹകരണ ബാങ്കിന്റെ പടികൾ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നത്. 300 കോടിയുടെ തട്ടിപ്പ് നടത്തിയവരിൽ നിന്നും പണം തിരികെ പിടിക്കാൻ സഹകരണ വകുപ്പിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. പതിനായിരം മുതൽ അമ്പത് ലക്ഷം വരെ നിക്ഷേപിച്ചവരാണ് ഈ ചതിയിൽ അകപ്പെട്ടിരിക്കുന്നത്. ഇതിൽ ചികിൽസ, വിവാഹം, വിദേശയാത്ര, സ്വന്തമായൊരു കിടപ്പാടം എന്നീ സ്വപ്‌നങ്ങളുമായി കഴിയുന്ന ആയിരങ്ങളുണ്ട്. ഇത് കേവലം ഇരിഞ്ഞാലക്കുടയിലെ ഒരു കരുവണ്ണൂർ സഹകരണ ബാങ്കിന്റെ മാത്രം കഥയല്ല.

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത 164 സഹകരണ സംഘങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് സർക്കാർ. സഹകരണ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. ചെറിയ തുക മുതൽ വൻ തുകയ്ക്ക് വരെ നിക്ഷേപങ്ങൾ സ്വീകരിച്ച സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്.

കരുവന്നൂർ ബാങ്കിൽ 30 ലക്ഷം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ ദുരിത കഥ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുന്നത്. പതിനാല് ജില്ലകളിലായി 164 സംഘങ്ങൾ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. കാലാവധി പൂർത്തിയായ നിക്ഷേപ തുക പോലും തിരിച്ച് കൊടുക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. ഏറ്റവും അധികം സംഘങ്ങളുള്ളത്  തിരുവനന്തപുരത്താണ്. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് അടക്കം 37 സംഘങ്ങൾ തലസ്ഥാന ജില്ലയിൽ മാത്രം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്.

പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനങ്ങൾ കൊല്ലത്ത് പന്ത്രണ്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 15 വീതവും ഉണ്ട്. കോട്ടയത്ത് ഇരുപത്തിരണ്ടും തൃശ്ശൂരിൽ പതിനൊന്നും മലപ്പുറത്ത് 12 സഹകരണ സംഘങ്ങളും നിക്ഷേപം തിരിച്ച് കൊടുക്കാനില്ലാത്ത വിധം പ്രതിസന്ധിയിലാണ്. 2018ലെ നിക്ഷേപ ഗ്യാരണ്ടി സ്‌കീം അനുസരിച്ച്  നിക്ഷേപകർക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവിൽ സുരക്ഷ. ഈ പരിധി അഞ്ച് ലക്ഷം രൂപ വരെ ആക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ധനകാര്യ സ്ഥാപനങ്ങളിലെ ധനവിനിയോഗത്തിലെ ക്രമക്കേട് മുതൽ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തവർ യഥാസമയം തിരിച്ചടക്കാത്തതും ഈ പ്രതിസന്ധിക്ക് കാരമാണ്. സമഗ്ര സഹകരണ നിയമം വരുന്നതോടെ ഈ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് സഹകരണ മന്ത്രിയുടെ പ്രതികരണം.
എന്തായാലും കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഇത്രയേറെ സ്വാധീനം ചെലുത്തിയ സഹകരണ സംഘങ്ങൾ ഇന്ന് വലിയ തട്ടിപ്പിന്റെ കേന്ദ്രമായി മാറിയത് സഹകരണ സ്ഥാപനത്തോടുള്ള പൊതു ജനങ്ങളുടെ വിശ്വാസത്തിന് വലിയ ഉലച്ചിലാണ് സംഭവിച്ചിരിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനത്തിലാണ് കേരളത്തിലെ സഹകരണ സംഘങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ സ്ഥലത്തെ സ്വാധീനവും വളർച്ചയുമെല്ലാം നിയന്ത്രിക്കുന്നത് ഓരോ ദേശത്തെയും സഹകരണ സംഘങ്ങളാണ്. അതിനാൽ തന്നെ ഒരോ സഹകരണ സംഘത്തിന്റെയും തകർച്ച രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ വിശ്വാസത്തിലുള്ള തകർച്ചകൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here